ഫ്രെഡറിക്റ്റൺ: അമേരിക്കയുമായുള്ള വ്യാപാര തർക്കവും വർദ്ധിച്ചുവരുന്ന തീരുവകളും സൃഷ്ടിച്ച സാമ്പത്തിക അനിശ്ചിതത്വം മറികടക്കാൻ പ്രകൃതിവാതക ഖനനത്തിനുള്ള (ഹൈഡ്രോളിക് ഫ്രാക്കിംഗ്) ദീർഘകാല നിരോധനം പുനഃപരിശോധിക്കാൻ ന്യൂ ബ്രൺസ്വിക് പ്രവിശ്യാ സർക്കാർ തീരുമാനിച്ചു. പ്രവിശ്യയുടെ സാമ്പത്തിക മേഖലയ്ക്ക് കൂടുതൽ സ്ഥിരത കൈവരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടിയെന്ന് പ്രീമിയർ സൂസൻ ഹോൾട്ട് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
2014-ലാണ് ന്യൂ ബ്രൺസ്വിക് ഫ്രാക്കിംഗിന് പൂർണ്ണ നിരോധനം ഏർപ്പെടുത്തിയത്. കഴിഞ്ഞ വർഷം വരെ ഈ നിരോധനത്തെ ശക്തമായി പിന്തുണച്ചിരുന്ന സൂസൻ ഹോൾട്ട്, യു.എസുമായുള്ള വ്യാപാര സംഘർഷം രൂക്ഷമായതോടെയാണ് നിലപാടിൽ മാറ്റം വരുത്താൻ തയ്യാറായത്. എന്നാൽ ഈ പുനഃപരിശോധന പെട്ടെന്ന് തന്നെ വ്യാപകമായ ഡ്രില്ലിംഗിലേക്ക് വഴിതുറക്കുമെന്ന് കരുതേണ്ടതില്ലെന്നും, തദ്ദേശീയ വിഭാഗങ്ങളായ ‘ഫസ്റ്റ് നേഷൻസ്’ സമൂഹങ്ങളുമായും വ്യവസായ മേഖലയിലെ പ്രമുഖരുമായും ജനങ്ങളുമായും വിപുലമായ ആശയവിനിമയം നടത്തുമെന്നും അവർ വ്യക്തമാക്കി.
പരിസ്ഥിതിക്കും ജനങ്ങൾക്കും പൂർണ്ണ സുരക്ഷിതത്വം ഉറപ്പുവരുത്താതെ വാതക ഖനനം മുന്നോട്ട് കൊണ്ടുപോകില്ലെന്ന് പ്രകൃതിവിഭവ മന്ത്രി ജോൺ ഹെറോൺ കൂട്ടിച്ചേർത്തു. പ്രവിശ്യയിൽ ഭൂമിക്കടിയിൽ നൂറുകണക്കിന് ബില്യൺ ഡോളർ മൂല്യം വരുന്ന 77.9 ട്രില്യൺ ക്യൂബിക് ഫീറ്റ് പ്രകൃതിവാതക ശേഖരമുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq





