വിൻസർ: വിൻസറിൽ വീശിയടിച്ച കനത്ത കൊടുങ്കാറ്റിൽ വീടിന്റെ മേൽക്കൂര തകർന്നു വീണു. അപകടത്തിൽ വീട്ടിലുണ്ടായിരുന്ന ഒരാൾക്ക് നിസ്സാര പരിക്കേറ്റു. വ്യാഴാഴ്ചയുണ്ടായ ശക്തമായ കാറ്റിൽ റിവർസൈഡ് ഡ്രൈവ് ഈസ്റ്റിനും വയാൻഡോട്ട് സ്ട്രീറ്റ് ഈസ്റ്റിനുമിടയിലുള്ള ബക്കിംഗ്ഹാം ഡ്രൈവിലാണ് സംഭവം. അപകടത്തെ തുടർന്ന് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ബക്കിംഗ്ഹാം ഡ്രൈവ് എമർജൻസി സർവീസസ് അടച്ചുപൂട്ടി.
വൻമരങ്ങൾ കടപുഴകി വീണും അവശിഷ്ടങ്ങൾ ചിതറിയും പാതയോരം കടുത്ത നാശനഷ്ടങ്ങളോടെയാണ് കാണപ്പെട്ടത്. ഗതാഗതം തടസ്സപ്പെട്ടതിനെ തുടർന്ന് റിവർസൈഡ് ഡ്രൈവ് ഈസ്റ്റ്, വയാൻഡോട്ട് സ്ട്രീറ്റ് ഈസ്റ്റ് എന്നീ റോഡുകൾ താൽക്കാലികമായി അടച്ചെങ്കിലും ശുചീകരണ പ്രവർത്തനങ്ങൾക്ക് ശേഷം പിന്നീട് തുറന്നുകൊടുത്തു.
അപകടസമയത്ത് ഒരാൾ മാത്രമാണ് വീടിനുള്ളിൽ ഉണ്ടായിരുന്നതെന്ന് വീട്ടുടമസ്ഥന്റെ സുഹൃത്തായ റാൻഡി സോലിയർ പറഞ്ഞു. വിവരമറിഞ്ഞ ഉടൻ തന്നെ സംഭവസ്ഥലത്തേക്ക് എത്തിയതായി അദ്ദേഹം വ്യക്തമാക്കി.
Also Read : Express Entry Draw: 2026 സെപ്റ്റംബർ 3-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ
പ്രദേശത്തുടനീളം മരങ്ങളും ചില്ലകളും ഒടിഞ്ഞുവീണ നിലയിലാണെന്നും ആംബുലൻസുകളുടെയും മറ്റ് രക്ഷാപ്രവർത്തകരുടെയും സൈറൺ ശബ്ദങ്ങൾ മുഴങ്ങിക്കേൾക്കാമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വീട്ടുടമസ്ഥരിൽ രണ്ടാമത്തെയാൾ ഈ സമയം സ്ഥലത്തുണ്ടായിരുന്നില്ല. ജീവിതത്തിൽ ഇതുവരെ കാണാത്ത തരത്തിലുള്ള കടുത്ത കാറ്റാണ് വീശിയടിച്ചതെന്ന് സമീപവാസിയായ ജിം ലെംഗ്യെൽ സാക്ഷ്യപ്പെടുത്തി. “ജനലിലൂടെ പുറത്തേക്ക് നോക്കുമ്പോൾ അടുത്തുള്ള പ്ലേറ്റ്പോൾ കാറ്റിൽ വളയുന്നത് കണ്ടു. ഏകദേശം 15 മുതൽ 20 സെക്കൻഡ് വരെ നീണ്ടുനിന്ന ശക്തമായ കാറ്റായിരുന്നു അതെന്ന് അദ്ദേഹം പറഞ്ഞു.
വ്യാഴാഴ്ച രാത്രി വൈകിയും ചുഴലിക്കാറ്റ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ഈസ്റ്റ് വിൻസറിലും ആംഹെർസ്റ്റ്ബർഗിലും ചുഴലിക്കാറ്റ് വീശിയടിച്ചിട്ടുണ്ടാകാമെന്നാണ് ‘നോർത്തേൺ ടൊർണാഡോസ് പ്രോജക്റ്റ്’ വ്യക്തമാക്കുന്നത്. പ്രദേശം പൂർവസ്ഥിതിയിലാക്കാനുള്ള ശുചീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









