തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ റോഡ് കണക്ടിവിറ്റി എൽ.ഡി.എഫ്. സർക്കാർ വൈകിപ്പിച്ചു എന്ന മുഖ്യമന്ത്രി വി. ഡി. സതീശന്റെ ആരോപണം തികച്ചും വസ്തുതാവിരുദ്ധവും അപഹാസ്യവുമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പദ്ധതിയുടെ ക്രെഡിറ്റ് ഏറ്റെടുക്കാനുള്ള വിലകുറഞ്ഞ രാഷ്ട്രീയ അഭ്യാസമാണ് യു.ഡി.എഫ്. സർക്കാർ നടത്തുന്നതെന്നും, തുറമുഖത്തിന്റെ 100 ശതമാനം പ്രവൃത്തികളും എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്താണ് പൂർത്തിയായതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വിമർശിച്ചു.
2022-ൽ തുറമുഖത്തിനെതിരെ സമരം നടന്നപ്പോൾ അതിന് പൂർണ്ണ പിന്തുണ നൽകിയത് യു.ഡി.എഫ്. ആണെന്ന് പിണറായി വിജയൻ കുറ്റപ്പെടുത്തി. അന്ന് പ്രതിപക്ഷ നേതാവായിരുന്ന ഇന്നത്തെ മുഖ്യമന്ത്രി സതീശൻ സമരസ്ഥലം സന്ദർശിച്ച് പദ്ധതി നിർത്തിവെക്കാൻ ആവശ്യപ്പെടുകയാണ് ചെയ്തത്. ഇത്തരം സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ പദ്ധതിയുമായി മുന്നോട്ടുപോയത് എൽ.ഡി.എഫ്. സർക്കാരാണെന്നും, അന്ന് സമരം ചെയ്തവർ ഇന്ന് ക്രെഡിറ്റിനായി വരുന്നത് അപഹാസ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദേശീയപാത 66-മായി തുറമുഖത്തെ ബന്ധിപ്പിക്കുന്ന റോഡിനായി പദ്ധതി ആസൂത്രണം ചെയ്തതും ഭൂമി ഏറ്റെടുക്കൽ നടപടികൾ അതിവേഗത്തിലാക്കിയതും എൽ.ഡി.എഫ്. സർക്കാരാണെന്ന് അദ്ദേഹം വ്യക്തമാക്കി. 2024 ജനുവരിയിൽ അന്തിമ അനുമതി ലഭിക്കുമ്പോഴേക്കും വേണ്ടിവന്ന ഭൂമിയുടെ ഭൂരിഭാഗവും (42 സെന്റിൽ 35.81 സെന്റും) എൽ.ഡി.എഫ്. സർക്കാർ ഏറ്റെടുത്തിരുന്നു. നാഷണൽ ഹൈവേ അതോറിറ്റിയും കേന്ദ്ര സർക്കാരുമാണ് അനുമതി നൽകുന്നതിൽ കാലതാമസം വരുത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനങ്ങൾക്ക് ശേഷം അദ്ദേഹം പറഞ്ഞ വിഷയങ്ങളിൽ ഫാക്ട് ചെക്ക് നടത്താൻ മുന്നോട്ടുവരുന്ന ജനങ്ങളെയും മാധ്യമങ്ങളെയും പ്രതിപക്ഷ നേതാവ് അഭിനന്ദിച്ചു. മുഖ്യമന്ത്രി മുൻപ് പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് വിഴിഞ്ഞം പദ്ധതി തടസ്സപ്പെടുത്താൻ നടത്തിയ ഇടപെടലുകളുടെ ദൃശ്യങ്ങൾ ഫാക്ട് ചെക്കിലൂടെ പുറത്തുവന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
Also Read : വിദ്യാർഥികൾക്ക് പ്രതിഷേധിക്കാൻ അവകാശമുണ്ട്; വിവാദ ഉത്തരവ് 24 മണിക്കൂറിനുള്ളിൽ പിൻവലിച്ച് വിജയ് സർക്കാർ
എൽ.ഡി.എഫ്. സർക്കാരിന്റെ ഭരണനേട്ടങ്ങൾ സ്വന്തം പേരിൽ സ്ഥാപിക്കാനുള്ള ഇത്തരം വ്യാജ ആരോപണങ്ങളെ കേരളത്തിലെ ജനങ്ങൾ തള്ളിക്കളയുമെന്ന് പിണറായി വിജയൻ പറഞ്ഞു. കൂടാതെ, ലഹരിക്കേസിലെ പ്രതികളുമായുള്ള മുഖ്യമന്ത്രിയുടെ പഴയ ബന്ധത്തെക്കുറിച്ചുള്ള ദൃശ്യങ്ങൾ പുറത്തുവന്ന സാഹചര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. വസ്തുതാപരമായ കാര്യങ്ങൾ മാത്രം സംസാരിക്കാൻ മുഖ്യമന്ത്രി തയ്യാറാകുമെന്ന് കരുതുന്നതായും അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq




