ഒട്ടാവ: 2026ന്റെ ആദ്യ പകുതി പിന്നിട്ടിട്ടും കാനഡയുടെ സ്ഥിരതാമസ പ്രവേശനം ഫെഡറൽ സർക്കാർ നിശ്ചയിച്ച ലക്ഷ്യത്തിന്റെ പാതയിൽ എത്തിയിട്ടില്ല. ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ജനുവരി 1 മുതൽ ജൂൺ 30 വരെ 1,55,800 പുതിയ സ്ഥിരതാമസക്കാരെയാണ് കാനഡയിൽ പ്രവേശിപ്പിച്ചത്. 3.80 ലക്ഷം എന്ന വാർഷിക അടിസ്ഥാന ലക്ഷ്യത്തിന്റെ പകുതി ഘട്ടത്തിൽ 1.90 ലക്ഷം പേരെ എത്തിക്കേണ്ടിയിരുന്ന സാഹചര്യത്തിൽ 34,200 പേരുടെ കുറവാണ് രേഖപ്പെടുത്തിയത്. ജൂലൈ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ 2,24,200 പേരെ കൂടി പ്രവേശിപ്പിച്ചാൽ മാത്രമേ 3.80 ലക്ഷം എന്ന ലക്ഷ്യത്തിലെത്താനാകൂ.
സാമ്പത്തിക വിഭാഗത്തിലാണ് ഏറ്റവും വലിയ കുറവ്. 2026ൽ ഈ വിഭാഗത്തിൽ 2,39,800 പേരെ പ്രവേശിപ്പിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. എന്നാൽ ജൂൺ അവസാനം വരെ 89,200 പേരാണ് ഈ വിഭാഗത്തിലൂടെ കാനഡയിലെത്തിയത്. ലക്ഷ്യത്തിലെത്താനുള്ള ആവശ്യമായ വേഗതയേക്കാൾ 30,700 പേരുടെ കുറവാണിത്. Express Entry, Provincial Nominee Program (PNP), Atlantic Immigration Program (AIP), സ്റ്റാർട്ടപ്പ് വിസ ഉൾപ്പെടെയുള്ള ഫെഡറൽ ബിസിനസ് പദ്ധതികൾ എന്നിവ സാമ്പത്തിക വിഭാഗത്തിൽ ഉൾപ്പെടുന്നു. അതേസമയം കുടുംബ വിഭാഗത്തിൽ സ്ഥിതി വ്യത്യസ്തമാണ്. 84,000 പേരാണ് വാർഷിക ലക്ഷ്യം; ജൂൺ അവസാനം വരെ 45,100 പേരെ പ്രവേശിപ്പിച്ചു. ആവശ്യമായ പാതയേക്കാൾ 3,100 പേരുടെ മുന്നേറ്റമാണ് ഈ വിഭാഗത്തിൽ രേഖപ്പെടുത്തിയത്.
കുടിയേറ്റക്കാരും, സംരക്ഷണം ലഭിച്ചവരും ഉൾപ്പെടുന്ന വിഭാഗത്തിൽ ജൂൺ അവസാനം വരെ 17,900 പേരെയാണ് സ്ഥിരതാമസക്കാരാക്കിയത്. ഈ വിഭാഗത്തിന്റെ 2026ലെ ലക്ഷ്യം 49,300 ആണ്. ലക്ഷ്യത്തിലെത്താനുള്ള പാതയേക്കാൾ 6,750 പേരുടെ കുറവാണ് ഇവിടെ രേഖപ്പെടുത്തിയത്. IRCC നടപ്പാക്കുന്ന രണ്ട് ഒറ്റത്തവണ പദ്ധതികളും കണക്കിലെടുക്കുമ്പോൾ 2026ലെ കാനഡയുടെ യഥാർഥ സ്ഥിരതാമസ പ്രവേശന ലക്ഷ്യം 4.46 ലക്ഷമായി ഉയരും.
2026ലെ ലക്ഷ്യം
ഇതിൽ 46,000 സംരക്ഷണം ലഭിച്ചവരെയും 20,000 കാനഡയിൽ ജോലി ചെയ്യുന്നവരെയും സ്ഥിരതാമസക്കാരാക്കുകയാണ് 2026ലെ ലക്ഷ്യം. ജൂൺ അവസാനം വരെ യഥാക്രമം 15,000 പേരെയും 11,300 പേരെയും ഈ പദ്ധതികളിലൂടെ പ്രവേശിപ്പിച്ചു. ഇതോടെ 2026ലെ ആദ്യ ആറുമാസത്തിൽ എല്ലാ വിഭാഗങ്ങളും പദ്ധതികളും ചേർന്ന് ആകെ 1,82,100 പുതിയ സ്ഥിരതാമസക്കാരാണ് കാനഡയിലെത്തിയത്. 4.46 ലക്ഷം എന്ന യഥാർഥ ലക്ഷ്യത്തിന്റെ 40.8 ശതമാനം മാത്രമാണിത്.
അതേസമയം ക്യുബെക്കിന് പുറത്തുള്ള ഫ്രഞ്ച് ഭാഷ സംസാരിക്കുന്നവരുടെയും ഇംഗ്ലീഷും ഫ്രഞ്ചും ഉൾപ്പെടെ രണ്ട് ഭാഷകൾ സംസാരിക്കുന്നവരുടേയും സ്ഥിരതാമസ പ്രവേശനത്തിലും കാനഡ പ്രത്യേക ശ്രദ്ധ തുടരുകയാണ്. 2026ന്റെ ആദ്യ ആറുമാസത്തിൽ ക്യൂബെക്കിന് പുറത്തായി 12,400 ഫ്രഞ്ച് ഭാഷ സംസാരിക്കുന്നവരോ ദ്വിഭാഷികളോ സ്ഥിരതാമസക്കാരായി. ക്യുബെക്കിന് പുറത്തുള്ള മൊത്തം പി.ആർ പ്രവേശനത്തിന്റെ 9 ശതമാനം ഈ വിഭാഗത്തിൽ നിന്നാകണമെന്നാണ് 2026ലെ ലക്ഷ്യം. Express Entry-യിലെ ഫ്രഞ്ച് ഭാഷാ വിഭാഗം അടിസ്ഥാനമാക്കിയുള്ള തിരഞ്ഞെടുപ്പിന് നൽകിയ മുൻഗണനയുടെ ഭാഗമായി 2026ൽ ഇതുവരെ നൽകിയ 1,14,865 ക്ഷണങ്ങളിൽ 39.6 ശതമാനവും ഫ്രഞ്ച് ഭാഷാ അപേക്ഷകർക്കാണ് ലഭിച്ചത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





