തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ മഴക്കെടുതിയിൽ ആറ് പേർ മരിച്ചു. സ്ഥിതിഗതികൾ മണിക്കൂർ അടിസ്ഥാനത്തിൽ വിലയിരുത്താനും അടിയന്തര ഒഴിപ്പിക്കൽ നടപടികൾ വേഗത്തിലാക്കാനും മുഖ്യമന്ത്രി വി.ഡി. സതീശൻ നിർദേശം നൽകി. ഇടുക്കി, കോട്ടയം, മലപ്പുറം ജില്ലകളിലാണ് പ്രധാനമായും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തത്. ദുരന്തനിവാരണ അതോറിറ്റി കമ്മീഷണർ വിഗ്നേശ്വരി ഐ.എ.എസ് ഇടുക്കി, കോട്ടയം ജില്ലാ കളക്ടർമാരുടെ യോഗം വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ഇരു ജില്ലകളിലും കാലാവസ്ഥാ മുന്നറിയിപ്പുകൾ ഉൾപ്പെടെ എസ്.എം.എസ് അലർട്ടുകൾ നൽകിയിട്ടുണ്ട്.
ഇടുക്കി കൊട്ടക്കമ്പൂരിൽ കൃഷിയിടത്തിലെ ഷെഡിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് സഹോദരങ്ങൾ മരിച്ചു. കോട്ടയം തീക്കോയിയിൽ ബൈക്കിന് മുകളിലേക്ക് മണ്ണിടിഞ്ഞ് ചെന്നൈ സ്വദേശിയും പൂഞ്ഞാർ തെക്കേക്കരയിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് ഗൃഹനാഥനും മരിച്ചു. മലപ്പുറത്ത് മലവെള്ളപ്പാച്ചിലിൽ രണ്ടുപേർക്കാണ് ജീവൻ നഷ്ടമായത്. നാല് പേരെ കാണാതായതായും ഇവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു. നിലമ്പൂർ അമരമ്പലം ടി.കെ. കോളനിയിൽ അഞ്ചുപേർ ഒഴുക്കിൽപ്പെട്ടതായി വിവരമുണ്ട്. ഇവിടേക്ക് ദുരന്തനിവാരണ സേനയുടെ പ്രത്യേക സംഘത്തെ വിന്യസിക്കാൻ മുഖ്യമന്ത്രി അടിയന്തര നിർദേശം നൽകി.
സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ ഇടുക്കിയിലും കോട്ടയത്തും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, വയനാട്, കണ്ണൂർ ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കാവുന്ന സാഹചര്യത്തെയാണ് അതിശക്തമായ മഴയായി കേന്ദ്ര കാലാവസ്ഥ വകുപ്പ് കണക്കാക്കുന്നത്.
മഴയുടെ സാഹചര്യത്തിൽ അപകടസാധ്യതയുള്ള മേഖലകളിൽ നിന്ന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് ജില്ലാ ഭരണകൂടങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ, വെള്ളക്കെട്ട് എന്നിവയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളിൽ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. അടുത്ത ദിവസങ്ങളിലും മഴ തുടരാൻ സാധ്യതയുള്ളതിനാൽ ജില്ലകളിലെ സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിക്കാനാണ് തീരുമാനം.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq








