ഡൽഹി; പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിക്കായി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ന്യൂഡൽഹിയിലെത്തിയത് ലോകത്തിലെ തന്നെ ഏറ്റവും അത്യാധുനിക സുരക്ഷയുള്ള തൻ്റെ ഔദ്യോഗിക വാഹനവ്യൂഹവുമായാണ്. “ഫ്ലയിങ് ക്രെംലിൻ” എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പ്രത്യേക വിമാനത്തിനൊപ്പം, സുരക്ഷയുടെ കാര്യത്തിൽ സമാനതകളില്ലാത്ത ‘ഔറസ് സെനറ്റ്’ (Aurus Senat) എന്ന ആഡംബര ലിമോസിൻ കാറും റഷ്യയിൽ നിന്നും തലസ്ഥാനത്തിറക്കി.
വിദേശ സന്ദർശനങ്ങളിൽ സ്വന്തം കാർ ഉപയോഗിക്കുന്ന അപൂർവ്വം ലോകനേതാക്കളിലൊരാളായ പുടിന്റെ ഈ ‘റോഡിലെ കോട്ട’ മുൻപ് ചൈനയിലെ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമൊത്തുള്ള യാത്രയിലൂടെ വാർത്തകളിൽ നിറഞ്ഞിരുന്ന ഒന്നാണ്. റഷ്യൻ സർക്കാരിന്റെ പ്രത്യേക സാങ്കേതിക വികസന പദ്ധതിയായ ‘കോർട്ടെഷിന്റെ’ ഭാഗമായി റഷ്യൻ സ്റ്റേറ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (NAMI), യു.എ.ഇയിലെ തവാസൂൻ ഹോൾഡിങ്സ് എന്നിവർ ചേർന്ന് വികസിപ്പിച്ചെടുത്തതാണ് ഔറസ് സെനറ്റ്. സോവിയറ്റ് കാലഘട്ടത്തിലെ പ്രശസ്തമായ ZIS-110 കാറുകളുടെ ഡിസൈനിൽ നിന്നും പ്രചോദനമുൾക്കൊണ്ട് നിർമ്മിച്ച ഈ വാഹനം 2018-ലാണ് ആദ്യമായി പുറത്തിറക്കിയത്.
തോക്കുകളിൽ നിന്നുള്ള വെടിയുണ്ടകളെയും ബോംബ് സ്ഫോടനങ്ങളെയും പ്രതിരോധിക്കാൻ ശേഷിയുള്ള ഈ ആഡംബര വാഹനം ഏതൊരു വലിയ ആക്രമണത്തെയും പ്രതിരോധിക്കാൻ തക്കവിധം സുസജ്ജമാണ്. സാധാരണ കാറുകളെക്കാൾ ഏറെ വലിപ്പമുള്ള ഈ വാഹനത്തിന് കരുത്തേകുന്നത് 4.4 ലിറ്റർ ട്വിൻ-ടർബോ V8 ഹൈബ്രിഡ് എഞ്ചിനാണ്. 598 കുതിരശക്തിയുള്ള ഈ കാറിന് വെറും 9 സെക്കൻഡുകൾ കൊണ്ട് 100 കിലോമീറ്റർ വേഗത കൈവരിക്കാനാകും.
അത്യാധുനിക ബ്രേക്കിങ് സംവിധാനം, ഡ്രൈവർ ഉറങ്ങിപ്പോയാലോ വഴിമാറിയാലോ മുന്നറിയിപ്പ് നൽകുന്ന സെൻസറുകൾ, ഉയർന്ന ലെതർ ഫിനിഷിംഗോട് കൂടിയ ലക്ഷ്വറി ഇന്റീരിയർ എന്നിവ ഇതിന്റെ പ്രത്യേകതയാണ്. കഠിനമായ മഞ്ഞുവീഴ്ചയോ അതിശക്തമായ ചൂടോ ഉള്ള പ്രതികൂല കാലാവസ്ഥകളിലും സുഗമമായി സഞ്ചരിക്കാൻ കഴിയുന്ന തരത്തിലാണ് ഈ അത്ഭുത കാറിന്റെ നിർമ്മാണം.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









