ബ്രിട്ടീഷ് കൊളംബിയ: ബ്രിട്ടീഷ് കൊളംബിയയിൽ പ്രവർത്തിക്കുന്ന യൂബർ, ലിഫ്റ്റ് തുടങ്ങിയ റൈഡ്-ഹെയ്‌ലിങ് ആപ്പുകളുടെ മിനിമം യാത്രാനിരക്കുകൾ പ്രവിശ്യ ഒഫീഷ്യലായി വർധിപ്പിച്ചു. പാസഞ്ചർ ട്രാൻസ്പോർട്ടേഷൻ ബോർഡ് കഴിഞ്ഞ ഫെബ്രുവരി 18-ന് പ്രഖ്യാപിച്ച ഈ നിരക്ക് വർധനവ് ഓഗസ്റ്റ് 18 മുതൽ പ്രാബല്യത്തിൽ വന്നു. ആപ്പുകൾക്ക് സാങ്കേതിക മാറ്റങ്ങൾ വരുത്താൻ നൽകിയ ആറുമാസത്തെ കാലാവധിക്കു ശേഷമാണ് പുതിയ പ്രവിശ്യാതല മിനിമം നിരക്കുകൾ നടപ്പിലാകുന്നത്. 2019-ൽ റൈഡ്-ഹെയ്‌ലിങ് നിയന്ത്രണങ്ങൾ കൊണ്ട് വന്നതിനു ശേഷം ഇതാദ്യമായാണ് ബി.സി. നിരക്ക് പട്ടിക പുനഃപരിശോധിക്കുന്നത്. പ്രവിശ്യയിലെ അഞ്ച് പാസഞ്ചർ ട്രാൻസ്പോർട്ട് റീജിയണുകളിലും ഇനി കുറഞ്ഞ നിരക്കുകൾ വർധിക്കും. ഇതിൽ വിക്ടോറിയയും പരിസര പ്രദേശങ്ങളും ഉൾപ്പെടുന്ന റീജിയൺ 2-ലാണ് ഏറ്റവും വലിയ വർധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇവിടെ പഴയ മിനിമം നിരക്കായ 3.40 ഡോളറിൽ നിന്ന് 77.4 ശതമാനം വർധിച്ച് 6.03 ഡോളറായി ഉയർന്നു.

വൻകിട നഗരങ്ങൾ ഉൾപ്പെടുന്ന മെട്രോ വാൻകൂവർ, ഫ്രേസർ വാലി, സ്‌ക്വാമിഷ്-ലില്ലൂയിറ്റ് അടങ്ങുന്ന റീജിയൺ 1-ൽ മിനിമം നിരക്ക് 3.35 ഡോളറിൽ നിന്ന് 32.2 ശതമാനം വർധിച്ച് 4.43 ഡോളറായി. സെൻട്രൽ, നോർത്തേൺ വാൻകൂവർ ഐലൻഡ് ഉൾപ്പെടുന്ന റീജിയൺ 3-ൽ നിരക്ക് 3.40 ഡോളറിൽ നിന്ന് 15.9 ശതമാനം വർധിച്ച് 3.94 ഡോളറും, ഒകനാഗൻ ഉൾപ്പെടെയുള്ള പ്രവിശ്യയുടെ ഉൾനാടൻ മേഖലയായ റീജിയൺ 4-ൽ നിരക്ക് 3.50 ഡോളറിൽ നിന്ന് 12.9 ശതമാനം വർധിച്ച് 3.95 ഡോളറുമായി മാറി. ആദ്യമായി ഒരു ഏകീകൃത മിനിമം നിരക്ക് ലഭിച്ച പ്രിൻസ് ജോർജും നോർത്തേൺ ബി.സിയും അടങ്ങുന്ന റീജിയൺ 5-ൽ പുതിയ നിരക്ക് 3.80 ഡോളറായി നിശ്ചയിച്ചിട്ടുണ്ട്. പൊതുഗതാഗത ഉപയോഗം കുറയാതിരിക്കാൻ ബസ്, ട്രെയിൻ നിരക്കുകളേക്കാൾ ഉയർന്ന തുക റൈഡ്-ഹെയ്‌ലിങ് ആപ്പുകൾക്ക് ഉറപ്പാക്കുക, മുൻവർഷങ്ങളിലെ യാത്രകളുടെ നിരക്കുകൾ വിശകലനം ചെയ്ത് പ്രെഡേറ്ററി പ്രൈസിംഗ് തടയുക എന്നീ രണ്ട് കാര്യങ്ങൾ മാനദണ്ഡമാക്കിയാണ് ബോർഡ് പുതിയ ഫ്ലോർ പ്രൈസ് കണക്കാക്കിയിരിക്കുന്നത്.
കമ്പനികൾ നൽകുന്ന പ്രൊമോഷണൽ കോഡുകൾ, ഡികൗണ്ടുകൾ, കൂപ്പണുകൾ എന്നിവ ഉപയോഗിച്ചാലും നിരക്കുകൾ ഈ പുതിയ ബോർഡ് നിശ്ചയിച്ച മിനിമം തുകയിലും താഴേക്ക് കുറയ്ക്കാൻ പാടില്ല എന്ന് ‘റേറ്റ്സ് റൂൾ 16’ വഴി അധികൃതർ കർശനമാക്കിയിട്ടുണ്ട്. ചെറുയാത്രകൾ ചെയ്യുന്നവർക്കും തിരക്കില്ലാത്ത സമയങ്ങളിൽ സർവീസ് ഉപയോഗിക്കുന്നവർക്കുമാണ് ഈ നിരക്കുവർധന ഏറ്റവും കൂടുതൽ അനുഭവപ്പെടുക. എന്നാൽ ദീർഘദൂര യാത്രകൾക്കും തിരക്കുള്ള സമയങ്ങളിലെ സർജ് പ്രൈസിംഗിനും ഈ വ്യത്യാസം വലിയ രീതിയിൽ ബാധിച്ചേക്കില്ല. ഡ്രൈവർമാരുടെ വേതനത്തെക്കുറിച്ച് പറയുമ്പോൾ, ബി.സി. എംപ്ലോയ്‌മെന്റ് സ്റ്റാൻഡേർഡ്സ് അനുസരിച്ച് ജൂൺ 1 മുതൽ ഡ്രൈവർമാർക്ക് മണിക്കൂറിന് 21.89 ഡോളർ മിനിമം വേതനവും വാഹന ചെലവുകൾക്കുള്ള കിലോമീറ്റർ അലവൻസും പ്രത്യേകം ലഭിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ പുതിയ നിരക്കുവർധന ഉപഭോക്താക്കൾ നൽകേണ്ട ഏറ്റവും കുറഞ്ഞ തുകയെ മാത്രമാണ് ബാധിക്കുന്നത്. തങ്ങൾ സർവീസ് നടത്തുന്ന റീജിയണുകളിലെ പുതിയ മിനിമം തുക ഓഗസ്റ്റ് 18 മുതൽ നിലവിൽ വന്നതായി യാത്രക്കാർ ആപ്പിൽ ബുക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടതാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt




