വിന്നിപെഗ്: ജോലി സമയത്ത് ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ ഇല്ലാതെ നിയന്ത്രിത മരുന്നുകൾ ഉപയോഗിക്കുകയും രേഖകളിൽ കൃത്യമക്കേട് കാണിക്കുകയും ചെയ്ത ഫാർമസിസ്റ്റിന് വൻ തുക പിഴ. മാനിറ്റോബയിൽ പ്രവർത്തിക്കുന്ന ഫാർമസേവ് ശാഖയിലെ ജീവനക്കാരനായ ഗ്ലെൻ പോച്ചിനാണ് 1,00,000 ഡോളർ പിഴ ചുമത്തിയത്. മാനിറ്റോബ കോളേജ് ഓഫ് ഫാർമസിസ്റ്റ്സ് നടത്തിയ അന്വേഷണത്തിലും ഹിയറിംഗിലും പോച്ച് തന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ പെരുമാറ്റച്ചട്ട ലംഘനങ്ങൾ സമ്മതിച്ചു.
പ്രിസ്ക്രിപ്ഷൻ ഇല്ലാതെ വിതരണം ചെയ്തത് ആയിരക്കണക്കിന് മരുന്നുകൾ
2021 ജൂൺ മുതൽ ഒക്ടോബർ വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവങ്ങൾ നടക്കുന്നത്. ഓക്സികോഡോൺ, ലോറസെപാം തുടങ്ങിയ വീര്യമേറിയ മരുന്നുകളാണ് ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ ഇല്ലാതെ ഇയാൾ വിതരണം ചെയ്തത്. ഡോക്ടർമാരുമായി സംസാരിച്ചതായി കാണിക്കാൻ വ്യാജ രേഖകൾ ചമയ്ക്കുകയും ചെയ്തു. ഏകദേശം 39,300 ഡോസ് മരുന്നുകളുടെ കണക്കുകൾ ഫാർമസിയിൽ നിന്ന് കാണാതായതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ജോലി സമയത്തെ ലഹരി ഉപയോഗവും സംശയങ്ങളും
ഫാർമസിയിൽ ജോലിയിലിരിക്കെ ഇയാൾ നിരന്തരം കുറിപ്പടിയില്ലാത്ത മരുന്നുകൾ ഉപയോഗിച്ചിരുന്നതായി സഹപ്രവർത്തകർ വെളിപ്പെടുത്തി. ഡ്യൂട്ടിക്കിടെ ദീർഘനേരം ബാത്ത്റൂമിൽ ചെലവഴിക്കുക, ലഹരിയിലാവുക തുടങ്ങിയ പെരുമാറ്റങ്ങൾ ഫാർമസി മാനേജരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഒരിക്കൽ ഇയാൾ ബാത്ത്റൂമിൽ കയറി ഇറങ്ങിയതിന് പിന്നാലെ സിറിഞ്ചിന്റെ ക്യാപ് കണ്ടെത്തിയതും അന്വേഷണത്തിൽ നിർണായക തെളിവായി.
ലൈസൻസ് റദ്ദാക്കലും തൊഴിൽ വിലക്കും
2009 മുതൽ ലൈസൻസുള്ള ഫാർമസിസ്റ്റായിരുന്ന പോച്ച്, അന്വേഷണം ആരംഭിച്ചതോടെ 2021 ഒക്ടോബറിൽ സ്വമേധയാ ലൈസൻസ് സസ്പെൻഡ് ചെയ്തിരുന്നു. പിന്നീട് 2023-ൽ ലൈസൻസ് തിരികെ ലഭിക്കാൻ അപേക്ഷ നൽകിയെങ്കിലും ലഹരി പരിശോധനയിൽ പരാജയപ്പെടുകയായിരുന്നു. തുടർന്ന് ഇയാളുടെ പ്രാക്ടീസിന് വിലക്കേർപ്പെടുത്തുകയും കർശന ഉപാധികളോടെ അന്വേഷണം പൂർത്തിയാക്കുകയും ചെയ്തു.
Also Read : Driverless Cars; മനുഷ്യനില്ല, നിയന്ത്രണം എഐയ്ക്ക്; ഡ്രൈവറില്ലാ കാറുകളുമായി ‘ബ്ലിക്’
വൻ തുക പിഴയും ഭാവിയിലെ നിയന്ത്രണങ്ങളും
കുറ്റം സമ്മതിച്ചതിനെ തുടർന്ന് $25,000 പിഴയായും അന്വേഷണച്ചെലവിലേക്ക് $75,000 യുമാണ് ഇയാൾ അടയ്ക്കേണ്ടത്. ഇനി ജോലിയിൽ പ്രവേശിച്ചാൽ ആദ്യ 5 വർഷത്തേക്ക് ഫാർമസി മാനേജരാകാൻ ഇയാൾക്ക് സാധിക്കില്ല. കൂടാതെ പ്രൊഫഷണൽ എത്തിക്സ് കോഴ്സും 360 മണിക്കൂർ ഇന്റേൺഷിപ്പും പൂർത്തിയാക്കണം. അടുത്ത രണ്ട് വർഷത്തേക്ക് കൃത്യമായ ഇടവേളകളിൽ ലഹരി പരിശോധനകൾക്ക് വിധേയനാകണമെന്നും ഉത്തരവിലുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq
Controlled drugs dispensed without prescriptions; major fraud by pharmacist exposed in Manitoba.





