ന്യൂഡൽഹി: യമൻ, സൊമാലിയ തീരങ്ങളിൽ രണ്ട് വാണിജ്യ കപ്പലുകൾ കടൽക്കൊള്ളക്കാർ തട്ടിയെടുത്തു. സംഭവസമയത്ത് രണ്ട് കപ്പലുകളിലുമായി 22 ഇന്ത്യൻ പൗരന്മാരാണ് ഉണ്ടായിരുന്നത്. കടൽക്കൊള്ളക്കാരുടെ ഭീഷണിയുള്ള ആഫ്രിക്കൻ തീര മേഖലകളിൽ വീണ്ടും ആശങ്ക വർധിപ്പിക്കുന്നതാണ് പുതിയ സംഭവം. ഡയറക്ടറേറ്റ് ഓഫ് മാരിടൈം അഡ്മിനിസ്‌ട്രേഷൻ നൽകുന്ന വിവരങ്ങൾ പ്രകാരം കപ്പലുകളിലെ ജീവനക്കാരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികൃതർ ശേഖരിച്ചു വരികയാണ്.
ഏദൻ ഉൾക്കടലിൽ യമൻ തീരത്തുനിന്ന് 30 നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് ഇറിട്രിയൻ പതാക വഹിച്ച ‘എം.ടി സിബു 1’ എന്ന എണ്ണക്കപ്പൽ ആറംഗ സായുധ കൊള്ളസംഘം തട്ടിയെടുത്തത്. ഈ കപ്പലിലെ 20 ജീവനക്കാരിൽ 16 പേരും ഇന്ത്യക്കാരാണ്. കൂടാതെ ഒരു സിറിയൻ, സുഡാനീസ്, ഇറാഖി പൗരന്മാരും കപ്പലിലുണ്ട്. ഒരാളുടെ രാജ്യമേതാണെന്ന് വ്യക്തമായിട്ടില്ല. എന്നാൽ കപ്പലിലുള്ള 20 ജീവനക്കാരും സുരക്ഷിതരാണെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
മറ്റൊരു സംഭവത്തിൽ, സൊമാലിയയിലെ പുന്റ്‌ലാന്റ് തീരത്തുനിന്നാണ് ‘എം/വി ലുതുഫ്’ എന്ന ചരക്കുകപ്പൽ കൊള്ളക്കാർ തട്ടിയെടുത്തത്. കാമറൂൺ പതാക ഘടിപ്പിച്ച ഈ കപ്പലിൽ 6 ഇന്ത്യക്കാരുൾപ്പെടെ ആകെ 10 ജീവനക്കാരാണുള്ളത്. ഒരു തുർക്കി പൗരൻ, ഒരു ജോർജിയൻ, സുരക്ഷാ ചുമതലയിലുണ്ടായിരുന്ന രണ്ട് സെർബിയൻ സ്വദേശികൾ എന്നിവരാണ് മറ്റുള്ളവർ. പോളാർ മൂവ്‌മെന്റ് ഷിപ്പിംഗിന്റെ ഉടമസ്ഥതയിലുള്ള ഈ കപ്പൽ തിങ്കളാഴ്ചയാണ് കൊള്ളക്കാർ പിടിച്ചെടുത്തത്.
മോഗാദിഷുവിലെ തുർക്കി സൈനിക പരിശീലന കേന്ദ്രത്തിലേക്ക് കൊണ്ടുപോവുകയായിരുന്ന ആയുധങ്ങളും വാർത്താവിനിമയ-സാറ്റലൈറ്റ് ഉപകരണങ്ങളുമാണ് കപ്പലിലുണ്ടായിരുന്നത്. മുൻപ് ഏപ്രിൽ മാസത്തിൽ ‘എം/വി സ്വാർഡ്’ എന്ന കപ്പൽ തട്ടിയെടുത്ത സംഘത്തിൽപ്പെട്ട എട്ട് കൊള്ളക്കാരാണ് ഈ ആക്രമണത്തിന് പിന്നിലെന്നാണ് നിഗമനം. കപ്പൽ പിടിച്ചെടുത്തതിന് പിന്നാലെ സമീപത്തേക്ക് രണ്ട് തുർക്കിഷ് കപ്പലുകൾ എത്തുകയും മേഖലയിൽ തുർക്കി ഹെലികോപ്റ്ററുകളും ഡ്രോണുകളും നിരീക്ഷണം നടത്തുകയും ചെയ്യുന്നുണ്ട്.
രണ്ട് കപ്പലുകളിലുമായി കുടുങ്ങിക്കിടക്കുന്ന 22 ഇന്ത്യക്കാരുടെയും സുരക്ഷ ഉറപ്പാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഏദൻ ഉൾക്കടലിലും സൊമാലിയൻ കടലിടുക്കിലും വീണ്ടും കടൽക്കൊള്ള സജീവമാകുന്നത് ആഗോള കപ്പൽ ഗതാഗതത്തിന് വലിയ ഭീഷണിയുയർത്തുന്നുണ്ട്. കപ്പലുകളുടെയും ജീവനക്കാരുടെയും നിലവിലെ സ്ഥിതിഗതികൾ അന്താരാഷ്ട്ര ഏജൻസികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla




