ആൽബർട്ട: യു.എസിൽ നിന്ന് കാനഡയിലേക്ക് ട്രക്കുകളിൽ കടത്താൻ ശ്രമിച്ച 475 പൗണ്ട് (ഏകദേശം 215.5 കിലോഗ്രാം) കൊക്കെയ്ൻ കാനഡ ബോർഡർ സർവീസസ് ഏജൻസി (സി.ബി.എസ്.എ) പിടിച്ചെടുത്തു. തെക്കൻ ആൽബർട്ടയിലെ കൂട്സ് ബോർഡർ ക്രോസിംഗിൽ ഈ വേനൽക്കാലത്ത് രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി നടത്തിയ പരിശോധനയിലാണ് 187 ബ്രിക്ക് ലഹരിമരുന്ന് കണ്ടെടുത്തത്.
ജൂലൈ 26, ജൂലൈ 31 തീയതികളിലായിട്ടാണ് രണ്ട് ട്രക്കുകളിൽ നിന്നായി ഇത്രയും വൻതോതിൽ ലഹരിമരുന്ന് പിടികൂടിയത്. ജൂലൈ 26-ന് വിശദമായ രണ്ടാംഘട്ട പരിശോധനയ്ക്ക് അയച്ച ആദ്യ ട്രക്കിലെ നാല് പെട്ടികൾക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ 80 ബ്രിക്കുകളിലായി 200 പൗണ്ട് (90.94 കിലോഗ്രാം) കൊക്കെയ്ൻ കണ്ടെടുത്തു. ഈ സംഭവത്തിൽ വാഹനത്തിന്റെ ഡ്രൈവറെയും ഒപ്പമുണ്ടായിരുന്ന യാത്രക്കാരനെയും കസ്റ്റഡിയിലെടുത്തു. തുടർന്ന് ജൂലൈ 31-ന് രണ്ടാമത്തെ ട്രക്കിൽ നടത്തിയ പരിശോധനയിൽ 107 ബ്രിക്കുകളിലായി 275 പൗണ്ട് (124.6 കിലോഗ്രാം) കൊക്കെയ്ൻ കണ്ടെത്തുകയും ഡ്രൈവറെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ALSO READ ; സോഷ്യൽ മീഡിയയിൽ ബോയ്കോട്ട് ട്രെൻഡ്; കാനഡ സെൻസസിൽ ചരിത്ര വിജയം!
നിയമവിരുദ്ധ ലഹരിമരുന്നുകൾ രാജ്യത്തേക്ക് കടക്കുന്നത് തടയുന്നതിൽ ഉദ്യോഗസ്ഥരുടെ ജാഗ്രതയും സമർപ്പണവുമാണ് ഈ വൻ വേട്ടയ്ക്ക് പിന്നിലെന്ന് സി.ബി.എസ്.എ പ്രേരി റീജിയൻ റീജിയണൽ ഡയറക്ടർ ജനറൽ ജനാലി ബെൽ-ബോയ്ചുക്ക് വ്യക്തമാക്കി. കഴിഞ്ഞ വർഷം മാത്രം ആൽബർട്ടയിലെ സി.ബി.എസ്.എ ഉദ്യോഗസ്ഥർ 1,292 കേസുകളിലായി 2,324 പൗണ്ട് (1,054 കിലോഗ്രാം) കൊക്കെയ്ൻ ഉൾപ്പെടെയുള്ള ലഹരിമരുന്നുകൾ പിടിച്ചെടുത്തിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









