ടൊറന്റോ: ഒന്റാറിയോയിൽ ബുധനാഴ്ചയുണ്ടായ ശക്തമായ കൊടുങ്കാറ്റിൽ വൻ നാശനഷ്ടം സംഭവിച്ച പശ്ചാത്തലത്തിൽ, ഇൻഷുറൻസ് ക്ലെയിമുകൾ സമർപ്പിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് സാമ്പത്തിക വിദഗ്ധർ അറിയിച്ചു. ബുധനാഴ്ചയുണ്ടായ കനത്ത മഴയിലും കാറ്റിലും വ്യാപകമായ നാശനഷ്ടങ്ങളാണ് വീടുകൾക്കും വാഹനങ്ങൾക്കും ഉണ്ടായത്. ഇത്തരം സാഹചര്യങ്ങളിൽ അർഹമായ നഷ്ടപരിഹാരം വേഗത്തിൽ ലഭിക്കുന്നതിന് പോളിസി ഉടമകൾ കൃത്യമായ നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ടെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു.
പോളിസിയും പരിരക്ഷയും
സാധാരണ ഹോം ഇൻഷുറൻസ് ഉള്ളവർക്ക് കാറ്റും ആലിപ്പഴമഴയും മൂലമുള്ള കേടുപാടുകൾക്ക് നഷ്ടപരിഹാരം കിട്ടാറുണ്ട്. എന്നാൽ വെള്ളപ്പൊക്കം മൂലമുണ്ടാകുന്ന നഷ്ടങ്ങൾക്ക് ഇത് എല്ലാവർക്കും കിട്ടണമെന്നില്ല എന്ന് Ratehub.ca ഇൻഷുറൻസ് വൈസ് പ്രസിഡന്റ് മാറ്റ് ഹാൻഡ്സ് വ്യക്തമാക്കി. വെള്ളപ്പൊക്കത്തിൽ നിന്നുള്ള പരിരക്ഷ ലഭിക്കാൻ ‘ഓവർലാന്റ് വാട്ടർ കവറേജ്’, ‘സീവർ ബാക്കപ്പ് കവറേജ്’ എന്നീ അധിക ഇൻഷുറൻസ് പരിരക്ഷകൾ വീടിന് ഉണ്ടായിരിക്കണം. വാഹനങ്ങളുടെ കാര്യത്തിൽ ‘കോംപ്രിഹെൻസീവ് പോളിസി’ (Comprehensive Policy) ഉള്ളവർക്ക് മാത്രമേ വെള്ളപ്പൊക്കത്തിലും കാറ്റിലും ഉണ്ടാകുന്ന കേടുപാടുകൾക്ക് ക്ലെയിം ലഭിക്കൂ. സാധാരണ അടിസ്ഥാന (Basic) പോളിസികളിൽ ഈ പരിരക്ഷ ഉണ്ടാകാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read : കനേഡിയൻ തൊഴിൽ വിപണിക്ക് താങ്ങായി ആരോഗ്യമേഖല; ഈ രണ്ട് പ്രവിശ്യകളിലായി വൻ നിയമനങ്ങൾ
പശ്ചാത്തലവും അടിയന്തര നിർദേശങ്ങളും
മേഖലയിൽ 100 മില്ലിമീറ്ററിലധികം മഴയും ശക്തമായ കാറ്റും രേഖപ്പെടുത്തിയതിനെ തുടർന്നാണ് പലയിടത്തും വെള്ളക്കെട്ടും വൈദ്യുതി മുടക്കവും ഉണ്ടായത്. നിലവിലെ സാഹചര്യത്തിൽ, നാശനഷ്ടങ്ങളുടെ ഫോട്ടോകളും വീഡിയോകളും വ്യക്തമായി എടുത്തു സൂക്ഷിക്കാനും എത്രയും വേഗം ക്ലെയിമുകൾ ഫയൽ ചെയ്യാനും ഇൻഷുറൻസ് കമ്പനികൾ നിർദേശിക്കുന്നു. ഒരേസമയം ധാരാളം അപേക്ഷകൾ എത്തുന്നതിനാൽ നടപടികളിൽ കാലതാമസം നേരിടാൻ സാധ്യതയുണ്ടെന്നും അതിനാൽ പോളിസി ഉടമകൾ വൈകാതെ അപേക്ഷ സമർപ്പിക്കണമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









