നയാഗ്ര: നയാഗ്ര മേഖലയിൽ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലുണ്ടായ ശക്തമായ കൊടുങ്കാറ്റിലും വെള്ളപ്പൊക്കത്തിലും 360 മില്യൺ ഡോളറിന്റെ നാശനഷ്ടം സംഭവിച്ചതായി ഇൻഷുറൻസ് ബ്യൂറോ ഓഫ് കാനഡ (IBC) വെളിപ്പെടുത്തി. സെന്റ് കാതറൈൻസ്, ലിങ്കൺ, ഗ്രിംസ്ബി തുടങ്ങിയ മേഖലകളിലാണ് കനത്ത മഴയെ തുടർന്ന് ആയിരക്കണക്കിന് വീടുകളിൽ വെള്ളം കയറി വൻ നാശനഷ്ടമുണ്ടായത്. ഇൻഷുറൻസ് ബ്യൂറോ ഓഫ് കാനഡ (IBC), ദുരന്ത നിരീക്ഷണ ഏജൻസിയായ CatIQ എന്നിവർ പുറത്തുവിട്ട പ്രാഥമിക റിപ്പോർട്ടിലാണ് വിവരങ്ങളുള്ളത്.
അപൂർവമായ കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് സാധാരണ ലഭിക്കുന്നതിനേക്കാൾ കൂടുതൽ മഴ ചുരുങ്ങിയ ദിവസങ്ങളിൽ പെയ്തതാണ് ദുരന്തത്തിന്റെ ആഘാതം കൂട്ടിയത്. കനത്ത മഴ താങ്ങാൻ നഗരത്തിലെ ഡ്രെയിനേജുകൾക്കായില്ല, ഇതോടെ വീടുകളിൽ മലിനജലം കയറി വൻ നാശനഷ്ടമാണുണ്ടായത്. സ്ഥിതിഗതികൾ ഗുരുതരമായതിനെ തുടർന്ന് ഓഗസ്റ്റ് ആദ്യവാരം സെന്റ് കാതറൈൻസ്, ലിങ്കൺ എന്നീ നഗരങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടി വന്നു.
ദുരിതത്തിലായ വീടുടമകളെ സഹായിക്കാൻ പ്രാദേശിക ഭരണകൂടങ്ങൾ അടിയന്തര നടപടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി സെന്റ് കാതറൈൻസ് നഗരസഭ 20 മില്യൺ ഡോളറിന്റെ പ്രത്യേക സഹായ പദ്ധതി പ്രഖ്യാപിച്ചു. വീടുകളിൽ വെള്ളപ്പൊക്ക പ്രതിരോധ ഉപകരണങ്ങൾ സ്ഥാപിക്കുന്ന ചെലവിന്റെ 90 ശതമാനം വരെ (പരമാവധി 5,000 ഡോളർ) നഗരസഭ തിരികെ നൽകും. ഒപ്പം, ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ തടയാനുള്ള സമഗ്ര പദ്ധതി തയ്യാറാക്കാൻ വിദഗ്ധരുടെ പ്രത്യേക സംഘത്തെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
Also Read : ‘ഒന്ന് വാഷ് റൂം വരെ പോവാനായിരുന്നു സാറേ’; അമിതവേഗത്തിൽ പാഞ്ഞ ഡ്രൈവർക്ക് പിഴ ചുമത്തി അബോട്ട്സ്ഫോർഡ് പൊലീസ്
അതേസമയം, വെള്ളപ്പൊക്ക ദുരന്തങ്ങൾ പതിവാകുന്ന സാഹചര്യത്തിൽ മഴവെള്ളം പുറന്തള്ളുന്ന സംവിധാനങ്ങൾ അടിയന്തരമായി നവീകരിക്കണമെന്ന് ഇൻഷുറൻസ് ബ്യൂറോ ഓഫ് കാനഡ ആവശ്യപ്പെട്ടു. ഇതിനായി ഫെഡറൽ-പ്രവിശ്യാ സർക്കാരുകൾ 60 ബില്യൺ ഡോളറിന്റെ നിക്ഷേപം നടത്തണം. ദുരന്തങ്ങൾ ഉണ്ടായ ശേഷമുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങളേക്കാൾ, ശക്തമായ മലിനജല ഓടകളും ബാക്ക്വാട്ടർ വാൽവുകളും അടക്കമുള്ള മുൻകരുതൽ സംവിധാനങ്ങൾ ഒരുക്കുന്നതിനാണ് മുൻഗണന നൽകേണ്ടതെന്നും സംഘടന ചൂണ്ടിക്കാട്ടി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









