ഹാലിഫാക്സ്: നോവ സ്കോഷ്യ പ്രവിശ്യയിൽ ആർ.എസ്.വി (Respiratory Syncytial Virus) വാക്സിൻ വിതരണ പദ്ധതിക്കെതിരെ കടുത്ത പ്രതിഷേധം ഉയരുന്നു. ശ്വാസകോശ അർബുദം, ആസ്ത്മ, സി.ഒ.പി.ഡി തുടങ്ങിയ ഗുരുതര രോഗങ്ങളുള്ള പ്രായമായ പലരെയും സൗജന്യ വാക്സിൻ പദ്ധതിയിൽ നിന്ന് ഒഴിവാക്കിയതാണ് പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്.
നിലവിൽ എട്ട് മാസത്തിൽ താഴെയുള്ള കുഞ്ഞുങ്ങൾ, 75 വയസ്സിന് മുകളിലുള്ളവർ, ലോങ്-ടേം കെയറുകളിൽ കഴിയുന്ന 60 വയസ്സിന് മുകളിലുള്ളവർ എന്നിവർക്ക് മാത്രമാണ് പ്രവിശ്യയിൽ സൗജന്യ വാക്സിൻ നൽകുന്നത്. പദ്ധതിക്ക് പുറത്തുള്ളവർ ഒരു ഡോസ് വാക്സിനായി ഇൻജക്ഷൻ ഫീസ് ഉൾപ്പെടെ $320-ൽ അധികം സ്വന്തം പോക്കറ്റിൽ നിന്ന് ചെലവഴിക്കേണ്ടി വരുന്നു. ഭൂരിഭാഗം സ്വകാര്യ ഹെൽത്ത് ഇൻഷുറൻസ് കമ്പനികളും ഈ വാക്സിൻ തുക കവർ ചെയ്യുന്നില്ല എന്നത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രോഗികളെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നു.
Also Read : അമേരിക്കയെ പൂട്ടാൻ കാനഡ: വെല്ലാൻഡ് കനാൽ അടയ്ക്കാനും ഊർജ നികുതി കൂട്ടാനും ആവശ്യം
കഴിഞ്ഞ ഒരു വർഷത്തിനിടെ നോവാ സ്കോഷ്യയിൽ ആർ.എസ്.വി ബാധിച്ച് 17 പേർ മരണപ്പെടുകയും നാന്നൂറോളം പേർ ആശുപത്രിയിലാവുകയും ചെയ്തിട്ടുണ്ട്. മരിച്ചവരെല്ലാം 65 വയസ്സിന് മുകളിലുള്ളവരാണ്. ഒരാളെ ദിവസങ്ങളോളം ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സിക്കാൻ പ്രവിശ്യക്ക് വലിയ തുക ചെലവാകുമെന്നിരിക്കെ, എല്ലാവർക്കും സൗജന്യ വാക്സിൻ നൽകുന്നത് ആശുപത്രി ചെലവുകൾ കുറയ്ക്കാൻ സഹായിക്കുമെന്നാണ് രോഗികളുടെ വാദം.
രോഗസാധ്യതയും കാഠിന്യവും അടിസ്ഥാനമാക്കിയാണ് പദ്ധതി രൂപീകരിച്ചതെന്നാണ് പ്രവിശ്യാ ആരോഗ്യ വകുപ്പിന്റെ വിശദീകരണം. എന്നാൽ, ഉയർന്ന അപകടസാധ്യതയുള്ള 65 മുതൽ 74 വയസ്സ് വരെയുള്ളവർക്കും വാക്സിൻ നൽകണമെന്ന നാഷണൽ അഡ്വൈസറി കമ്മിറ്റി ഓൺ ഇമ്മ്യൂണൈസേഷന്റെ (NACI) പുതിയ നിർദ്ദേശം പരിശോധിച്ച് വരികയാണെന്നും അധികൃതർ അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq








