തിരുവനന്തപുരം: തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷന് മുന്നിൽ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ ഓണം ആഘോഷിച്ച സംഭവത്തിൽ കേരള പൊലീസിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) രൂക്ഷവിമർശനവുമായി രംഗത്തെത്തി. തങ്ങളുടെ ഉന്നത സ്വാധീനം വ്യക്തമാക്കാനും കേസിലെ സാക്ഷികളെ ഭീഷണിപ്പെടുത്താനുമാണ് പ്രതികൾ സ്റ്റേഷൻ വളപ്പിൽ ഇത്തരമൊരു ആഘോഷം സംഘടിപ്പിച്ചതെന്നാണ് ഇ ഡി ചൂണ്ടിക്കാണിക്കുന്നത്. പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഈ ഗുരുതര വീഴ്ചയിൽ അതൃപ്തിയറിയിച്ച് ഇ ഡി അഡീഷണൽ ഡയറക്ടർ ഉടൻ തന്നെ സംസ്ഥാന പോലീസ് മേധാവിക്ക് (ഡിജിപി) ഔദ്യോഗികമായി കത്ത് നൽകും.
സിഐയുടെ അറിവോടെയെന്ന് സ്പെഷ്യൽ ബ്രാഞ്ച്
സ്റ്റേഷൻ ചുമതലയുള്ള സിഐ ആർ. പ്രശാന്തിന്റെ പൂർണ്ണ അറിവോടെയാണ് പ്രതികൾ സ്റ്റേഷനിൽ ഊഞ്ഞാലിട്ട് റീൽസ് ചിത്രീകരിച്ചതെന്ന് സ്പെഷ്യൽ ബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. സംഭവസമയത്ത് സ്റ്റേഷനിലുണ്ടായിരുന്ന ആറ് പൊലീസുകാർക്ക് ചുമതലയിൽ വീഴ്ച സംഭവിച്ചതായി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിലും വ്യക്തമാക്കുന്നുണ്ട്. വീഴ്ച വരുത്തിയ ഈ ആറ് പൊലീസുകാരെയും ഉടൻ തന്നെ സ്റ്റേഷൻ ഡ്യൂട്ടിയിൽ നിന്ന് മാറ്റിനിർത്തുമെന്നാണ് ലഭിക്കുന്ന വിവരം.
യൂണിഫോം മാതൃകയിലുള്ള വസ്ത്രവും റീൽസും
കേസുമായി ബന്ധപ്പെട്ട് സ്റ്റേഷനിൽ ഒപ്പിടാൻ എത്തിയ പ്രതികൾ, പൊലീസുകാർ ധരിച്ച അതേ നിറത്തിലുള്ള ഷർട്ട് ധരിച്ചാണ് ഓണാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയ ഊഞ്ഞാലിൽ ആടിയതും റീൽസ് ചിത്രീകരിച്ചതും. സ്റ്റേഷൻ പരിസരത്ത് പ്രതികൾ ഊഞ്ഞാലാടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം വലിയ വിവാദമായത്. വിഷയം രൂക്ഷമായതോടെ ഡിജിപിയുടെ നിർദ്ദേശപ്രകാരമാണ് സിറ്റി പൊലീസ് കമ്മീഷണർ അന്വേഷണം നടത്തി റിപ്പോർട്ട് തയ്യാറാക്കിയത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla








