മോങ്ക്ടൺ : അമേരിക്കയുടെ താരിഫ് നയങ്ങൾ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം തകർത്തതായി മെയ്ൻ ഗവർണർ ജാനെറ്റ് മിൽസ്. നവംബറിൽ നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾ വിജയിച്ചാൽ കാനഡയുമായുള്ള വ്യാപാരബന്ധം പുനഃസ്ഥാപിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അവർ വ്യക്തമാക്കി. ട്രംപ് നടപ്പാക്കിയ സ്റ്റീൽ, അലുമിനിയം താരിഫുകൾ സംസ്ഥാനത്തെ നിർമ്മാണ മേഖലയ്ക്കും ക്രാഫ്റ്റ് ബ്രൂവറികൾക്കും കനത്ത തിരിച്ചടിയാണെന്നും, കർഷകർക്ക് വളത്തിന് കൂടുതൽ പണം നൽകേണ്ടി വരുന്നുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.
ഇരുരാജ്യങ്ങളുടെയും അതിർത്തികളിൽ സാമ്പത്തിക അസ്ഥിരത സൃഷ്ടിക്കുന്ന ഇത്തരം നടപടികൾ അമേരിക്കൻ ജനതയ്ക്ക് യാതൊരു ഗുണവും ചെയ്യുന്നില്ലെന്ന് ഗവർണർ കുറ്റപ്പെടുത്തി. കാനഡയുമായുള്ള ചരിത്രപരമായ സൗഹൃദത്തെക്കുറിച്ച് സംസാരിച്ച അവർ, 9/11 ആക്രമണ കാലത്ത് കാനഡ നൽകിയ സഹായങ്ങൾ ഒരിക്കലും മറക്കില്ലെന്നും വ്യക്തമാക്കി. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പരാമർശങ്ങൾ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് കനത്ത ആഘാതമാണ് ഉണ്ടാക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം, അമേരിക്കൻ താരിഫുകൾക്കെതിരെ കടുത്ത നടപടികളുമായി കാനഡയും രംഗത്തെത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി അമേരിക്കക്കാരെ പ്രവിശ്യയിലെ മാൻ വേട്ടയിൽ നിന്ന് ഒഴിവാക്കുന്നത് ഉൾപ്പെടെയുള്ള പുതിയ വ്യാപാര ഉപരോധ നടപടികൾ ന്യൂബ്രൺസ്വിക്ക് പ്രീമിയർ സൂസൻ ഹോൾട്ട് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. അമേരിക്കൻ നടപടികളിൽ പ്രതിഷേധിച്ച് കാനഡയിൽ നിന്നുള്ള സഞ്ചാരികളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെങ്കിലും, ഇരു രാജ്യങ്ങൾക്കുമിടയിലെ ചരിത്രപരവും സാംസ്കാരികവുമായ ബന്ധം കണക്കിലെടുത്ത് കാനഡക്കാർ വീണ്ടും അമേരിക്കയിലേക്ക് വരണമെന്നും ഗവർണർ മിൽസ് അഭ്യർത്ഥിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq








