റെജൈന/Regina: റെജൈനയിൽ ജനസംഖ്യ പ്രതീക്ഷിച്ചതിലും വേഗത്തിൽ വർധിക്കുന്നതായി നഗരസഭയുടെ ഏറ്റവും പുതിയ ഗ്രോത്ത് മോണിറ്ററിംഗ് റിപ്പോർട്ട്. ജനസംഖ്യയിലുണ്ടായ ഈ പെട്ടെന്നുള്ള കുതിച്ചുചാട്ടം നഗരത്തിൽ വീടുകളുടെ ആവശ്യകത വർധിപ്പിക്കുകയും നിർമാണ മേഖലയിൽ വലിയ ഉണർവ് ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ മുപ്പതിനായിരത്തോളം പുതിയ താമസക്കാരാണ് റെജൈനയിലേക്ക് എത്തിയത്. ഇതിന് അനുസൃതമായി ഭവന നിർമാണവും അതിവേഗം പുരോഗമിക്കുകയാണ്. 2025-ൽ മാത്രം 1,674 പുതിയ വീടുകൾ നിർമിക്കാനുള്ള പെർമിറ്റുകളാണ് നഗരസഭ അനുവദിച്ചത്. ഇത് കഴിഞ്ഞ അഞ്ച് വർഷത്തെ ഏറ്റവും ഉയർന്ന കണക്കാണ്. നഗരത്തിലേക്ക് കൂടുതൽ ആളുകൾ എത്തുന്നതോടെ നിലവിലുള്ള ഭവന ലഭ്യതയിൽ വലിയ സമ്മർദ്ദം അനുഭവപ്പെടുന്നുണ്ടെന്നും, വിലക്കയറ്റം നിയന്ത്രിച്ചു നിർത്തി ചെലവ് കുറഞ്ഞ രീതിയിൽ പുതിയ വീടുകൾ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും സസ്റ്റൈനബിൾ ഇൻഫ്രാസ്ട്രക്ചർ ഡയറക്ടർ ലൂക്ക് ഗ്രേസിയർ വ്യക്തമാക്കി.
പുതിയതായി അനുമതി നൽകിയ കെട്ടിടങ്ങളിൽ ഭൂരിഭാഗവും അപ്പാർട്ട്മെന്റുകളും മൾട്ടി-യൂണിറ്റ് വീടുകളുമാണ്. മൊത്തം അനുമതികളുടെ 58 ശതമാനവും ഇത്തരം വലിയ പാർപ്പിട സമുച്ചയങ്ങൾക്കാണ് ലഭിച്ചത്. അതോടൊപ്പം ബാക്ക് യാർഡ് സ്യൂട്ടുകൾ ഉൾപ്പെടെയുള്ള അനുബന്ധ നിർമാണങ്ങൾ 18 ശതമാനവും സിംഗിൾ ഹോമുകൾ 15 ശതമാനവും രേഖപ്പെടുത്തി. കാനഡയിൽ വീട് വാങ്ങാൻ ഏറ്റവും കുറഞ്ഞ ചെലവുള്ള നഗരമായി റെജൈന തുടർച്ചയായി രണ്ടാം വർഷവും ആർ.ബി.സി റിപ്പോർട്ടിൽ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
എന്നാൽ നഗരത്തിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുമ്പോഴും അടിസ്ഥാന സൗകര്യങ്ങളുള്ള പ്ലോട്ടുകളുടെ ലഭ്യത കുറയുന്നത് വലിയൊരു വെല്ലുവിളിയാണെന്ന് റെജൈന ഹോം ബിൽഡേഴ്സ് അസോസിയേഷൻ ചൂണ്ടിക്കാണിക്കുന്നു. 2050-ഓടെ നഗരത്തിലെ ജനസംഖ്യ 3,70,000 തികയുമ്പോൾ 56,900 പുതിയ പാർപ്പിടങ്ങൾ വേണമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ ഇപ്പോഴത്തെ അതിവേഗത്തിലുള്ള ജനസംഖ്യാ വളർച്ച കണക്കിലെടുക്കുമ്പോൾ റെജൈനയിൽ ഇനിയും കൂടുതൽ വീടുകൾ നിർമിക്കേണ്ടി വരുമെന്നാണ് വിലയിരുത്തൽ.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





