അബ്ബോട്‌സ്‌ഫോർഡ്: ബ്രിട്ടീഷ് കൊളംബിയയിലുള്ള അബ്ബോട്‌സ്‌ഫോർഡിൽ വെടിവെപ്പ്. പഞ്ചാബി ഗായകനും നടനുമായ അമി വിർക്കിന്റെ വാഹനത്തിന് നേരെ ആക്രമണമുണ്ടായെന്ന വാർത്തകൾക്ക് പിന്നാലെ വിശദീകരണവുമായി ഗായകന്റെ പിതാവ് രംഗത്തെത്തി. സെപ്റ്റംബർ 5-ന് രാത്രി അബ്ബോട്‌സ്‌ഫോർഡിലെ റോജേഴ്‌സ് ഫോറത്തിൽ നടന്ന സംഗീത പരിപാടിക്ക് ശേഷമാണ് സംഭവം. പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്ന വാഹനം ലക്ഷ്യമാക്കി രാത്രി 11 മണിയോടെയാണ് വെടിവെപ്പുണ്ടായത്. എന്നാൽ തന്റെ മകനും കുടുംബവും പൂർണ്ണമായും സുരക്ഷിതരാണെന്ന് അമി വിർക്കിന്റെ പിതാവ് കുൽജീത് സിംഗ് അറിയിച്ചു.
പൊലീസ് അന്വേഷണം പുരോഗമിക്കുന്നു
അബ്ബോട്‌സ്‌ഫോർഡിലെ മക്കല്ലം റോഡിൽ സഞ്ചരിച്ചിരുന്ന ഒരു വാഹനത്തിന് നേരെയാണ് വെടിവെപ്പുണ്ടായത്. ഇരുണ്ട നിറത്തിലുള്ള എസ്‌യുവിയിലെത്തിയ സംഘം നിരവധി തവണ വെടിയുതിർക്കുകയായിരുന്നുവെന്ന് അബ്ബോട്‌സ്‌ഫോർഡ് പൊലീസ് വ്യക്തമാക്കുന്നു. ആർക്കും പരിക്കേറ്റിട്ടില്ലെങ്കിലും ലക്ഷ്യമിട്ടുള്ള ആക്രമണമാണ് നടന്നതെന്നാണ് പ്രാഥമിക നിഗമനം. വെടിവെപ്പിന് പിന്നാലെ സമീപ പ്രദേശത്ത് ഒരു എസ്‌യുവി പൂർണ്ണമായും കത്തിനശിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. ഈ സംഭവത്തിന് വെടിവെപ്പുമായി ബന്ധമുണ്ടോയെന്ന് മേജർ ക്രൈം ബ്രാഞ്ച് പരിശോധിച്ച് വരികയാണ്.
പ്രചരിക്കുന്ന അഭ്യൂഹങ്ങൾ
അക്രമികൾ വെടിവെച്ച വാഹനം അമി വിർക്കിന്റെ കാറുകളിൽ ഒന്നാണെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യൂന്നത്. ഈ വാഹനത്തിന് നേരെ ഏഴ് തവണ വെടിയുതിർത്തെന്നും, എന്നാൽ വാഹനം ബുള്ളറ്റ്‌പ്രൂഫ് ആയിരുന്നതിനാൽ വൻ ദുരന്തം ഒഴിവായെന്നും വാർത്തകൾ വന്നിരുന്നു. വെടിയേറ്റ കാറിനുള്ളിൽ അമി വിർക്കും പരിപാടിയുടെ സംഘാടകനും ഉണ്ടായിരുന്നതായും അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരങ്ങളോ, കാറുകളിലെ ക്യാമറ (ഡാഷ്‌ക്യാം) ദൃശ്യങ്ങളോ കൈവശമുള്ളവർ പൊലീസിനെ അറിയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചിട്ടുണ്ട്.
Also Read : ഒന്റാറിയോ ട്രില്ലിയം ബെനഫിറ്റ്: ചിലർക്ക് ഇത്തവണ തുക ലഭിച്ചേക്കില്ല; കാരണമിതാണ്
പിതാവിന്റെ പ്രതികരണം
എന്നാൽ അമി വിർക്കിനെ ലക്ഷ്യമിട്ടാണ് വെടിവെപ്പ് നടന്നതെന്ന വാർത്തകൾ അദ്ദേഹത്തിന്റെ പിതാവ് കുൽജീത് സിംഗ് പൂർണ്ണമായും തള്ളി. തന്റെ മകനെ ലക്ഷ്യമിട്ടല്ല വെടിവെപ്പ് നടന്നതെന്നും പരിപാടിയുടെ സംഘാടകരുടെ വാഹനവ്യൂഹത്തിന് നേരെയാണ് ആക്രമണമുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq
Shooting during a musical event; reports indicate that Punjabi singer Ammy Virk's vehicle was attacked in Canada.









