ടൊറൊന്റോ : ടൊറൊന്റോയിലെ ഗാർഡിനർ എക്സ്പ്രസ്‌വേയും ഡോൺ വാലി പാർക്ക്‌വേയും ഒന്റാറിയോ സംസ്ഥാനം ഏറ്റെടുക്കുന്ന പ്രക്രിയയുടെ അവസാന പഠനം 2025-ൽ പൂർത്തിയാകുമെന്ന് അധികൃതർ അറിയിച്ചു.പാതകളുടെ നിലവിലെ അവസ്ഥ, സാമ്പത്തിക വശങ്ങൾ, നിയമപരമായ കാര്യങ്ങൾ എന്നിവ വിലയിരുത്തുന്ന ഈ പഠനത്തിനു ശേഷം, 33 കിലോമീറ്റർ നീളമുള്ള ഈ പാതകളുടെ ഉടമസ്ഥാവകാശം സംസ്ഥാനത്തിന് കൈമാറും.
2023 അവസാനത്തോടെ പ്രീമിയർ ഡഗ് ഫോർഡ് ഈ പാതകൾ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു, നഗരത്തിന്റെ സാമ്പത്തിക ഭാരം കുറയ്ക്കുന്നതിനാണിതെന്നും അദ്ദേഹം വ്യക്തമാക്കി. തുടർന്ന്, ടൊറൊന്റോ നഗരം 1.9 ബില്യൺ ഡോളർ TTC, പാർക്കുകൾ, റോഡ് പരിപാലനം തുടങ്ങിയ മറ്റ് മുൻഗണനാ മേഖലകളിലേക്ക് പുനർനിർദ്ദേശിച്ചു. 2017 മുതൽ ഇതുവരെ ഗാർഡിനർ എക്സ്പ്രസ്‌വേയുടെ നവീകരണത്തിനായി നഗരസഭ 664 മില്യൺ ഡോളർ നിക്ഷേപിച്ചിട്ടുണ്ട്, അറ്റകുറ്റപ്പണികൾ ഇപ്പോഴും തുടരുകയാണ്.
“ഈ പാതകൾ സംസ്ഥാനം ഏറ്റെടുക്കുന്നത് ടൊറൊന്റോ നഗരത്തിന്റെ സാമ്പത്തിക ഭാരം ഗണ്യമായി കുറയ്ക്കും,” എന്ന് ടൊറന്റോ മേയർ ഒലിവിയ ചൗ പറഞ്ഞു. നഗര ഉദ്യോഗസ്ഥർ പൊതുവെ ഈ നീക്കത്തെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും, പ്രാദേശിക നിയന്ത്രണം നഷ്ടപ്പെടുന്നതിനെക്കുറിച്ചും, വരുമാന സ്രോതസ്സായി ടോളിംഗ് സംവിധാനം സംസ്ഥാനം നിരസിച്ചതിനെക്കുറിച്ചും ആശങ്കകൾ നിലനിൽക്കുന്നുണ്ട്. വലിയ അടിസ്ഥാന സൗകര്യങ്ങളും ധനകാര്യവും കൈകാര്യം ചെയ്യാൻ സംസ്ഥാനത്തിന് മികച്ച ശേഷിയുണ്ടെങ്കിലും, പഴക്കമുള്ള ഈ പാതകളുടെ പരിപാലനം ചെലവേറിയതാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.



