ഒട്ടാവ: കാനഡയും അമേരിക്കയും തമ്മിലുള്ള നിർണായക വ്യാപാര ചർച്ചകൾ കരാറിലെത്താതെ പിരിഞ്ഞതിനെ തുടർന്ന്, കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക 50 ശതമാനം തീരുവ ഏർപ്പെടുത്തി. ഡൊണാൾഡ് ട്രംപ് ഭരണകൂടം നൽകിയ സമയം അവസാനിച്ചതോടെയാണ് ശനിയാഴ്ച മുതൽ പുതിയ നികുതി നിരക്കുകൾ നിലവിൽ വന്നത്.
തീരുവ വർദ്ധനവ് പ്രഖ്യാപിച്ചതോടെ കാനഡയിൽ നിന്നുള്ള വൻ ഉൽപ്പന്നനിരയെയാണ് അമേരിക്കൻ നടപടി നേരിട്ട് ബാധിക്കുന്നത്. അതേസമയം, സെപ്റ്റംബർ 8 മുതൽ യു.എസ് ഉൽപ്പന്നങ്ങൾക്ക് സമാനമായ തിരിച്ചടി തീരുവ ചുമത്തുമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി പ്രഖ്യാപിച്ചു. നിത്യോപയോഗ സാധനങ്ങൾ മുതൽ വ്യവസായ സാമഗ്രികൾ വരെയുള്ള വൈവിധ്യമാർന്ന മേഖലകളെ കോർത്തിണക്കിയാണ് പുതിയ താരിഫ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. പ്രധാനമായും ക്ഷീരോൽപ്പന്നങ്ങൾ, പാനീയങ്ങൾ, തടി ഉൽപ്പന്നങ്ങൾ, കായിക ഉപകരണങ്ങൾ എന്നിവയ്ക്കാണ് വലിയ തോതിൽ തിരിച്ചടിയുണ്ടാകുക. പാൽ, ക്രീം, മിൽക്ക് പ്രോട്ടീൻ, ലാക്ടോസ്, വിവിധയിനം പഞ്ചസാര ഉൽപ്പന്നങ്ങൾ തുടങ്ങിയ അടിസ്ഥാന ക്ഷീര വസ്തുക്കളും ഇതിൽ ഉൾപ്പെടുന്നു.
കനേഡിയൻ പ്രൊവിൻസുകൾ അമേരിക്കൻ മദ്യത്തിന് ഏർപ്പെടുത്തിയ നിരോധനം, കാർ കയറ്റുമതിയിലെ തീരുവ, അമേരിക്കൻ ക്ഷീരോൽപ്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ ക്വാട്ട നിയന്ത്രണങ്ങൾ എന്നിവ ഒഴിവാക്കാൻ സമ്മർദ്ദം ചെലുത്തുന്നതിനാണ് ട്രംപ് ജൂലൈയിൽ പുതിയ താരിഫ് ഭീഷണി ഉയർത്തിയത്. ഭക്ഷ്യ-പാനീയ മേഖലയ്ക്ക് പുറമെ നിത്യജീവിതത്തിന്റെ ഭാഗമായ മറ്റ് നിരവധി ഉൽപ്പന്നങ്ങളും ഈ ഉയർന്ന തീരുവയുടെ പരിധിയിൽ വരുന്നുണ്ട്. വൈൻ, ബീയർ, സൈഡർ തുടങ്ങിയ മദ്യപാനീയങ്ങൾക്കും നോൺ-ആൽക്കഹോളിക് ബീയറുകൾക്കും ഉയർന്ന നികുതി നൽകേണ്ടി വരും.
ALSO READ ; വ്യാപാര ചർച്ചകൾ പരാജയം: കാനഡ ഉൽപ്പന്നങ്ങൾക്ക് 50% ഇറക്കുമതി തീരുവ ചുമത്തി യു.എസ്
ഇതുകൂടാതെ പെപ്പർമിന്റ്, ഗ്രേപ്ഫ്രൂട്ട് എസൻഷ്യൽ ഓയിലുകൾ, അലങ്കാര തടി കഷ്ണങ്ങൾ, ഐസ്ക്രീം സ്റ്റിക്കുകൾ, ബാംബൂ ഉൽപ്പന്നങ്ങൾ, പന്തുകളും സ്കേറ്റുകളും ഒഴികെയുള്ള ഐസ് ഹോക്കി, ഫീൽഡ് ഹോക്കി കായിക ഉപകരണങ്ങൾ എന്നിവയെല്ലാം പുതിയ നികുതി ഘടനയിലായിരിക്കും ഇനി അമേരിക്കയിലെത്തുക.
അതേസമയം, കാർ കയറ്റുമതിയുമായി ബന്ധപ്പെട്ട ഉത്തരവിന്റെ മറവിൽ മറ്റ് പല വ്യാപാര മേഖലകളിലേക്കും തീരുവ വ്യാപിപ്പിച്ചിട്ടുണ്ട്. പ്രകൃതിദത്ത തേൻ, ബേക്കറി മിക്സുകൾ, വിത്തുകൾ എന്നിവ അടങ്ങുന്ന ഭക്ഷണവസ്തുക്കളും പെർഫ്യൂമുകൾ, വസ്ത്രങ്ങൾ, വസ്ത്ര അനുബന്ധ ഉൽപ്പന്നങ്ങൾ, വിഗ്ഗുകൾ തുടങ്ങിയ സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങളും ഈ വിഭാഗത്തിലാണ് വരുന്നത്. നിർമ്മാണ ആവശ്യങ്ങൾക്കുള്ള സിമന്റ്, ടൈലുകൾ, സ്വർണ്ണ-വെള്ളി ആഭരണങ്ങൾ, പ്രിന്റർ മഷികൾ, ലോക്കുകൾ, റെഫ്രിജറേഷൻ ഉപകരണങ്ങൾ എന്നിവയും ഈ കടുത്ത നിയന്ത്രണത്തിന്റെ പരിധിയിൽ ഉൾപ്പെട്ടിട്ടുണ്ട്.
ഇലക്ട്രോണിക്സ്, സാങ്കേതിക വിദ്യ, വാഹനം, വിനോദം എന്നീ മേഖലകളിലും ഈ താരിഫ് വലിയ പ്രത്യാഘാതമുണ്ടാക്കും. സ്മാർട്ട്ഫോണുകൾ, സെമികണ്ടക്ടർ ഉപകരണങ്ങൾ, ക്യാമറകൾ, ഫൈബർ ഒപ്റ്റിക് കേബിളുകൾ എന്നിവയ്ക്ക് പുറമെ 800 സിസിക്ക് മുകളിലുള്ള ഭാരമേറിയ മോട്ടോർസൈക്കിളുകൾ, ബോട്ടുകൾ എന്നിവയെയും നടപടി ബാധിക്കും.
ഫർണിച്ചറുകൾ, കളിപ്പാട്ടങ്ങൾ, വീഡിയോ ഗെയിം കൺസോളുകൾ, ക്രിസ്മസ് അലങ്കാര വസ്തുക്കൾ, ജിം ഉപകരണങ്ങൾ, അപൂർവ്വ പുരാവസ്തുക്കൾ എന്നിവ വരെ ഈ പട്ടികയിൽ ഉൾപ്പെടുന്നു. അമേരിക്കൻ നീക്കത്തിനെതിരെ കാനഡയും ശക്തമായ തിരിച്ചടിക്ക് ഒരുങ്ങുന്നതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര തർക്കം കൂടുതൽ സങ്കീർണ്ണമാകുകയാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





