കൊച്ചി: അവതാരകൻ ജീവയും ഇൻഫ്ലുവൻസറായ അപർണ തോമസും 11 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം വേർപിരിയുന്നു. സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ജീവ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. “24 – 08 -2015 — 24 – 08 – 2026. എല്ലാ നല്ല ഓർമകൾക്കും നന്ദി” എന്ന അടിക്കുറിപ്പോടെയാണ് ജീവ വേർപിരിയൽ വാർത്ത പങ്കുവെച്ചത്. ഇനി ഒരുമിച്ച് മുന്നോട്ട് പോകാൻ കഴിയില്ലെന്ന തിരിച്ചറിവിലാണ് ഈ തീരുമാനമെന്നും ഇരുവരുടെയും ഭാവിയെ കരുതി ആത്മബന്ധം അവസാനിപ്പിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കരിയറിലും വ്യക്തിജീവിതത്തിലും കൂടെനിന്ന ആരാധകരോട് നേരിട്ട് തന്നെ കാര്യങ്ങൾ പറയാനാണ് ഈ കുറിപ്പെന്ന് ജീവ വ്യക്തമാക്കി. ദമ്പതികൾ എന്ന നിലയിൽ പ്രേക്ഷകർ തങ്ങളെ ഏറെ സ്നേഹിച്ചിരുന്നുവെന്നും എന്നാൽ ഇനി മുതൽ ‘ഞങ്ങൾ’ എന്നതിന് പകരം ജീവ എന്നും അപർണ എന്നും മാത്രമായിരിക്കും അറിയപ്പെടുകയെന്നും പോസ്റ്റിൽ പറയുന്നു. വേർപിരിയലിന് പിന്നിലെ കാരണം പൂർണമായും വ്യക്തിപരമായ ഒന്നാണെന്നും ഇനി വ്യത്യസ്ത വഴികളിലൂടെ സഞ്ചരിക്കാനാണ് തീരുമാനമെന്നും ജീവ കുറിച്ചു.
ഏറെ പക്വതയോടെയാണ് ഇരുവരും ഈ തീരുമാനത്തെ സമീപിച്ചതെന്നും ആരാധകരും അത് അതേപോലെ ഉൾക്കൊള്ളണമെന്ന് ജീവ അഭ്യർത്ഥിച്ചു. തികച്ചും വ്യക്തിപരമായ ഒരു ഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും കാര്യങ്ങൾ മനസിലാക്കണമെന്നും ജീവ പോസ്റ്റിലൂടെ അപേക്ഷിക്കുന്നുണ്ട്. “സംഭവിക്കുന്നതെല്ലാം നല്ലതിനാണ്, ഞാൻ അതിൽ വിശ്വസിക്കുന്നു” എന്ന് കുറിച്ചുകൊണ്ടാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിച്ചത്.
ജീവയുടെ പോസ്റ്റിന് മണിക്കൂറുകൾക്ക് മുൻപ് അപർണ നൽകിയ ഒരു മറുപടിയും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. സ്വന്തം പിറന്നാൾ ദിനത്തിൽ “ഹലോ 32.. പാഠങ്ങളുടെയും വളർച്ചയുടെയും കരുത്തിന്റെയും ഒരു വർഷം… തികച്ചും ഒറ്റയ്ക്ക്” എന്ന് അപർണ ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരുന്നു. ഇതിനു താഴെ “നാളെ നിങ്ങളുടെ വിവാഹ വാർഷികമല്ലേ” എന്ന് ചോദിച്ച ആരാധകന് “അതൊക്കെ പണ്ട്” എന്ന് അപർണ നൽകിയ മറുപടിയാണ് വേർപിരിയൽ അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടിയത്.
സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള താരദമ്പതികളായിരുന്നു ജീവയും അപർണയും. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളും പങ്കുവെക്കുന്നത് അടുത്തിടെയായി കുറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് 11 വർഷത്തെ ബന്ധം അവസാനിപ്പിച്ചെന്ന ഔദ്യോഗിക വിവര പുറത്തുവരുന്നത്. വാർത്ത കേട്ടതിന്റെ സങ്കടവും ഇരുവരുടെയും പുതിയ ജീവിതത്തിനായുള്ള ആശംസകളും ആരാധകർ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq





