കാനഡയിൽനിന്ന് വേർപിരിയുന്നതുമായി ബന്ധപ്പെട്ട് ആൽബർട്ടയിൽ ഒക്ടോബറിൽ നടക്കാനിരിക്കുന്ന ഹിതപരിശോധന, വരാനിരിക്കുന്ന നിക്ഷേപക ഉച്ചകോടിയിൽ നിക്ഷേപകരെ ആകർഷിക്കുന്നതിന് തടസ്സമാകില്ലെന്ന് പ്രവിശ്യാ പ്രീമിയർ ഡാനിയേൽ സ്മിത്ത് വ്യക്തമാക്കി. കനേഡിയൻ പ്രധാനമന്ത്രിയുടെ ഓഫീസ് ആതിഥേയത്വം വഹിക്കുന്ന പ്രഥമ ‘കാനഡ ഇൻവെസ്റ്റ്മെന്റ് ഉച്ചകോടി’യിൽ വൻകിട നിക്ഷേപ ബാങ്കുകളും പെൻഷൻ ഫണ്ടുകളും പങ്കെടുക്കുന്നുണ്ട്. പ്രവിശ്യയുടെ രാഷ്ട്രീയ സാഹചര്യങ്ങൾ നിക്ഷേപ സൗഹൃദ അന്തരീക്ഷത്തിന് വിഘാതമാകുമെന്ന ആശങ്കകൾ സിടിവി (CTV) അഭിമുഖത്തിൽ സംസാരിക്കവെ സ്മിത്ത് തള്ളിക്കളഞ്ഞു.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഒരു ട്രില്യൺ ഡോളറിന്റെ നിക്ഷേപം ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ഉച്ചകോടിയിൽ 160-ലധികം പദ്ധതികളാണ് അവതരിപ്പിക്കപ്പെടുന്നത്. നോവാ സ്കോഷിയയിലെ വിൻഡ് പ്രോജക്റ്റ്, പോർട്ട് ഓഫ് ചർച്ചിൽ വിപുലീകരണം എന്നിവയ്ക്കൊപ്പം ആൽബർട്ടയിൽനിന്ന് ക്രൂഡ് ഓയിൽ ഏഷ്യൻ വിപണികളിലേക്ക് എത്തിക്കുന്നതിനുള്ള വെസ്റ്റ് കോസ്റ്റ് ഓയിൽ പൈപ്പ്ലൈൻ പദ്ധതിയും ഇതിൽ ഉൾപ്പെടുന്നു. ആൽബർട്ട സർക്കാരും ഫെഡറൽ സർക്കാരും ട്രാൻസ് മൗണ്ടൻ കോർപ്പറേഷനും പെംബിന പൈപ്പ്ലൈൻ കോർപ്പറേഷനും സഹകരിച്ച് നടപ്പിലാക്കുന്ന ഈ സംരംഭത്തിന്റെ നിർമ്മാണം 2027-ഓടെ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.
കാനഡയിൽ തുടരണമോ അതോ വിഭജനത്തിനായുള്ള ഭരണഘടനാപരമായ നിയമനടപടികൾ ആരംഭിക്കണമോ എന്ന് ഒക്ടോബറിലെ ഹിതപരിശോധനയിലൂടെ ജനങ്ങൾ തീരുമാനിക്കും. എന്നാൽ, കുറഞ്ഞ കോർപ്പറേറ്റ് നികുതി, മികച്ച തൊഴിൽശേഷി തുടങ്ങിയ അനുകൂല ഘടകങ്ങളാണ് നിക്ഷേപകർ പ്രധാനമായും വിലയിരുത്തുന്നതെന്നും, മെറ്റാ (Meta) പ്രഖ്യാപിച്ച 13 ബില്യൺ ഡോളറിന്റെ ഡാറ്റാ സെന്റർ പദ്ധതി ഇതിന് ഉദാഹരണമാണെന്നും പ്രീമിയർ ചൂണ്ടിക്കാട്ടി. ആൽബെർട്ട മുന്നോട്ടുവെക്കുന്ന നിക്ഷേപ മൂല്യത്തിൽ യാതൊരു മാറ്റവുമില്ലെന്നും അവർ വ്യക്തമാക്കി.
കാനഡയ്ക്കൊപ്പം നിലകൊള്ളാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് ആവർത്തിച്ച പ്രീമിയർ, ഹിതപരിശോധന കാനഡയുടെ നേരിട്ടുള്ള ജനാധിപത്യത്തിന്റെ പ്രതിഫലനമാണെന്ന് കൂട്ടിച്ചേർത്തു. മുൻകാലങ്ങളിലെ ഫെഡറൽ നയങ്ങൾ നിക്ഷേപങ്ങളെ അകറ്റിനിർത്തിയിരുന്നുവെന്നും, എന്നാൽ നിലവിൽ ഫെഡറൽ സർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കാൻ സാധിക്കുന്നുണ്ടെന്നും സ്മിത്ത് വ്യക്തമാക്കി.
Smith: Alberta Referendum Won’t Hurt Investment Prospects
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









