ദില്ലി: ഇന്ത്യൻ രാഷ്ട്രീയത്തിലെ ശ്രദ്ധേയനായ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് 76-ാം ജന്മദിനം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിപുലമായ പരിപാടികളോടെയാണ് ബിജെപി ജന്മദിനം ആഘോഷിക്കുന്നത്. വൈകിട്ട് 6 മണി മുതൽ വീടുകളിലും വിവിധ കേന്ദ്രങ്ങളിലും ദീപം തെളിയിക്കാൻ പ്രവർത്തകരോട് പാർട്ടി ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതിന് പുറമെ രക്തദാന ക്യാംപുകളും സംഘടിപ്പിക്കും. മോദിയുടെ ജന്മനാടായ ഗുജറാത്തിലെ വട്നഗറിൽ നിന്ന് വാരാണസിയിലേക്കും ബൈക്ക് റാലി നടക്കും.
1950 സെപ്റ്റംബർ 17ന് ഗുജറാത്തിലെ മെഹ്സാന ജില്ലയിലെ വട്നഗറിലാണ് നരേന്ദ്ര ദാമോദർദാസ് മോദിയുടെ ജനനം. 17-ാം വയസിൽ ആർഎസ്എസിലൂടെ പൊതുപ്രവർത്തനം ആരംഭിച്ച മോദി 1987ൽ 37-ാം വയസിൽ ഗുജറാത്ത് ബിജെപി ജനറൽ സെക്രട്ടറിയായി. 2001ൽ ഗുജറാത്ത് മുഖ്യമന്ത്രിയായ അദ്ദേഹം 2014ൽ ഇന്ത്യയുടെ പ്രധാനമന്ത്രിയായി. അയോധ്യ രാമക്ഷേത്രം, ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കൽ, വഖഫ് നിയമ ഭേദഗതി തുടങ്ങിയ സംഘപരിവാർ ലക്ഷ്യങ്ങൾ മോദി ഭരണകാലത്ത് നടപ്പാക്കിയതായി ബിജെപി ചൂണ്ടിക്കാട്ടുന്നു. ഏകീകൃത സിവിൽകോഡ് സംസ്ഥാനങ്ങളിൽ നടപ്പാക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ മോദിയുടെ രാഷ്ട്രീയ യുഗം അവസാനിക്കുമെന്ന പ്രവചനങ്ങൾ ഉയർന്നിരുന്നെങ്കിലും തുടർച്ചയായ നിയമസഭാ തെരഞ്ഞെടുപ്പ് വിജയങ്ങളിലൂടെ ബിജെപി വീണ്ടും കരുത്തുകാട്ടി. ഈ വർഷം പശ്ചിമ ബംഗാളിലും മോദിയുടെ നേതൃത്വത്തിൽ ബിജെപി മികച്ച വിജയം നേടിയതായി പാർട്ടി വിലയിരുത്തുന്നു. എന്നാൽ യുവാക്കളുടെ പ്രതിഷേധം ദേശീയ രാഷ്ട്രീയത്തിൽ പുതിയ വെല്ലുവിളി ഉയർത്തിയിരിക്കുകയാണ്. അടുത്ത വർഷം ഉത്തർപ്രദേശ്, ഗുജറാത്ത് ഉൾപ്പെടെ ഏഴ് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ യുവാക്കളുടെ രോഷം മറികടക്കുക മോദിക്ക് നിർണായക വെല്ലുവിളിയാകും.
മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായും തുടർച്ചയായി 25 വർഷം പൂർത്തിയാക്കുന്നതും ജന്മദിനാഘോഷങ്ങളോടൊപ്പം ബിജെപി ഒരു മാസം നീളുന്ന പരിപാടികളിലൂടെ ആഘോഷിക്കുകയാണ്. എൻഡിഎ നേതാക്കൾ ഇന്ന് വാരാണസിയിലെ പരിപാടിയിൽ മോദിക്കൊപ്പം പങ്കെടുക്കും. രാഷ്ട്രീയ സാഹചര്യങ്ങൾക്കനുസരിച്ച് വിട്ടുവീഴ്ചയും ശക്തമായ നിലപാടുകളും സ്വീകരിക്കുന്നതാണ് മോദിയുടെ രാഷ്ട്രീയ ശൈലിയെന്നാണ് വിലയിരുത്തൽ. എന്നാൽ യുവതലമുറ ഉയർത്തുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകി രാഷ്ട്രീയ കളം തിരിച്ചുപിടിക്കാനാകുമോ എന്നതാണ് പ്രധാന ചോദ്യം. 2029ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മോദിക്ക് പകരം ആരെന്ന ചർച്ച ബിജെപിയിൽ ഇതുവരെ ശക്തമായി ഉയർന്നിട്ടില്ല.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq








