ഓട്ടവ: കാനഡയിലെ ചില പ്രവിശ്യകളിൽ വ്യാഴാഴ്ച പുലർച്ചെയോടെ തടസ്സപ്പെട്ട 911 അടിയന്തര ഫോൺ സേവനങ്ങൾ പൂർണ്ണമായി പുനഃസ്ഥാപിച്ചു. ടെലികോം കമ്പനിയായ ബെലിന്റെ നെറ്റ്‌വർക്കിലുണ്ടായ സാങ്കേതിക തകരാറാണ് സേവനങ്ങൾ നിലയ്ക്കാൻ കാരണമായത്. ഒന്റാറിയോ, ക്യുബെക്ക്, നോവ സ്കോഷ്യ, മാനിറ്റോബ എന്നീ പ്രവിശ്യകളിലെ പോലീസ്, ഫയർ, മെഡിക്കൽ അടിയന്തര സർവീസുകളെയാണ് ഇത് ബാധിച്ചത്. വ്യാഴാഴ്ച പുലർച്ചെ 3:13 ഓടെയാണ് പ്രശ്നം ശ്രദ്ധയിൽപ്പെട്ടതെന്നും, ഉടൻ തന്നെ ബാക്കപ്പ് സംവിധാനങ്ങൾ ഉപയോഗിച്ച് കോളുകൾ സുരക്ഷിതമായി റൂട്ട് ചെയ്തതായും കമ്പനി വ്യക്തമാക്കി.
പ്രശ്നം ഉയർന്ന ഉടൻ തന്നെ ജനങ്ങൾക്ക് നിർദ്ദേശങ്ങളുമായി പ്രാദേശിക പോലീസ് രംഗത്തെത്തിയിരുന്നു. ടൊറന്റോ, മോൺട്രിയൽ, വിന്നിപെഗ് തുടങ്ങി പ്രധാന നഗരങ്ങളിലെല്ലാം രാവിലെ 6:20 ഓടെ സേവനങ്ങൾ സാധാരണ നിലയിലായി. തടസ്സം നേരിട്ട സമയത്ത് അടിയന്തരമല്ലാത്ത മറ്റ് ഫോൺ നമ്പറുകളിലൂടെയും വൈ-ഫൈ കോളിംഗ് വഴിയും പോലീസിനെ ബന്ധപ്പെടാൻ ജനങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു. ചില പ്രദേശങ്ങളിൽ നിന്നുള്ള ഫോൺ കോളുകൾ അടുത്തുള്ള മറ്റ് പോലീസ് സ്റ്റേഷനുകളിലേക്ക് മാറ്റിവിട്ടാണ് ഉദ്യോഗസ്ഥർ വിവരങ്ങൾ ശേഖരിച്ചത്.
തടസ്സത്തിന്റെ മൂലകാരണം കണ്ടെത്തുന്നതിനായി കമ്പനി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അടിയന്തര സേവനങ്ങൾ തടസ്സപ്പെട്ടത് ഗുരുതരമായി കണ്ട് ക്യുബെക്ക് ആഭ്യന്തര സുരക്ഷാ മന്ത്രാലയവും ഗവൺമെന്റ് ഓപ്പറേഷൻസ് സെന്ററും അന്വേഷണം പ്രഖ്യാപിച്ചു. അപൂർവ്വമായി ഇത്തരം തകരാറുകൾ സംഭവിക്കാറുണ്ടെന്നും, സാഹചര്യം നേരിടാൻ ആവശ്യമായ മുൻകരുതലുകൾ എടുത്തിരുന്നതായും ക്യുബെക്ക് ആഭ്യന്തര സുരക്ഷാ മന്ത്രി ഇയാൻ ലാഫ്രെനിയർ അറിയിച്ചു. നിലവിൽ രാജ്യത്തെല്ലായിടത്തും അടിയന്തര ഫോൺ ലൈനുകൾ പൂർണ്ണമായി പ്രവർത്തിക്കുന്നുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









