ഫെഡറക്റ്റൺ: പുതിയ അധ്യയന വർഷം ആരംഭിക്കാൻ രണ്ടാഴ്ച മാത്രം ബാക്കിനിൽക്കെ, സ്കൂളുകളിൽ വിദ്യാർത്ഥികളുടെ ഫോൺ ഉപയോഗത്തിന് കർശന നിയന്ത്രണങ്ങളേർപ്പെടുത്തി ന്യൂ ബ്രൺസ്വിക് സർക്കാർ. ക്ലാസ് മുറികളിലെ ശ്രദ്ധതിരിയലുകൾ ഒഴിവാക്കി വായന, ഗണിതശേഷി, പരസ്പരമുള്ള സാമൂഹിക ബന്ധങ്ങൾ എന്നിവ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് വിദ്യാഭ്യാസ, പ്രാഥമിക ശിശുവികസന മന്ത്രി ക്ലെയർ ജോൺസൺ അറിയിച്ചു. ഒറോമോക്റ്റോ ഹൈസ്കൂളിൽ നടന്ന ചടങ്ങിലാണ് മന്ത്രി പുതിയ നയം പ്രഖ്യാപിച്ചത്.
പ്രധാന നിയന്ത്രണങ്ങളും മാറ്റങ്ങളും:
കെ-8 വിദ്യാർത്ഥികൾക്ക് സമ്പൂർണ്ണ വിലക്ക്: കിന്റർഗാർട്ടൻ മുതൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് സ്കൂൾ സമയം മുഴുവൻ (ഇടവേളകളും ഉച്ചഭക്ഷണ സമയവും ഉൾപ്പെടെ) മൊബൈൽ ഫോൺ ഉപയോഗിക്കാൻ അനുവാദമുണ്ടായിരിക്കില്ല.
ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് തുടക്കത്തിൽ ക്ലാസ് സമയത്ത് മാത്രമായിരിക്കും വിലക്ക്. ഇടവേളകളിലും ഉച്ചഭക്ഷണ സമയത്തും ഫോൺ ഉപയോഗിക്കാം. എന്നാൽ രണ്ടാം സെമസ്റ്റർ ആരംഭിക്കുന്നതോടെ ഇവർക്കും സ്കൂൾ സമയം മുഴുവൻ വിലക്ക് ബാധകമാകും. മുതിർന്ന കുട്ടികൾ ഫോണുകളോട് കൂടുതൽ ആസക്തി കാണിക്കുന്നതിനാലാണ് ഇത്തരമൊരു ഘടനാപരമായ മാറ്റമെന്ന് മന്ത്രി വ്യക്തമാക്കി.
ALSO READ ; കാനഡ പൗരത്വ അപേക്ഷകളിൽ കരുതൽ വേണം!; തെറ്റുകൾ ഒഴിവാക്കാൻ മുന്നറിയിപ്പ്
സ്കൂൾ നെറ്റ്വർക്കുകളിലും ഉപകരണങ്ങളിലും ചില സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് നിരോധനം ഏർപ്പെടുത്തും. എന്നാൽ വിദ്യാഭ്യാസ ആവശ്യങ്ങൾക്കുള്ള ആപ്പുകൾ ലഭ്യമാകും.
പ്രമേഹ പരിശോധന പോലുള്ള ആരോഗ്യപരമായ ആവശ്യങ്ങൾക്കും, പ്രത്യേക പഠന സഹായ ഉപകരണങ്ങൾ ആവശ്യമുള്ള കുട്ടികൾക്കും ഈ നിയമത്തിൽ ഇളവുണ്ടാകും.
ലൈസൻസുള്ള ചൈൽഡ് കെയർ സെന്ററുകളിൽ സ്ക്രീൻ സമയം പരമാവധി 30 മിനിറ്റായി ചുരുക്കി. രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സ്ക്രീൻ സമയം പൂർണ്ണമായും വിലക്കി.
ലഹരിവസ്തുക്കൾ തലച്ചോറിനെ സ്വാധീനിക്കുന്നത് പോലെയാണ് ഡിജിറ്റൽ ഉപകരണങ്ങളുടെ അമിത ഉപയോഗമെന്നും, ഈ തീരുമാനത്തെ പൂർണ്ണമായി പിന്തുണയ്ക്കുന്നുവെന്നും ഉച്ചകോടിയിൽ പങ്കെടുത്ത ബോസെറോൺ സെക്യൂരിറ്റി സി.ഇ.ഒ ഡേവിഡ് ഷിപ്പ്ലി പറഞ്ഞു. പുതിയ തീരുമാനം കുട്ടികളുടെ പഠന നിലവാരവും മാനസികാരോഗ്യവും മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ന്യൂ ബ്രൺസ്വിക് ടീച്ചേഴ്സ് അസോസിയേഷൻ (NBTA) പ്രസിഡന്റ് ഹൈഡി റൈഡർ വ്യക്തമാക്കി. സാങ്കേതികവിദ്യ പഠനത്തിന് ആവശ്യമായി വരുമ്പോൾ സ്കൂളുകൾ കുട്ടികൾക്ക് പകരം സംവിധാനങ്ങൾ ഒരുക്കണമെന്നും അവർ കൂട്ടിച്ചേർത്തു. രക്ഷിതാക്കളും സർക്കാരിന്റെ ഈ തീരുമാനത്തെ അഭിനന്ദിച്ചിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq





