ഒന്റാറിയോ; പ്രവിശ്യയിൽ ബുധനാഴ്ച പെയ്ത കനത്ത മഴയിലും ഇടിമിന്നലിലും വ്യാപക നാശനഷ്ടം. ഗ്രേറ്റർ ടൊറന്റോ ഏരിയ (GTA) ഉൾപ്പെടെയുള്ള പ്രധാന മേഖലകളിൽ പ്രളയസമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്.

മണിക്കൂറുകൾക്കുള്ളിൽ 130 മില്ലിമീറ്ററിലധികം മഴ പെയ്തിറങ്ങിയതോടെ റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെടുകയും ഗതാഗതം പൂർണ്ണമായി തടസ്സപ്പെടുകയും ചെയ്തു.

Environment Canada പുറത്തുവിട്ട കണക്കുകൾ പ്രകാരം പ്രവിശ്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കാലെഡൺ (138.9 mm), വോഗൻ (133 mm) എന്നീ പ്രദേശങ്ങളിലാണ്. നോർത്ത് യോർക്കിൽ കനത്ത മഴയ്‌ക്കൊപ്പം വലിയ ആലിപ്പഴ വീഴ്ചയുമുണ്ടായി.

ടൊറന്റോയുടെ കിഴക്കൻ മേഖലയായ സ്കാർബറോയിലെ ഗോൾഫ് ക്ലബ് റോഡിലുണ്ടായ രൂക്ഷമായ വെള്ളക്കെട്ട് യാത്രാതടസ്സത്തിനും ജനങ്ങളെ ദുരിതത്തിലാക്കാനും കാരണമായി.

റോഡ് നിർമ്മാണം നീണ്ടുപോകുന്നതാണ് ചെറിയ മഴയിൽ പോലും വെള്ളപ്പൊക്കമുണ്ടാകാൻ കാരണമെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.
മിറ്റ്ചെൽ, തോൺഹിൽ, ബോൾട്ടൺ, ന്യൂമാർക്കറ്റ് തുടങ്ങിയ ഇടങ്ങളിലും 80 മില്ലിമീറ്ററിന് മുകളിൽ ശക്തമായ മഴ രേഖപ്പെടുത്തി.

ഓട്ടവ, മിസിസാഗ, ലണ്ടൻ, വാട്ടർലൂ തുടങ്ങിയ പ്രവിശ്യയിലെ മറ്റ് പ്രധാന നഗരങ്ങളിലും സാധാരണ ജനജീവിതത്തെ ബാധിക്കുന്ന രീതിയിൽ ശക്തമായ മഴ പെയ്തു. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ പ്രാദേശിക ഭരണകൂടങ്ങൾ സുരക്ഷാ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq








