മെട്രോ വൻകൂവർ: മെട്രോ വൻകൂവറിൽ കഴിഞ്ഞ വാരാന്ത്യത്തിൽ ഉണ്ടായ കനത്ത ഇടിമിന്നലോടു കൂടിയ മഴയിൽ റെക്കോർഡ് മിന്നൽപ്പിണറുകൾ രേഖപ്പെടുത്തി. ശനിയാഴ്ച രാത്രി മുതൽ ഞായറാഴ്ച രാവിലെ വരെയുള്ള സമയം കൊണ്ട് മാത്രം 1,725 ഇടിമിന്നലുകളാണ് മേഖലയിൽ പതിച്ചത്.
പ്രദേശത്ത് മിന്നൽ കണ്ടെത്താനുള്ള സംവിധാനം നിലവിൽ വന്ന ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. 2013 ആഗസ്റ്റിൽ രേഖപ്പെടുത്തിയ 869 മിന്നലുകളെന്ന മുൻ റെക്കോർഡാണ് ഇതോടെ പഴങ്കഥയായതെന്ന് എൻവയോൺമെന്റ് കാനഡയിലെ കാലാവസ്ഥാ നിരീക്ഷക ജെന്നിഫർ കോവൽ വ്യക്തമാക്കി. ഈ വേനൽക്കാലത്ത് മുൻപ് ഉണ്ടായ കൊടുങ്കാറ്റുകളിൽ യഥാക്രമം 128, 139 മിന്നലുകൾ മാത്രമാണ് രേഖപ്പെടുത്തിയിരുന്നത്.
ALSO READ: സമരം ഫലം കണ്ടു! വെസ്റ്റ്ജെറ്റ് ജീവനക്കാർ ഒത്തുതീർപ്പിലേക്ക്; പുതിയ കരാറിന് അംഗീകാരം
മിന്നലിനൊപ്പം വൻ തോതിലുള്ള മഴയ്ക്കും പ്രദേശം സാക്ഷ്യം വഹിച്ചു. ഹോഴ്സ്ഷൂ ബേ, ഈഗിൾ റിഡ്ജ് എന്നിവിടങ്ങളിൽ 53 മില്ലീമീറ്ററും വൻകൂവർ വിമാനത്താവളത്തിൽ 44 മില്ലീമീറ്ററും മഴ ലഭിച്ചു. വിമാനത്താവള പരിസരത്ത് മണിക്കൂറിൽ 24 മില്ലീമീറ്റർ എന്ന അതിതീവ്ര നിരക്കിലാണ് മഴ പെയ്തിറങ്ങിയത്. സാധാരണയായി പടിഞ്ഞാറൻ ദിശയിൽ നിന്നാണ് പ്രദേശത്തേക്ക് കാറ്റും ഈർപ്പവും എത്താറുള്ളതെങ്കിൽ, ഇത്തവണ തെക്കൻ ദിശയിൽ നിന്ന് ചൂടും ഈർപ്പവുമുള്ള വായുപ്രവാഹം എത്തിയതാണ് കൊടുങ്കാറ്റിന്റെ ശക്തി ഇരട്ടിയാക്കിയത്.
ഇടിമിന്നലിനെ തുടർന്ന് ലയൺസ് ബേയ്ക്ക് സമീപം കാട്ടുതീ പടർന്നുപിടിക്കുകയും പ്രദേശവാസികൾക്ക് ഒഴിപ്പിക്കൽ മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. എന്നാൽ അഗ്നിശമന സേന തീ വേഗത്തിൽ നിയന്ത്രണവിധേയമാക്കിയതോടെ ഈ മുന്നറിയിപ്പ് പിൻവലിച്ചു. കാട്ടുതീ ഭീഷണി ഉയർത്തിയെങ്കിലും, കൊടുങ്കാറ്റിനൊപ്പം ലഭിച്ച കനത്ത മഴ വരണ്ട ഭൂമിയിൽ ഈർപ്പം നിലനിർത്താനും വരും ദിവസങ്ങളിൽ തീ പടരുന്നത് തടയാനും ഏറെ സഹായകരമായതായും കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq





