ടൊറന്റോ: ‘ഡാർക്ക് വെബ്’ വഴി മയക്കുമരുന്ന് കച്ചവടം നടത്തിവന്ന അഞ്ചംഗ സംഘത്തെ കാനഡയിലെ യോർക്ക് റീജിയണൽ പൊലീസ് പിടികൂടി. ‘ഐസി വൈറ്റ് നോർത്ത്’ എന്ന പേരിൽ പ്രവർത്തിച്ചിരുന്ന ഈ സംഘത്തിനെതിരെ എൺപതിലധികം കേസുകളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ നടത്തിയ മിന്നൽ പരിശോധനയിൽ ഏകദേശം 25 കോടി രൂപ (3 ദശലക്ഷം കനേഡിയൻ ഡോളർ) വിലമതിക്കുന്ന മയക്കുമരുന്നും, തോക്കും, ആഡംബര കാറുകളും, ക്രിപ്റ്റോകറൻസിയും പൊലീസ് കണ്ടുകെട്ടി.
2022 മുതൽ പ്രവർത്തിച്ചിരുന്ന ഈ സംഘത്തെക്കുറിച്ച് 2026 ജനുവരിയിലാണ് പൊലീസിന് വിവരം ലഭിക്കുന്നത്. മിസിസാഗയിലെ ഒരു ആഡംബര ഫ്ലാറ്റ് (പെന്റ്ഹൗസ്) കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രധാന പ്രവർത്തനം. ഓൺലൈൻ വഴിയും രഹസ്യ സന്ദേശ ആപ്പുകൾ വഴിയും മയക്കുമരുന്നിന്റെ പരസ്യം നൽകി ഓർഡറുകൾ എടുക്കുകയും, കാനഡയിലെ സാധാരണ തപാൽ-കൊറിയർ സർവീസുകൾ വഴി അത് ഉപഭോക്താക്കൾക്ക് അയച്ചുകൊടുക്കുകയുമായിരുന്നു ഇവരുടെ രീതി. പ്രതിമാസം 80 ലക്ഷത്തോളം രൂപയുടെ കച്ചവടമാണ് ഇവർ ഇതുവഴി നടത്തിയിരുന്നത്.
Also Read: സെപ്റ്റംബർ 23 മുതൽ 29 വരെ! കാനഡയിലെ 10 പ്രധാന ആനുകൂല്യങ്ങൾ ഉടൻ അക്കൗണ്ടുകളിലേക്ക്
കൊക്കെയ്ൻ, ഹെറോയിൻ, ഫെന്റനിൽ തുടങ്ങിയ മാരക മയക്കുമരുന്നുകളാണ് ഇവർ വിറ്റിരുന്നത്. ആളുകളെ ആകർഷിക്കാൻ വ്യാജ പേരുകളിലും ഇവർ പരസ്യം ചെയ്തിരുന്നു. കേസിൽ നിന്ന് 1.6 കോടി രൂപയുടെ (2,00,000 ഡോളർ) ക്രിപ്റ്റോകറൻസിയും പൊലീസ് കണ്ടെടുത്തു. യോർക്ക് റീജിയണൽ പൊലീസിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഡിജിറ്റൽ പണം ഇത്രയും വലിയ അളവിൽ പിടിച്ചെടുക്കുന്നത്. അറസ്റ്റോടെ കാനഡയിലെ തന്നെ ഏറ്റവും വലിയ ഓൺലൈൻ മയക്കുമരുന്ന് ശൃംഖലകളിലൊന്നാണ് തകർന്നതെന്ന് പൊലീസ് അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









