ഓട്ടവ: എബോള വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച അതിർത്തി വിലക്കുകളും യാത്രാ നിയന്ത്രണങ്ങളും കാനഡ 30 ദിവസത്തേക്ക് കൂടി നീട്ടി. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ (ഡി.ആർ.സി), ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കാണ് കാനഡ പ്രവേശന വിലക്ക് തുടരുന്നത്. ഇതോടെ മെയ് മാസം മുതൽ വിസ, കുടിയേറ്റ അപേക്ഷകൾ തടഞ്ഞുവെക്കപ്പെട്ടിരിക്കുന്ന പതിനായിരക്കണക്കിന് ആളുകളുടെ കാത്തിരിപ്പ് വീണ്ടും നീളും.
പുതിയ പ്രഖ്യാപനത്തോടെ ഈ രാജ്യങ്ങളിൽ നിന്നുള്ള വിസ അപേക്ഷകളിന്മേലുള്ള നടപടികൾ സെപ്റ്റംബർ 28 വരെ നിർത്തിവെച്ചിരിക്കുകയാണ്. നിലവിൽ സാധുവായ വിസ കൈവശമുള്ള ഈ രാജ്യങ്ങളിലെ പൗരന്മാർക്കും കാനഡയിലേക്ക് പ്രവേശിക്കാൻ അനുമതിയുണ്ടാകില്ല. രാജ്യത്ത് എബോള ഭീഷണി വളരെ കുറവാണെങ്കിലും രോഗത്തിന്റെ തീവ്രത കണക്കിലെടുത്താണ് മുൻകരുതൽ നടപടിയെന്നാണ് സർക്കാർ നൽകുന്ന വിശദീകരണം.
ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശം തള്ളി കാനഡ
അതിർത്തികൾ അടച്ചിടുന്നത് എബോള പ്രതിരോധത്തിന് ശാസ്ത്രീയമായ പരിഹാരമല്ലെന്നും, യാത്രാവിലക്ക് പിൻവലിക്കണമെന്നും ലോകാരോഗ്യ സംഘടന (WHO) ആവശ്യപ്പെട്ടിരുന്നെങ്കിലും കാനഡ ഇത് തള്ളിക്കളയുകയായിരുന്നു. കഴിഞ്ഞ ദിവസം ഉഗാണ്ടയിൽ എബോള വ്യാപനം അവസാനിച്ചതായി ലോകാരോഗ്യ സംഘടനയും ആഫ്രിക്കൻ സെന്റർ ഫോർ ഡിസീസ് കൺട്രോളും പ്രഖ്യാപിച്ചിരുന്നു. ദക്ഷിണ സുഡാനിൽ ഇതുവരെ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടുമില്ല. എന്നിട്ടും ഈ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്ക് ഏർപ്പെടുത്തുന്നത് ന്യായീകരിക്കാനാവില്ലെന്ന് ആഗോള ആരോഗ്യ നിയമ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. കാനഡയുടേത് വെറുമൊരു cosmetic നടപടി മാത്രമാണെന്നും ജനങ്ങളെ തൃപ്തിപ്പെടുത്താൻ വേണ്ടിയുള്ള നീക്കമാണിതെന്നും ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സിന്റെ മുൻ തലവനായിരുന്ന ഡോ. ജോവാൻ ലിയു വിമർശിച്ചു.
ഡി.ആർ.സിയിൽ കനത്ത നാശനഷ്ടം
ഉഗാണ്ടയിലും ദക്ഷിണ സുഡാനിലും ആശ്വാസകരമായ സാഹചര്യമാണെങ്കിലും കോംഗോയിൽ (DRC) സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. ചരിത്രത്തിലെ ഏറ്റവും വേഗത്തിൽ പടരുന്ന എബോള വ്യാപനമാണ് ഇവിടെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതുവരെ 5,794 പേർക്ക് രോഗം ബാധിക്കുകയും 2,786 പേർ മരണപ്പെടുകയും ചെയ്തു. ലൈസൻസുള്ള വാക്സിനോ പ്രത്യേക ചികിത്സയോ ലഭ്യമല്ലാത്ത ‘ബുണ്ടിബുഗ്യോ’ എന്ന അപൂർവ്വ ഇനത്തിൽപ്പെട്ട വൈറസാണ് ഇവിടെ പടരുന്നത്.
അതിർത്തി നിയന്ത്രണം നീട്ടിയതോടെ കുടിയേറ്റ അപേക്ഷ നൽകിയ ആയിരക്കണക്കിന് കുടുംബങ്ങളാണ് പ്രതിസന്ധിയിലായിരിക്കുന്നത്. കനേഡിയൻ പൗരന്മാരായ പങ്കാളികളുടെ അടുത്തെത്താൻ സാധിക്കാതെ നിരവധിയാളുകൾ വിദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്നു. കാനഡ പൗരന്മാർക്ക് ക്വാറന്റൈൻ വ്യവസ്ഥകളോടെ രാജ്യത്തേക്ക് പ്രവേശിക്കാമെന്നിരിക്കെ, വിദേശ പൗരന്മാർക്ക് പൂർണ്ണ വിലക്ക് ഏർപ്പെടുത്തുന്നത് വിവേചനമാണെന്ന് ഇരയായവർ ആരോപിക്കുന്നു.
ഫുട്ബോൾ ലോകകപ്പുമായി ബന്ധപ്പെട്ട സാംസ്കാരിക പരിപാടികളിൽ പങ്കെടുക്കാനും ചാരിറ്റി ഫണ്ട് ശേഖരണത്തിനുമായി കാനഡയിലേക്ക് വരാനിരുന്ന ഉഗാണ്ടയിലെ കലാസംഘങ്ങൾ ഉൾപ്പെടെയുള്ളവർക്കും ഈ തീരുമാനം വലിയ തിരിച്ചടിയായി. കാനഡയിൽ തിരിച്ചെത്തുന്ന സ്വന്തം പൗരന്മാർക്ക് ഏർപ്പെടുത്തിയ 21 ദിവസത്തെ നിർബന്ധിത ക്വാറന്റൈൻ നിലനിൽക്കുന്നതിനാൽ ദുരിതാശ്വാസ മേഖലയിലേക്ക് സന്നദ്ധ പ്രവർത്തകരെ അയക്കാൻ സാധിക്കുന്നില്ലെന്ന് ചാരിറ്റി സംഘടനകളും വ്യക്തമാക്കുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq





