ഒന്റാരിയോ; കാനഡയുമായുള്ള വ്യാപാര തർക്കം തുടരുന്നതിനിടെ, ബെലാറസിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് പൊട്ടാഷ് വളം വാങ്ങാൻ അമേരിക്ക വൻകിട കരാറിന് ഒരുങ്ങുന്നു. തിങ്കളാഴ്ച ഡൊണാൾഡ് ട്രംപാണ് ട്രൂത്ത് സോഷ്യലിലൂടെ ഈ വിവരം പുറത്തുവിട്ടത്. കാനഡയിൽ നിന്ന് വാങ്ങുന്നതിനേക്കാൾ വളരെ കുറഞ്ഞ വിലയിൽ ബെലാറസിൽ നിന്ന് പൊട്ടാഷ് കിട്ടുന്നത് അമേരിക്കയിലെ കർഷകർക്ക് വലിയ ആശ്വാസമാകുമെന്ന് ട്രംപ് പറഞ്ഞു.
ലോകത്ത് ഏറ്റവും കൂടുതൽ പൊട്ടാഷ് കയറ്റുമതി ചെയ്യുന്ന കാനഡയ്ക്ക് ഈ നീക്കം വലിയ തിരിച്ചടിയാകും. അമേരിക്ക തങ്ങൾക്ക് ആവശ്യമായ പൊട്ടാഷിന്റെ 85 ശതമാനവും കാനഡയിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. എന്നാൽ കാനഡയിൽ നിന്നുള്ള സാധനങ്ങൾക്ക് അമേരിക്ക നികുതി കൂട്ടിയതോടെയാണ് ഇരുരാജ്യങ്ങളും തമ്മിൽ തർക്കത്തിലായത്. ഇതിന് തിരിച്ചടിയായി അമേരിക്കയ്ക്കുള്ള പൊട്ടാഷ് വിതരണം തടയണമെന്ന് കാനഡയിലെ ചില പ്രാദേശിക നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ വിതരണം നിർത്തിയാൽ അമേരിക്ക മറ്റ് രാജ്യങ്ങളിൽ നിന്ന് പൊട്ടാഷ് വാങ്ങുമെന്നും, അത് കാനഡയിലെ കർഷകരെയും സമ്പദ്വ്യവസ്ഥയെയും ദോഷകരമായി ബാധിക്കുമെന്നുമുള്ള കനേഡിയൻ നേതാക്കളുടെ ആശങ്ക ശരിവെക്കുന്നതാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനം.
റഷ്യൻ അധിനിവേശത്തിന് പിന്തുണ നൽകിയതിനെ തുടർന്ന് ബെലാറസിൽ നിന്നുള്ള പൊട്ടാഷ് ഇറക്കുമതിക്ക് യു.എസും യൂറോപ്യൻ യൂണിയനും ഉപരോധം ഏർപ്പെടുത്തിയിരുന്നു. എന്നാൽ തടവുകാരെ മോചിപ്പിച്ചതിനെ തുടർന്ന് 2025 ഡിസംബറിൽ അമേരിക്ക ഈ ഉപരോധത്തിൽ ഇളവ് നൽകി. നിലവിൽ റഷ്യയ്ക്കും കാനഡയ്ക്കും പിന്നിൽ പൊട്ടാഷ് ഉൽപ്പാദനത്തിൽ മൂന്നാം സ്ഥാനത്താണ് ബെലാറസ്. അതേസമയം, പാശ്ചാത്യ രാജ്യങ്ങൾക്ക് നൽകാൻ തങ്ങളുടെ പക്കൽ ഇനി പൊട്ടാഷ് ബാക്കിയില്ലെന്നാണ് ബെലാറസ് പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെങ്കോ വ്യക്തമാക്കുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









