സെന്റ് ജോൺസ്: ദിവസങ്ങളായി നടന്ന ചർച്ചകൾക്കും വിദഗ്ധരുടെ മൊഴികൾക്കും ഒടുവിൽ ചർച്ചിൽ ഫാൾസ് വൈദ്യുതി കരാറിന്റെ ഭാവിയിൽ ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോർ നിയമസഭ ഇന്ന് തീരുമാനമെടുക്കും. ഹൈഡ്രോ-ക്യുബെക്കുമായുള്ള പുതിയ കരാർ വഴി അഞ്ച് പതിറ്റാണ്ടിനിടെ പ്രവിശ്യയ്ക്ക് ബില്യൺ കണക്കിന് ഡോളർ ലഭിക്കുമെന്നാണ് വിലയിരുത്തൽ. ഏറെ വിമർശിക്കപ്പെട്ട 1969ലെ കരാറിന് പകരമായാണ് പുതിയ കരാർ പരിഗണിക്കുന്നത്. പ്രത്യേക സമ്മേളനത്തിന്റെ നാലാമത്തെയും അവസാനത്തെയും ദിവസമാണ് ഇന്ന്. ഓരോ നിയമസഭാംഗത്തിനും അന്തിമ നിലപാട് വിശദീകരിക്കാൻ 10 മിനിറ്റ് വീതം ലഭിക്കും. തുടർന്ന് 30 മിനിറ്റ് ചോദ്യോത്തര വേളയും നടക്കും. രാത്രി 9 മണിക്ക് മുമ്പായി ഡെഫിനിറ്റീവ് കോ-ഓപ്പറേഷൻ ആൻഡ് ഇംപ്ലിമെന്റേഷൻ എഗ്രിമെന്റ് (DCIA) മുന്നോട്ടുകൊണ്ടുപോകണമോയെന്ന കാര്യത്തിൽ വോട്ടെടുപ്പ് നടക്കും.
കരാറിൽ ജനവിധി തേടുമെന്ന് പ്രീമിയർ ടോണി വേക്ക്ഹാം നേരത്തെ നിരവധി തവണ പ്രഖ്യാപിച്ചിരുന്നെങ്കിലും അതിന് പകരമായാണ് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചത്. റഫറണ്ടം വേണ്ടെന്ന തീരുമാനത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് ചർച്ചാ സംഘം വ്യക്തമാക്കി. എന്നാൽ, റഫറണ്ടം നടത്തേണ്ടെന്ന തീരുമാനം അറിയിച്ചപ്പോൾ വേക്ക്ഹാം അതീവ വൈകാരികനായിരുന്നുവെന്ന് മുഖ്യ ചർച്ചാ പ്രതിനിധി ബാരി പെറി ബുധനാഴ്ച പറഞ്ഞു. സാഹചര്യങ്ങൾ മാറിയെന്നും കാനഡയുടെ പരമാധികാരത്തിന് ഉയർന്ന ഭീഷണികൾ ഉൾപ്പെടെയുള്ള വിഷയങ്ങളാണ് തീരുമാനത്തിന് പിന്നിലെന്നും വേക്ക്ഹാം വ്യക്തമാക്കി. ചർച്ചിൽ ഫാൾസ് കരാറിന് ലഭിച്ച ഫെഡറൽ സർക്കാരിന്റെ പിന്തുണയും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, കരാറിനെ അനുകൂലിക്കണോ എതിർക്കണോയെന്ന കാര്യത്തിൽ ഭരണകക്ഷിയായ പ്രോഗ്രസീവ് കൺസർവേറ്റീവ് പാർട്ടി (PC) കാക്കസ് തലത്തിൽ തീരുമാനമെടുക്കുമെന്ന് വേക്ക്ഹാം അറിയിച്ചു. ലിബറൽ നേതാവ് ജോൺ ഹോഗൻ പാർട്ടിയുടെ നിലപാട് വ്യക്തമാക്കിയിട്ടില്ല. കരാറിന്റെ സ്വതന്ത്ര അവലോകനവും ഇന്ന്യൂട്ട് നേഷൻ്റെ പിന്തുണയോ അവരുമായി തുറന്ന ചർച്ചയോ വേണമെന്നാണ് എൻഡിപി നേതാവ് ജിം ഡിന്നിന്റെ നിലപാട്. ഇതുവരെ വ്യക്തമായി ‘നോ’ നിലപാട് പ്രഖ്യാപിച്ച ഏക അംഗം ലേക്ക് മെൽവിൽ എംഎച്ച്എ കീത്ത് റസ്സലാണ്. തിങ്കളാഴ്ച പിസി പാർട്ടി വിട്ട് സ്വതന്ത്ര അംഗമായാണ് അദ്ദേഹം തുടരുന്നത്. വോട്ടെടുപ്പിൽ സമനിലയുണ്ടായാൽ സ്വതന്ത്ര ഹൗസ് സ്പീക്കർ പോൾ ലെയിൻ നിർണായക വോട്ട് രേഖപ്പെടുത്തും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq








