ക്യൂബ: ക്യൂബക്കെതിരെ പുതിയ സാമ്പത്തിക ഉപരോധങ്ങളുമായി അമേരിക്ക. ഫിദൽ കാസ്ട്രോയുടെ കൊച്ചുമകനും ക്യൂബൻ കമ്പനികൾക്കും എതിരെയാണ് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പുതിയ ഉപരോധം പ്രഖ്യാപിച്ചിരിക്കുന്നത്. മുൻ നേതാവ് റൗൾ കാസ്ട്രോയുടെ കൊച്ചുമകനും 31 കാരനുമായ ഫിദൽ അർണെസ്റ്റോ കാസ്ട്രോയെയും ഉപരോധ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ക്യൂബൻ കമ്മ്യൂണിസ്റ്റ് ഭരണകൂടം പരാജയപ്പെട്ട ഭരണമാണ് നടത്തുന്നതെന്നും സാധാരണക്കാരായ ക്യൂബക്കാർ പട്ടിണിയിലാണെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി.
ജനുവരി മുതൽ ക്യൂബൻ സർക്കാരിനെ ദുർബലപ്പെടുത്താനും ഭരണമാറ്റം ലക്ഷ്യമിട്ടുമുള്ള കടുത്ത നീക്കങ്ങളാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിവരുന്നത്. ഇതിന്റെ ഭാഗമായി ഘട്ടം ഘട്ടമായി ഉപരോധങ്ങൾ കടുപ്പിക്കുകയും ഇന്ധന ഉപരോധം ഏർപ്പെടുത്തുകയും ചെയ്തിരുന്നു. ശീതയുദ്ധകാലം മുതൽക്കേ ക്യൂബയ്ക്ക് മേൽ അമേരിക്ക നിലനിർത്തുന്ന ചരിത്രപരമായ ഉപരോധങ്ങൾക്ക് പുറമേയാണിത്. ക്യൂബൻ നേതൃത്വത്തിന്റെ ദീർഘകാലത്തെ തെറ്റായ ഭരണത്തിനും അടിച്ചമർത്തലുകൾക്കുമുള്ള ശിക്ഷയാണ് പുതിയ നടപടികളെന്ന് റൂബിയോ ന്യായീകരിച്ചു.
അമേരിക്കയ്ക്കും പടിഞ്ഞാറൻ അർദ്ധഗോളത്തിലെ മറ്റ് രാജ്യങ്ങൾക്കും എതിരായി മാർക്സിസ്റ്റ് ആശയങ്ങൾ പ്രചരിപ്പിക്കാൻ ക്യൂബ ശ്രമിക്കുന്നുവെന്നും റൂബിയോ ആരോപിച്ചു. ക്യൂബ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന ട്രംപിന്റെ വാദവും അദ്ദേഹം ആവർത്തിച്ചു. എന്നാൽ അമേരിക്കയുടെ സുരക്ഷയ്ക്കോ സാമ്പത്തിക സ്ഥിതിക്കോ ക്യൂബ ഭീഷണിയല്ലെന്നും തങ്ങൾ അതിന് ആഗ്രഹിക്കുന്നില്ലെന്നും ക്യൂബൻ വിദേശകാര്യ മന്ത്രി ബ്രൂണോ റോഡ്രിഗസ് പ്രതികരിച്ചു. തീവ്രവാദത്തെ ക്യൂബ പിന്തുണയ്ക്കുന്നുവെന്ന ആരോപണം യു.എസ് സർക്കാരിന്റെ ഗൗരവമില്ലായ്മയാണ് വെളിപ്പെടുത്തുന്നതെന്നും അദ്ദേഹം ഗ്രാമ്മ പത്രത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
അമേരിക്കയുടെ കടുത്ത സമ്മർദ്ദങ്ങളെ തുടർന്ന് വിമർശനങ്ങൾ പ്രതിരോധിക്കാൻ ക്യൂബയും നടപടികൾ സ്വീകരിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ജൂണിൽ രാജ്യത്തെ ഏറ്റവും വലിയ സ്വതന്ത്ര വിപണി പരിഷ്കരണങ്ങൾ ക്യൂബ നടപ്പിലാക്കിയിരുന്നു. ഇതിന് പുറമെ വ്യാഴാഴ്ച പുതിയ നിയമപരിഷ്കരണങ്ങളും പ്രഖ്യാപിച്ചു. ടൂറിസം ഉൾപ്പെടെയുള്ള മേഖലകളിൽ സർക്കാരിന്റെ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതാണ് പുതിയ മാറ്റങ്ങൾ. സ്വകാര്യ കമ്പനികൾക്ക് സർക്കാരിന്റെ ഇടപെടലുകളില്ലാതെ ട്രാവൽ ഏജൻസികൾ ആരംഭിക്കാൻ പുതിയ നിയമത്തിൽ വ്യവസ്ഥയുണ്ട്.
Also Read : ജന്മാവകാശ പൗരത്വ ഉത്തരവ്: ട്രംപിന്റെ പുതിയ ഉത്തരവിന് ഫെഡറൽ കോടതി സ്റ്റേ
എന്നാൽ ഈ നടപടികളൊന്നും ട്രംപ് ഭരണകൂടത്തെ അനുനയിപ്പിച്ചിട്ടില്ല. നിക്കൽ ഖനന മേഖലയിലെ രണ്ട് കമ്പനികൾ, എണ്ണ ഇറക്കുമതി കമ്പനി ഉൾപ്പെടെയുള്ള ഊർജ്ജ മേഖലയിലെ രണ്ട് സ്ഥാപനങ്ങൾ, സ്റ്റേറ്റ് ബാങ്കായ ബാൻകോ എക്സ്റ്റീരിയോർ ഡി ക്യൂബ എന്നിവയാണ് പുതിയ ഉപരോധത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള മറ്റ് സ്ഥാപനങ്ങൾ. ഉപരോധങ്ങളും ഇന്ധന ഉപരോധവും കാരണം രാജ്യത്തെ ആരോഗ്യമേഖലയും പവർ ഗ്രിഡും തകർച്ചയുടെ വക്കിലാണെന്ന് ഐക്യരാഷ്ട്രസഭയും മനുഷ്യാവകാശ സംഘടനകളും ഇതിനകം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq




