സ്ക്വാമിഷ് : ബി.സി.യിലെ സീ-ടു-സ്കൈ (Sea-to-Sky) മേഖലയിൽ ഒറ്റയ്ക്ക് ഹൈക്കിംഗിന് പോയി കാണാതായ സ്ക്വാമിഷ് സ്വദേശി സ്റ്റാനിസ്ലാവ് വോലോയ്ക്കായി (43) തിരച്ചിൽ ശക്തമാക്കി പൊലീസ്. ഞായറാഴ്ച രാവിലെ 11:30-ഓടെ സീ-ടു-സ്കൈ ഗൊണ്ടോളയുടെ മുകൾ നിലയിലെ സ്റ്റേഷനിൽ ഇറങ്ങി മൗണ്ട് ഹാബ്രിച്ച് ലൂപ്പ് വഴി നടക്കാൻ പോയ ഇയാളെ പിന്നീട് കാണാതാവുകയായിരുന്നു. കാണാതായി ദിവസങ്ങൾ പിന്നിടുമ്പോഴും ഇയാൾക്കായി ഡ്രോണുകൾ, ഹെലികോപ്റ്ററുകൾ, പൊലീസ് നായ്ക്കൾ, ഗ്രൗണ്ട് റെസ്ക്യൂ സംഘങ്ങൾ എന്നിവരെ ഉപയോഗിച്ച് വിപുലമായ രീതിയിലാണ് തിരച്ചിൽ പുരോഗമിക്കുന്നത്.
ചൊവ്വാഴ്ച വൈകിട്ട് 6:30-ഓടെ ഇയാളുടെ ഫോണിൽ നിന്ന് 911 അടിയന്തര നമ്പറിലേക്ക് ഒരു കോൾ എത്തിയതായി സെർച്ച് ആൻഡ് റെസ്ക്യൂ അധികൃതർ സ്ഥിരീകരിച്ചു. താൻ മലനിരകളിൽ കുടുങ്ങിക്കിടക്കുകയാണെന്ന് വോലോ കോളിൽ അറിയിച്ചെങ്കിലും നിമിഷങ്ങൾക്കകം സിഗ്നൽ നഷ്ടപ്പെടുകയായിരുന്നു. ഈ പ്രദേശത്ത് മൊബൈൽ റേഞ്ച് വളരെ കുറവായതാണ് സംഭാഷണം പൂർത്തിയാക്കാൻ സാധിക്കാതിരുന്നതെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. താൻ ജീവനോടെയുണ്ടെന്ന സന്ദേശം നൽകിയതോടെ ഇയാൾ സുരക്ഷിതമായി തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് കുടുംബവും പ്രദേശവാസികളും.
Also Read: ക്യുബെക് തിരഞ്ഞെടുപ്പ്: വോട്ടർ സ്ലിപ്പുകൾ ഇനി ഫ്രഞ്ചിൽ മാത്രം; തീരുമാനത്തിൽ മാറ്റമില്ലെന്ന് സർക്കാർ
പ്രതികൂല കാലാവസ്ഥയും കുന്നുകളും പാറക്കെട്ടുകളും നിറഞ്ഞ കഠിനമായ ആൽപൈൻ ഭൂപ്രകൃതിയും തിരച്ചിലിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. ഇയാൾ സഞ്ചരിക്കാൻ സാധ്യതയുള്ള ഒഫീഷ്യൽ പാതകളിലും ‘ക്ലൈംബേഴ്സ് ട്രെയിൽ’ എന്നറിയപ്പെടുന്ന ഇടുങ്ങിയ വഴികളിലും റെസ്ക്യൂ സംഘം പരിശോധന നടത്തുന്നുണ്ട്. കറുത്ത ടി-ഷർട്ടും ഷോർട്സും ധരിച്ച് ബാക്ക്പാക്കുമായി ഗൊണ്ടോളയിൽ നിന്ന് ഇറങ്ങുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ തന്നെ സ്ക്വാമിഷ് പൊലീസിനെ വിവരം അറിയിക്കണമെന്ന് റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് (RCMP) അഭ്യർത്ഥിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









