കെയ്റോ: ഈജിപ്തിൽ വൻതോതിൽ ലഹരിമരുന്ന് നിർമ്മിക്കുകയും കടത്തുകയും ചെയ്ത കേസിൽ പ്രമുഖ ടെലിവിഷൻ അവതാരക സാറാ ഖലീഫയ്ക്കും (39) മറ്റ് 11 പേർക്കും കോടതിയ വധശിക്ഷ വിധിച്ചു. കെയ്റോയിലെ പ്രാദേശിക കോടതിയാണ് പ്രതികളെ തൂക്കിലേറ്റാൻ ഉത്തരവിട്ടത്.
സുരക്ഷാ, കുറ്റകൃത്യ സംബന്ധിയായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ‘മിഷൻ ഇംപോസിബിൾ’ എന്ന ജനപ്രിയ ടെലിവിഷൻ പരിപാടിയിലൂടെ ശ്രദ്ധേയയായ അവതാരകയാണ് സാറാ ഖലീഫ. പ്ലാസ്റ്റിക് സർജറി ക്ലിനിക്കിന്റെയും ഇവന്റ് മാനേജ്മെന്റ് പ്രൊഡക്ഷൻ കമ്പനിയുടെയും ഉടമ കൂടിയാണ് ഇവർ.
വിദേശത്തുനിന്ന് അസംസ്കൃത വസ്തുക്കൾ ഇറക്കുമതി ചെയ്ത് സിന്തറ്റിക് ലഹരിമരുന്നുകൾ നിർമ്മിച്ചു വിതരണം ചെയ്തതിനും, നിയമവിരുദ്ധമായി ആയുധങ്ങളും വെടിയുണ്ടകളും കൈവശം വെച്ചതിനുമാണ് ശിക്ഷ. ഓർഗനൈസ്ഡ് ക്രിമിനൽ ഗാങ് രൂപീകരിച്ചാണ് സംഘം പ്രവർത്തിച്ചിരുന്നതെന്ന് ഈജിപ്ഷ്യൻ ഔദ്യോഗിക പത്രമായ ‘അൽ അഹ്രാം’ റിപ്പോർട്ട് ചെയ്തു.
Also Read : റഷ്യയ്ക്ക് പിന്നാലെ ഉക്രെയ്ൻ; പുടിനുമായി ചർച്ച നടത്തി യുഎസ് സംഘം കീവിലേക്ക്
പരിശോധനയിൽ പ്രതികളിൽ നിന്ന് 750 കിലോഗ്രാമിലധികം ലഹരിമരുന്നുകളും അസംസ്കൃത വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. ലഹരിമരുന്ന് നിർമ്മാണത്തിനായി ലാബുകളാക്കി മാറ്റിയ രണ്ട് അപ്പാർട്ട്മെന്റുകളും, ലൈസൻസില്ലാത്ത തോക്കുകളും പൊലീസ് കണ്ടെടുത്തു.
ഇതിനുപുറമെ, ഒരു യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച മറ്റൊരു കേസിൽ സാറാ ഖലീഫയ്ക്കും സംഘത്തിനും കോടതി അഞ്ച് വർഷത്തെ തടവുശിക്ഷയും വിധിച്ചിട്ടുണ്ട്.
ഈജിപ്ഷ്യൻ നിയമപ്രകാരം വധശിക്ഷ വിധിക്കുന്നതിന് മുൻപ് രാജ്യത്തെ ഗ്രാൻഡ് മുഫ്തിയുടെ മതപരമായ അഭിപ്രായം തേടേണ്ടതുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് വിധി പ്രഖ്യാപിച്ചത്. പ്രതികൾക്ക് വിധിക്കെതിരെ മേൽക്കോടതിയിൽ അപ്പീൽ നൽകാൻ അവസരമുണ്ട്.
ആസൂത്രിത കൊലപാതകം, ഭീകരവാദം, ബലാത്സംഗം, വൻതോതിലുള്ള ലഹരിക്കടത്ത് എന്നിവയ്ക്കാണ് ഈജിപ്തിൽ വധശിക്ഷ നൽകിവരുന്നത്. ഈജിപ്ഷ്യൻ കമ്മീഷൻ ഫോർ റൈറ്റ്സ് ആൻഡ് ഫ്രീഡംസിന്റെ കണക്കനുസരിച്ച് 2025-ൽ മാത്രം 541 വധശിക്ഷാ വിധികളാണ് ഈജിപ്തിൽ പുറപ്പെടുവിച്ചിട്ടുള്ളത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









