ദില്ലി: നാഷണൽ ഹെറാൾഡ് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) അപ്പീലിനെതിരെ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ദില്ലി ഹൈക്കോടതിയെ സമീപിച്ചു. ഇ.ഡിയുടെ ഹർജി നിയമനടപടികളുടെ ദുരുപയോഗമാണെന്നും അതിനാൽ ഇത് തള്ളിക്കളയണമെന്നുമാണ് ഗാന്ധി കുടുംബത്തിന്റെ പ്രധാന വാദം. ഈ കേസ് ഒക്ടോബർ 12ന് ഹൈക്കോടതി പരിഗണിക്കും.
സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരായ ഇ.ഡി കുറ്റപത്രത്തിൽ കേസെടുക്കാൻ റോസ് അവന്യൂ കോടതി മുമ്പ് വിസമ്മതിച്ചിരുന്നു. ഈ ഉത്തരവ് ചോദ്യം ചെയ്ത് ഇ.ഡി നൽകിയ അപ്പീലിനുള്ള മറുപടിയിലാണ് ഗാന്ധി കുടുംബം തങ്ങളുടെ വാദങ്ങൾ ഉന്നയിച്ചത്. സുബ്രഹ്മണ്യൻ സ്വാമി നൽകിയ സ്വകാര്യ പരാതിയുടെ മാത്രം അടിസ്ഥാനത്തിൽ ഇ.ഡിക്ക് നേരിട്ട് കള്ളപ്പണക്കേസ് എടുക്കാൻ അധികാരമില്ലെന്നാണ് പ്രധാന വാദം.
പി.എം.എൽ.എ നിയമപ്രകാരം പൊലീസിന്റെ അന്തിമ റിപ്പോർട്ടോ അല്ലെങ്കിൽ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന്റെ പരാതിയോ ഉണ്ടായിരിക്കണമെന്നും സുബ്രഹ്മണ്യൻ സ്വാമിയുടെ പരാതിയിൽ ഈ സാഹചര്യങ്ങൾ പാലിച്ചിട്ടില്ലെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു. വിചാരണ കോടതി ഇ.ഡിക്കെതിരെ എടുത്ത നിലപാട് ശരിവെച്ചുകൊണ്ട് അപ്പീൽ തള്ളണമെന്നാണ് സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq








