ലാബ്രഡോർ: പുതിയ ചർച്ചിൽ ഫാൾസ് കരാർ രാജ്യത്തെ വലിയ ശുദ്ധ ഊർജ നേട്ടമായി വിലയിരുത്തപ്പെടുമ്പോഴും, ലാബ്രഡോറിലെ ഡീസൽ ആശ്രിത സമൂഹങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമോ എന്നതിൽ ആശങ്ക. ഗൾ ഐലൻഡിലും ചർച്ചിൽ ഫാൾസിലും നിന്നുള്ള വൈദ്യുതി വിദൂര ലാബ്രഡോർ സമൂഹങ്ങളിലെത്താനുള്ള സാധ്യത “വളരെ കുറവാണ്” എന്ന് പ്രിൻസ് എഡ്വേർഡ് ഐലൻഡ് സർവകലാശാലയിലെ പരിസ്ഥിതി പഠന അസിസ്റ്റന്റ് പ്രൊഫസർ നിക്ക് മെർസർ പറഞ്ഞു. ലാബ്രഡോറിൽ 16 ഡീസൽ പ്ലാന്റുകളാണ് ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോർ ഹൈഡ്രോ പ്രവർത്തിപ്പിക്കുന്നത്. പുതിയ ധാരണാപത്രത്തിലെ 2,000 മെഗാവാട്ട് കാറ്റാടി പദ്ധതി നടപ്പായാലും വൈദ്യുതി എത്തിക്കാൻ ചെലവേറിയ അടിസ്ഥാനസൗകര്യം ആവശ്യമായി വരുമെന്നും മെർസർ പറഞ്ഞു.
നുനാറ്റ്സിയാവുട്ട് മേഖലയിലെ സമൂഹങ്ങൾ ഇപ്പോഴും ഡീസലിനെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. ഹോപ്പ്‌ഡെയിൽ അംഗജുകാക് ജിം ടുട്ടാക്ക്, കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭിക്കുന്നതിനായി ട്രാൻസ്മിഷൻ ലൈനുകൾ വേണമെന്ന് പറഞ്ഞു. തെക്കൻ ലാബ്രഡോറിലെ ചാൾട്ട്ടൗണിൽ 2019ലെ തീപിടിത്തത്തിൽ ഡീസൽ സംവിധാനം തകർന്നതിനെ തുടർന്ന് മൊബൈൽ ജനറേറ്ററുകളാണ് ഉപയോഗിക്കുന്നത്. ബാക്കപ്പ് സംവിധാനത്തിന് രണ്ടുതവണ തീപിടിച്ചിട്ടുണ്ടെന്ന് ഫയർ ചീഫ് ബോയ്‌സ് ടേൺബുൾ പറഞ്ഞു. “വൈദ്യുതി പുറത്തേക്ക് അയയ്ക്കുന്നതിന് മുമ്പ് ലാബ്രഡോറിന്റെ ആവശ്യങ്ങൾ പരിഹരിക്കണം,” അദ്ദേഹം പറഞ്ഞു.
ഡീസൽ ആശ്രിത സമൂഹങ്ങൾക്ക് പുതിയ കരാറിലൂടെ ലഭിക്കുന്ന നേട്ടങ്ങളെക്കുറിച്ച് എൻ.എൽ ഹൈഡ്രോ വ്യക്തമായ മറുപടി നൽകിയില്ല. എല്ലാ ഉപഭോക്താക്കൾക്കും കുറഞ്ഞ ചെലവിലും പരിസ്ഥിതി ഉത്തരവാദിത്തത്തോടെയും വിശ്വസനീയമായ വൈദ്യുതി നൽകാൻ നിയമപരമായ ബാധ്യതയുണ്ടെന്ന് സ്ഥാപനം അറിയിച്ചു. 2025ൽ വിദൂര ഡീസൽ സമൂഹങ്ങളിൽ ഉപയോഗിച്ച വൈദ്യുതിയുടെ 30 ശതമാനം 11 പുനരുപയോഗ ഊർജ സ്രോതസുകളിൽനിന്നാണ് വാങ്ങിയത്. ചാൾട്ട്ടൗണിനായി നിർദേശിച്ച 110.9 മില്യൺ ഡോളറിന്റെ ഡീസൽ സംവിധാനം 2025 മാർച്ചിൽ പബ്ലിക് യൂട്ടിലിറ്റീസ് ബോർഡ് തള്ളിയിരുന്നു. അപ്പീലും ഒക്ടോബറിൽ തള്ളി. ലാബ്രഡോറിന് മുന്നിലുള്ള സാമ്പത്തിക-വികസന അവസരങ്ങളിൽ പ്രദേശവാസികൾക്ക് പ്രയോജനം ഉറപ്പാക്കാൻ “ടീം ലാബ്രഡോർ” പ്രവർത്തിക്കുന്നുണ്ടെന്നും എൻ.എൽ ഹൈഡ്രോ അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq








