ന്യൂ ബ്രൺസ്വിക്ക്: ന്യൂ ബ്രൺസ്വിക്കിൽ പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെ വിദ്യാർഥികളുടെ മൊബൈൽ ഫോൺ ഉപയോഗത്തിനും സോഷ്യൽ മീഡിയക്കും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പ്രവിശ്യാ വിദ്യാഭ്യാസ-മന്ത്രി ക്ലെയർ ജോൺസൺ ഓറോമോക്റ്റോയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. പുതിയ തീരുമാനമനുസരിച്ച് കിൻഡർഗാർട്ടൻ മുതൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് സ്കൂൾ സമയങ്ങളിൽ മൊബൈൽ ഫോണോ മറ്റ് വ്യക്തിഗത ഡിജിറ്റൽ ഉപകരണങ്ങളോ ഉപയോഗിക്കാൻ അനുവാദമുണ്ടാകില്ല. ഒമ്പത് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്ക് 2027 ഫെബ്രുവരിയിൽ ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ മുതലാണ് ഈ നിരോധനം ബാധകമാകുക. എന്നാൽ ഇവർക്ക് പഠനാവശ്യങ്ങൾക്കായി സ്വന്തം ടാബ്ലെറ്റുകളും ലാപ്ടോപ്പുകളും ഉപയോഗിക്കാൻ അനുമതിയുണ്ട്.
ക്ലാസ് മുറികളിലെ സ്ക്രീൻ സമയം പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ലൈസൻസുള്ള ചൈൽഡ് കെയർ സെന്ററുകളിൽ സ്ക്രീൻ സമയം ദിവസത്തിൽ പരമാവധി മുപ്പത് മിനിറ്റായി ചുരുക്കി. അധ്യാപകരുടെ മേൽനോട്ടത്തിൽ മാത്രം അനുവദിക്കുന്ന ഈ സമയം ഭക്ഷണസമയത്ത് ഉപയോഗിക്കാൻ പാടില്ല. രണ്ട് വയസ്സോ അതിൽ താഴെയോ പ്രായമുള്ള കുട്ടികൾക്ക് പൂർണ്ണമായും സ്ക്രീൻ സമയം വിലക്കിയിട്ടുണ്ട്. കൂടാതെ വരുന്ന മാസം മുതൽ സ്കൂൾ നെറ്റ്വർക്കുകളിലും ഉപകരണങ്ങളിലും സോഷ്യൽ മീഡിയ സൈറ്റുകൾ പൂർണ്ണമായി നിരോധിക്കും.
അമിതമായ ഫോൺ ഉപയോഗവും സോഷ്യൽ മീഡിയയും കുട്ടികളുടെ വളർച്ചയെയും പഠനത്തെയും ദോഷകരമായി ബാധിക്കുന്നുണ്ടെന്നും, കുട്ടികളെ മിടുക്കരാക്കാനാണ് ഈ നടപടിയെന്നും മന്ത്രി ക്ലെയർ ജോൺസൺ പറഞ്ഞു. ഒന്റാറിയോ, ക്യുബെക് എന്നിവിടങ്ങളിലെ വിജയകരമായ മാതൃക പിന്തുടർന്ന് പ്രവിശ്യയുടെ ചൈൽഡ് ആൻഡ് യൂത്ത് അഡ്വക്കേറ്റിന്റെ ശുപാർശകൾ കൂടി പരിഗണിച്ചാണ് പുതിയ നയം രൂപീകരിച്ചത്. കുട്ടികളുടെ മാനസികാരോഗ്യത്തിന് ഡിജിറ്റൽ ലോകത്ത് നിന്ന് മാറി നേരിട്ട് സംവദിക്കേണ്ടത് അത്യാവശ്യമാണെന്ന് കനേഡിയൻ മെന്റൽ ഹെൽത്ത് അസോസിയേഷൻ സിഇഒ ക്രിസ്റ്റ ബാൾഡ്വിൻ അഭിപ്രായപ്പെട്ടു. സോഷ്യൽ മീഡിയ തടയുന്നതിലൂടെ കുട്ടികളുടെ ബ്രെയിൻ വളർച്ച സംരക്ഷിക്കാൻ സാധിക്കുമെന്ന് ടെക്നോളജി വിദഗ്ദ്ധൻ ഡേവിഡ് ഷിപ്ലിയും ഈ തീരുമാനത്തെ പിന്തുണച്ച് കോറിൻ മണ്ണും വ്യക്തമാക്കി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





