ചെന്നൈ : തമിഴ്നാട്ടിൽ ഭരണകക്ഷിയായ തമിഴക വെട്രി കഴകവും (ടിവികെ) സഖ്യകക്ഷിയായ കോൺഗ്രസും തമ്മിൽ രാഷ്ട്രീയ പോര് ശക്തമാകുന്നു. മുഖ്യമന്ത്രിയും ടിവികെ അധ്യക്ഷനുമായ സി. ജോസഫ് വിജയ്യെ 2029-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടാനുള്ള ടിവികെ നീക്കത്തിനെതിരെ കോൺഗ്രസ് രംഗത്തെത്തിയതോടെയാണ് ഭിന്നത പരസ്യമായത്. ദേശീയ തലത്തിൽ 9 ശതമാനം ആളുകൾ വിജയ്യെ പിന്തുണയ്ക്കുന്നുവെന്ന അടുത്തിടെ പുറത്തുവന്ന ഒരു സർവേ ഫലമാണ് പുതിയ വിവാദങ്ങൾക്ക് തുടക്കമിട്ടത്.

വിജയ്യെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കണമെന്ന ടിവികെ നേതാക്കളുടെ ആവശ്യത്തിനെതിരെ കടുത്ത മുന്നറിയിപ്പുമായി തമിഴ്നാട് ടൂറിസം മന്ത്രിയും കോൺഗ്രസ് നേതാവുമായ എസ്. രാജേഷ് കുമാർ രംഗത്തെത്തി. 2029-ൽ രാഹുൽ ഗാന്ധിയെ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി അംഗീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ടിവികെ ഇതിന് തയ്യാറായില്ലെങ്കിൽ മന്ത്രിസഭയിലുള്ള കോൺഗ്രസ് മന്ത്രിമാർ സ്ഥാനം രാജിവെച്ച് പുറത്തുപോകുമെന്നും അദ്ദേഹം കന്യാകുമാരിയിൽ നടന്ന പൊതുയോഗത്തിൽ വ്യക്തമാക്കി.
മന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ശക്തമായ പ്രതികരണവുമായി ടിവികെ സൈബർ ഹാൻഡിലുകളും നേതാക്കളും രംഗത്തുവന്നു. കഴിഞ്ഞ 60 വർഷത്തിനിടെ ആദ്യമായി കോൺഗ്രസിന് തമിഴ്നാട് മന്ത്രിസഭയിൽ പ്രാതിനിധ്യം ലഭിച്ചത് വിജയ് കാരണം മാത്രമാണെന്നാണ് ടിവികെ അനുഭാവികളുടെ വാദം. നിലവിലെ സംഭവവികാസങ്ങൾ മുന്നണിയിലെ വിള്ളലുകൾ കൂടുതൽ വ്യക്തമാക്കുന്നതാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
ഇതിനിടെ, വിഷയത്തിൽ ടിവികെയെ പരിഹസിച്ച് തമിഴ്നാട് പിസിസി പ്രസിഡന്റ് മാണിക്കം ടാഗോർ എംപി പങ്കുവെച്ച ‘കുട്ടിക്കഥ’ വലിയ ചർച്ചയായിട്ടുണ്ട്. സുഹൃത്തുക്കളായ ആനയെയും സിംഹത്തെയും തമ്മിൽ തെറ്റിക്കാനായി കുറുക്കൻ വ്യാജ സർവേ സംഘടിപ്പിച്ചുവെന്ന കഥയിലൂടെ സഖ്യകക്ഷികൾക്കിടയിൽ ഭിന്നതയുണ്ടാക്കാനാണ് ഇത്തരം നീക്കങ്ങളുടെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിടയായി മുന്നണിയിലെ അഭിപ്രായവ്യത്യാസങ്ങൾ എങ്ങോട്ടെത്തുമെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളവും തമിഴ്നാടും.
Vijay 2029 PM Candidate: TVK-Congress Tensions Rise
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq




