സെന്റ് ജോൺ : ന്യൂഫൗണ്ട്ലാൻഡ് ആൻഡ് ലാബ്രഡോറിലെ ഹൗസ് ഓഫ് അസംബ്ലിയിൽ പുതിയ ചർച്ചിൽ റിവർ കരാറിനെക്കുറിച്ചുള്ള പ്രത്യേക നാലുദിവസത്തെ സമ്മേളനത്തിന്റെ മൂന്നാം ദിവസവും നടന്നു. രാവിലെ 10ന് ആരംഭിച്ച നടപടികളിൽ ചർച്ചിൽ റിവർ നെഗോഷിയേഷൻസ് ഓവർസൈറ്റ് കമ്മിറ്റി ചെയർമാൻ ഡാൻ ലെവെർട്ട് അംഗങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി. ഉച്ചയ്ക്ക് ന്യൂഫൗണ്ട്ലാൻഡ് ആൻഡ് ലാബ്രഡോർ ഹൈഡ്രോ പ്രതിനിധികളും തുടർന്ന് ചർച്ചാ സംഘത്തിലെ അംഗങ്ങളും നിയമസഭാംഗങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി. രാത്രി 8.30ന് 30 മിനിറ്റ് ചോദ്യോത്തര വേളയും നടന്നു.
ചൊവ്വാഴ്ചത്തെ രണ്ടാം ദിവസത്തെ ചർച്ചയിൽ ഫെഡറൽ സർക്കാരിന്റെ പിന്തുണയും പ്രധാന വിഷയമായി. നാച്വറൽ റിസോഴ്സസ് കാനഡ ഡയറക്ടർ ജനറൽ ഷാരോൺ കാറ്റ്സ്, പുതിയ ചർച്ചിൽ ഫാൾസ് കരാറിൽ പരാമർശിച്ച 2,000 മെഗാവാട്ട് കാറ്റാടി വൈദ്യുതി പദ്ധതിയോട് താൽപര്യം പ്രകടിപ്പിച്ചു. പദ്ധതി നടപ്പായാൽ വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ കാറ്റാടി വൈദ്യുതി പദ്ധതിയാകുമെന്ന് അവർ പറഞ്ഞു. ന്യൂഫൗണ്ട്ലാൻഡ് ആൻഡ് ലാബ്രഡോറും ക്യൂബെക്കും തമ്മിലുള്ള കരാറിനെ ‘തലമുറകളെ സ്വാധീനിക്കുന്ന നിക്ഷേപം’ എന്നാണ് കാറ്റ്സ് വിശേഷിപ്പിച്ചത്. നിർദിഷ്ട ഗൾ ഐലൻഡ് ജലവൈദ്യുത പദ്ധതിക്കുള്ള ഫെഡറൽ നികുതി ഇളവുകളും വായ്പാ ഗ്യാരന്റിയും ചർച്ചയായി. അതേസമയം, കരാറിലെ വൈദ്യുതി വാങ്ങൽ ഉടമ്പടികളുടെ വഴക്കത്തെ പവർ അഡ്വൈസറി എൽഎൽസി മാനേജിങ് ഡയറക്ടർ ജേസൺ ചീ-അലോയ് പ്രശംസിച്ചു.
കരാറിന്റെ 50 വർഷത്തെ കാലാവധിയും ചർച്ചയിൽ ശ്രദ്ധ നേടി. ഊർജമേഖലയിലെ ഇത്രയും വലിയ കരാറുകൾക്ക് 50 വർഷത്തെ കാലാവധി സാധാരണമാണെന്ന് മുഖ്യ ചർച്ചാ പ്രതിനിധി ബാരി പെറി പറഞ്ഞു. ക്യൂബെക്കുമായുള്ള ചരിത്രപരമായ ബന്ധം ഇല്ലായിരുന്നെങ്കിൽ കരാർ 65 വർഷത്തേക്കായിരിക്കുമായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. വ്യാഴാഴ്ച വരെ പ്രത്യേക സമ്മേളനം തുടരും. തുടർന്ന് പുതിയ ചർച്ചിൽ റിവർ കരാറുമായി ബന്ധപ്പെട്ട അന്തിമ പ്രമേയത്തിൽ നിയമസഭ വോട്ടെടുപ്പ് നടത്തും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq








