കാബൂൾ: അഫ്ഗാനിസ്ഥാനിൽ പെൺകുട്ടികൾ നേരിടുന്ന കടുത്ത നിയന്ത്രണങ്ങൾ മറികടക്കാൻ മകളെ പത്തു വർഷത്തോളം ആൺകുട്ടിയായി വളർത്തിയ പിതാവിന്റെയും നിലോഫർ അയൂബി എന്ന പെൺകുട്ടിയുടെയും ജീവിതകഥയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. അഫ്ഗാൻ സമൂഹത്തിൽ നിലനിൽക്കുന്ന ‘ബാച്ച പോഷ്’ എന്ന പരമ്പരാഗത ആചാരപ്രകാരമാണ് നിലോഫർ കുട്ടിക്കാലത്ത് ആൺകുട്ടിയുടെ വേഷം ധരിച്ച് ജീവിച്ചത്. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്ന സാഹചര്യത്തിൽ മകൾക്ക് സ്വാതന്ത്ര്യവും പഠനസൗകര്യവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പിതാവ് ഈ തീരുമാനമെടുത്തത്.
ആൺകുട്ടിയുടെ വേഷത്തിൽ ജീവിച്ചതിലൂടെ പുറത്തുപോകാനും സൈക്കിൾ ചവിട്ടാനും മാർക്കറ്റുകൾ സന്ദർശിക്കാനും നിലോഫറിന് സാധിച്ചിരുന്നു. എന്നാൽ പ്രായപൂർത്തിയായതോടെ ആചാരപ്രകാരം പെൺകുട്ടിയുടെ ജീവിതത്തിലേക്ക് മടങ്ങാൻ ഇവർ നിർബന്ധിതയായി. തുടർന്ന് സാധാരണ അഫ്ഗാൻ സ്ത്രീകൾ നേരിടുന്ന കടുത്ത സാമൂഹിക നിയന്ത്രണങ്ങളിലേക്ക് മാറേണ്ടി വന്നത് വലിയ വെല്ലുവിളിയായതായി നിലോഫർ വ്യക്തമാക്കി.
ALSO READ : കാനഡയിൽ മുസ്ലിം വിരുദ്ധത വർദ്ധിക്കുന്നു ; പ്രതിരോധം തീർക്കാൻ മുന്നിട്ടിറങ്ങി സംഘടനകൾ
കുട്ടിക്കാലത്തെ ഈ അനുഭവങ്ങളാണ് പിന്നീട് ഇവരെ പ്രമുഖ സംരംഭകയും വനിതാ അവകാശ പ്രവർത്തകയുമാക്കി മാറ്റിയത്. 2021-ൽ താലിബാൻ അഫ്ഗാനിസ്ഥാനിൽ വീണ്ടും ഭരണം പിടിച്ചെടുത്തതോടെ രാജ്യം വിടേണ്ടിവന്ന നിലോഫർ അയൂബി നിലവിൽ പോളണ്ടിലാണ് താമസിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ അഫ്ഗാൻ സ്ത്രീകളുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്തുന്ന പ്രവർത്തനങ്ങളുമായി ഇവർ മുന്നോട്ടുപോകുകയാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









