സൗദി: സൗദി അറേബ്യയിലെ ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെ വീണ്ടും ഹൂതി ആക്രമണമുണ്ടായതിനും ഹോര്‍മൂസ് കടലിടുക്കില്‍ കപ്പലുകള്‍ക്ക് നേരെ ആക്രമണം റിപ്പോര്‍ട്ട് ചെയ്തതിനും പിന്നാലെ ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയര്‍ന്നു. പ്രധാനപ്പെട്ട സൗദി എണ്ണ പൈപ്പ്ലൈന് അടച്ചുപൂട്ടിയതുണ്ടാക്കിയ ആശങ്കകള്‍ക്ക് പുറമെയാണ് പുതിയ സംഭവവികാസങ്ങള്‍ ഉണ്ടായിരിക്കുന്നത്. തിങ്കളാഴ്ച വ്യാപാരത്തിന്റെ തുടക്കത്തില്‍ ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്സ് വില ബാരലിന് 3.21 ഡോളര്‍ അഥവാ 3.1 ശതമാനം വര്‍ധിച്ച് 107.82 ഡോളറിലെത്തി. ഡബ്ല്യു.ടി.ഐ ഫ്യൂച്ചേഴ്സ് വില 3.17 ഡോളര്‍ അഥവാ 3.2 ശതമാനം കൂടി 103.22 ഡോളറിലുമാണ് വ്യാപാരം നടക്കുന്നത്.
ഡ്രോൺ ആക്രമണത്തെത്തുടർന്ന് സൗദി അറേബ്യയുടെ ഈസ്റ്റ്-വെസ്റ്റ് എണ്ണ പൈപ്പ്ലൈൻ താൽക്കാലികമായി അടച്ചുപൂട്ടിയതായി സൗദി ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. ഹോര്‍മൂസ് കടലിടുക്ക് ഒഴിവാക്കി എണ്ണ കയറ്റുമതി പുനഃക്രമീകരിക്കാന്‍ സൗദിയെ സഹായിക്കുന്ന ഈ പൈപ്പ്ലൈൻ നിലവിൽ അടച്ചുപൂട്ടിയത് ആഗോള എണ്ണ വിതരണത്തിന്റെ നാല് ശതമാനം വരെയാണ് ഭീഷണിയിലാക്കിയിരിക്കുന്നത്. പൈപ്പ്ലൈൻ പ്രവർത്തനം നിലച്ച സാഹചര്യത്തില്‍ യാൻബു തുറമുഖത്ത് നിലവിലുള്ള ശേഖരം അഞ്ച് മുതൽ ഏഴ് ദിവസത്തേക്ക് മാത്രമുള്ള കയറ്റുമതിക്ക് മാത്രമേ തികയൂ എന്ന് സൗദി കയറ്റുമതി രംഗവുമായി ബന്ധപ്പെട്ട മൂന്ന് വ്യവസായ വൃത്തങ്ങൾ അറിയിച്ചു.
രാജ്യത്തിന്റെ തെക്കൻ ജാസൻ പ്രവിശ്യയിൽ ഹൂതികള്‍ നടത്തിയ ആക്രമണത്തിൽ വീടുകൾക്കും ഒരു പള്ളിക്കും കേടുപാടുകൾ സംഭവിച്ചതായി സൗദി ഔദ്യോഗിക മാധ്യമങ്ങൾ ഞായറാഴ്ച ദൃശ്യങ്ങൾ പുറത്തുവിട്ടു. അയൽ പ്രവിശ്യയിലെ സൗദി സൈനിക താവളവും ലക്ഷ്യമിട്ടതായി ഹൂതികൾ അവകാശപ്പെട്ടിട്ടുണ്ട്. ഇതിനിടയില്‍, ഹോർമൂസ് കടലിടുക്കിൽ വെച്ച് ഒരു കപ്പലിന് നേരെ പ്രൊജക്ടൈൽ ആക്രമണമുണ്ടായതിനെ തുടര്‍ന്ന് തീപിടുത്തമുണ്ടാവുകയും ജീവനക്കാരെ ഒഴിപ്പിക്കുകയും ചെയ്തതായി ബ്രിട്ടീഷ് സമുദ്ര സുരക്ഷാ ഏജൻസിയായ യു.കെ.എം.ടി.ഒ അറിയിച്ചു. തീരത്തിന് സമീപം ആക്രമിക്കപ്പെട്ട ഇറാന്റെ വാണിജ്യ കപ്പലിലുണ്ടായിരുന്ന ഒരാൾ കൊല്ലപ്പെടുകയും നാല് ജീവനക്കാർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാനും സ്ഥിരീകരിച്ചിട്ടുണ്ട്.
യമനിലെ ഹൂതി വിമതര്‍ കഴിഞ്ഞ വെള്ളിയാഴ്ച തന്ത്രപ്രധാനമായ പെരിം ദ്വീപ് പിടിച്ചെടുത്തത് ബാബ് അല്‍ മാന്‍ദാബ് കടലിടുക്കിന്റെ മേലുള്ള അവരുടെ നിയന്ത്രണം കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. സമീപ മാസങ്ങളില്‍ ആഗോള എണ്ണ വിതരണത്തിന്റെ 4 മുതല്‍ 5 ശതമാനം വരെ കടന്നുപോയ പ്രധാന ജലപാതയാണിത്. ഈ തടസ്സങ്ങള്‍ കാരണം കഴിഞ്ഞ ആഴ്ച മാത്രം എണ്ണവില 8 ശതമാനം ഉയര്‍ന്ന് ജൂലൈ മാസത്തിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കായ 100 ഡോളറിന് മുകളിലെത്തിയിരുന്നു. ഇതിനിടയില്‍, ഗൾഫ് രാജ്യങ്ങളും ഇറാനും തമ്മിൽ ഹോർമൂസ് കടലിടുക്കിനെക്കുറിച്ച് ചർച്ച ചെയ്യാൻ ഒമാനില്‍ നിശ്ചയിച്ചിരുന്ന തിങ്കളാഴ്ചയിലെ യോഗം മാറ്റിവെച്ചതായി ഒമാൻ വിദേശകാര്യ മന്ത്രി ബദർ അൽസൈദി എക്സില്‍ അറിയിച്ചു. അമേരിക്കയും ഇസ്രായേലും ആറുമാസം മുമ്പ് ആരംഭിച്ച യുദ്ധവുമായി ബന്ധപ്പെട്ട് ജൂണിലെ താല്‍ക്കാലിക കരാര്‍ തകര്‍ന്നതിന് ശേഷം ഇതുവരെ സമാധാന ചര്‍ച്ചകളൊന്നും നടന്നിട്ടില്ല.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq




