മോൺട്രിയൽ: ക്യുബെക്കിൽ ശുദ്ധമായ മേപ്പിൾ സിറപ്പെന്ന പേരിൽ വിറ്റഴിച്ചത് പഞ്ചസാര കലർത്തിയ സിറപ്പ്. സംഭവത്തിൽ പ്രമുഖ ഗ്രോസറി ശൃംഖലകൾക്കെതിരെ നിയമനടപടി. മേപ്പിൾ സിറപ്പ് നിർമ്മാതാവ് സ്റ്റീവ് ബോർഡോയ്ക്കെതിരെ നേരത്തെ ആരംഭിച്ച കേസിലാണ് മെട്രോ, സോബീസ്, ലോബ്ലോസ്, ക്യുബെക്കിലെ Val-Mont ഗ്രോസറി സ്റ്റോറുകൾ നടത്തുന്ന Epicia Group എന്നിവരെയും പ്രതികളാക്കാൻ ഇപ്പോൾ അപേക്ഷ നൽകിയിരിക്കുന്നത്. ബോർഡോയുടെ സിറപ്പിൽ കുറഞ്ഞത് 50 ശതമാനമെങ്കിലും പഞ്ചസാര ഉണ്ടായിരുന്നുവെന്നും, എന്നിട്ടും ‘ശുദ്ധമായ മേപ്പിൾ സിറപ്പ്’ എന്ന ലേബലിൽ വിൽപ്പന നടത്തിയെന്നുമാണ് ആരോപണം.
റേഡിയോ-കാനഡയുടെ Enquête പരിപാടിയുടെ അന്വേഷണത്തിലാണ് സംഭവം പുറത്തുവന്നത്. പ്രമുഖ മാധ്യമമായ സി.ബി.സി ന്യൂസ് റിപ്പോർട്ട് ചെയ്തത് പ്രകാരം ക്യുബെക്കിലും ഒന്റാറിയോയിലുമായി നൂറുകണക്കിന് ഗ്രോസറി സ്റ്റോറുകളിൽ ഉൽപ്പന്നം വിറ്റതായും കഴിഞ്ഞ വർഷം മാത്രം ലക്ഷക്കണക്കിന് കാനുകൾ വിറ്റതായും ബോർഡോ ഒളിക്യാമറയിൽ പറഞ്ഞിരുന്നു. ചില സ്റ്റോറുകളിൽ ഒരു കാൻ വെറും 4.99 ഡോളറിനാണ് വിറ്റതെന്നും റിപ്പോർട്ടിലുണ്ട്. കേസിലെ പ്രധാന ഹർജിക്കാരി മൗഡ് ഫ്രേസർ-ജോഡോയിൻ ഉൾപ്പെടെ ബോർഡോയുടെ സിറപ്പ് വാങ്ങിയ ഉപഭോക്താക്കൾക്ക് മുഴുവൻ തുകയും തിരികെ നൽകണമെന്നും, 2023 ഏപ്രിൽ 7ന് ശേഷം സിറപ്പ് വാങ്ങിയവർക്ക് 100 ഡോളർ വീതം അധിക നഷ്ടപരിഹാരം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
ALSO READ ; Also Read : ഹാലിഫാക്സിൽ ഇന്ത്യൻ വംശജന് നേരെ വംശീയാതിക്രമം; ബാഗ്‌പൈപ്പ് കൊണ്ട് കാറടിച്ച് തകർത്തതായി പരാതി
അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ചില ഗ്രോസറി ശൃംഖലകൾ സിറപ്പ് വാങ്ങിയവർക്ക് പണം തിരികെ നൽകിയിരുന്നു. എന്നാൽ ഇതുകൊണ്ട് മാത്രം പ്രശ്നം പരിഹരിക്കപ്പെടില്ലെന്നാണ് ഹർജിക്കാരുടെ വാദം. വിൽപ്പനയ്ക്ക് മുമ്പ് ഉൽപ്പന്നം യഥാർഥത്തിൽ ശുദ്ധമായ മേപ്പിൾ സിറപ്പാണെന്ന് ഉറപ്പാക്കുന്നതിൽ ഗ്രോസറി ശൃംഖലകൾ ഗുരുതരമായ വീഴ്ച വരുത്തിയെന്നും ഉപഭോക്താക്കളുടെ വിശ്വാസം അവഗണിച്ചെന്നും നിയമസ്ഥാപനം ആരോപിക്കുന്നു. 2023 ഏപ്രിൽ 7ന് ശേഷം സിറപ്പ് വാങ്ങിയ ലക്ഷക്കണക്കിന്, ഒരുപക്ഷേ ദശലക്ഷക്കണക്കിന് ഉപഭോക്താക്കൾക്ക് നഷ്ടപരിഹാരം ലഭിക്കാമെന്നാണ് ഹർജിയിലെ വാദം. എന്നാൽ ഈ കേസിന് ഇതുവരെ കോടതിയുടെ അംഗീകാരം ലഭിച്ചിട്ടില്ല.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





