വാഷിംഗ്ടൺ: അമേരിക്കയിലെ ന്യൂയോർക്കിൽ പിസ ഡെലിവറി ജോലിക്കിടെ പഞ്ചാബ് സ്വദേശിയായ ഗുർദീപ് സിംഗ് (28) വെടിയേറ്റ് കൊല്ലപ്പെട്ടു. ന്യൂയോർക്ക് നഗരത്തിൽ വച്ച് കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. പഞ്ചാബിലെ കപൂർത്തലയിലുള്ള ബെഗോവാൽ സ്വദേശിയായ യുവാവാണ് കൊല്ലപ്പെട്ടത്. പണം തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെയാണോ ആക്രമണം നടന്നതെന്ന് പൊലീസ് സംശയിക്കുന്നുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. സംഭവത്തിൽ ന്യൂയോർക്ക് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ 13 വർഷം മുൻപാണ് ഗുർദീപ് സിംഗ് കടമെടുത്ത് അമേരിക്കയിലേക്ക് പോയത്. അവിടെ വെയിറ്റർ, ഡെലിവറി ബോയ് ഉൾപ്പെടെയുള്ള ജോലികൾ ചെയ്താണ് ഗുർദീപ് നാട്ടിലേക്ക് പണം അയച്ചിരുന്നത്. വിദേശത്തുനിന്നുള്ള ഈ വരുമാനത്തെ ആശ്രയിച്ചാണ് പിതാവും സഹോദരനും അടങ്ങുന്ന കുടുംബം കഴിഞ്ഞിരുന്നത്. യുവാവിന്റെ അപ്രതീക്ഷിത വേർപാടോടെ കുടുംബത്തിന്റെ ഏക ജീവനോപാധിയാണ് ഇല്ലാതായിരിക്കുന്നത്.
Also Read: യുകെയിൽ മലയാളി നഴ്സിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
സംഭവത്തിൽ പ്രതികളെ ഉടൻ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് കുടുംബം അമേരിക്കൻ അധികാരികളോട് ആവശ്യപ്പെട്ടു. ഗുർദീപിന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്നാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും അഭ്യർത്ഥന. കേസിന്റെ കൂടുതൽ വിവരങ്ങൾക്കായി ന്യൂയോർക്കിലെ ഇന്ത്യൻ എംബസിയുമായി അധികൃതർ ബന്ധപ്പെട്ടു വരികയാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq
Indian youth shot dead while delivering pizza in New York; police launch investigation.









