മോൺട്രിയൽ: ക്യുബെക്കിന്റെ മതേതരത്വ നിയമത്തിന്റെ ഭാഗമായി പൊതുസ്ഥാപനങ്ങളിൽ പ്രാർഥന നിരോധിക്കുന്ന പുതിയ ചട്ടങ്ങൾ സെപ്റ്റംബർ 1 മുതൽ പ്രാബല്യത്തിൽ വന്നു. സർവകലാശാലകൾ, കോളജുകൾ, പൊതുഗതാഗത ഏജൻസികൾ എന്നിവയിലെ പ്രാർഥനാമുറികൾക്കാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. പൊതു റോഡുകളിലും പാർക്കുകളിലും കൂട്ടായ മതാചാരങ്ങൾ നടത്തുന്നതിനും വിലക്കുണ്ട്. എന്നാൽ പ്രാദേശിക മുനിസിപ്പാലിറ്റികളുടെ പ്രത്യേക അനുമതിയോടെ ഇത്തരം പരിപാടികൾ നടത്താം. പുതിയ നിയമം തങ്ങളുടെ മതസ്വാതന്ത്ര്യത്തെ ബാധിക്കുമെന്ന ആശങ്ക ചില വിശ്വാസികൾ ഉയർത്തുന്നുണ്ട്.
മോൺട്രിയലിലെ പൊതുഗതാഗത ഏജൻസിയായ STM, സ്വന്തം സ്ഥാപനങ്ങളിൽ ജീവനക്കാർക്ക് ഇനി പ്രാർഥിക്കാൻ അനുവാദമുണ്ടാകില്ലെന്ന് അറിയിച്ചു. ധ്യാനത്തിനും വിശ്രമത്തിനുമായി ഉപയോഗിച്ചിരുന്ന വെൽനെസ് മുറികളിലും പ്രാർഥന അനുവദിക്കില്ല. പുതിയ നിയമം ലംഘിച്ചാൽ മാനേജർമാർ ജീവനക്കാർക്ക് നിർദേശം നൽകും. എന്നാൽ ഇടവേളകളിൽ സ്ഥാപനത്തിന് പുറത്തുപോയി പ്രാർഥിക്കാൻ തടസ്സമില്ല. യൂണിവേഴ്സിറ്റെ ഡി മോൺട്രിയൽ ക്യാമ്പസിൽ പ്രാർഥിക്കാൻ ആഗ്രഹിക്കുന്നവരോട് പുറത്തേക്ക് പോകാൻ ആവശ്യപ്പെടുമെന്നും വ്യക്തമാക്കി. യൂണിവേഴ്സിറ്റെ ഡു ക്യുബെക് ആ മോൺട്രിയൽ (UQAM) പുതിയ നിയമം കൃത്യമായി പാലിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
Also Read : സെൽഫോൺ ഇല്ലാതെ രണ്ടാം വർഷം; ക്യുബെക് സ്കൂളുകളിൽ മാറ്റം തുടരുന്നു
സർവകലാശാലകളിൽ പുതിയ ചട്ടങ്ങൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് മാനേജർമാർക്കും സുരക്ഷാ ജീവനക്കാർക്കും പ്രത്യേക മാർഗനിർദേശങ്ങൾ നൽകിവരികയാണെന്ന് അധികൃതർ അറിയിച്ചു. പൊതുസ്ഥലങ്ങളിലെ ഈ നിയന്ത്രണങ്ങൾ എങ്ങനെയാണ് നടപ്പാക്കുക എന്ന ചോദ്യത്തോട് മോൺട്രിയൽ പൊലീസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സർവകലാശാലകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നതോടെ വരും ദിവസങ്ങളിലെ തുടർനടപടികൾ നിരീക്ഷിച്ചുവരികയാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









