ഒട്ടാവ: നാറ്റോ സൈനിക ആസ്ഥാനത്ത് ചാരവൃത്തി ആരോപണത്തെ തുടർന്ന് കനേഡിയൻ വനിത ബെൽജിയത്തിൽ അറസ്റ്റിലായ പശ്ചാത്തലത്തിൽ, രാജ്യത്തെ സുരക്ഷാ പരിശോധനാ സംവിധാനങ്ങൾ സമഗ്രമായി പഠിക്കാൻ കനേഡിയൻ പാർലമെന്ററി കമ്മിറ്റി തീരുമാനിച്ചു. സർക്കാരിലെയും പ്രതിപക്ഷത്തിലെയും എംപിമാർ ഒന്നിച്ച് കൈക്കൊണ്ട ഈ തീരുമാനമനുസരിച്ച്, അടുത്ത മാസം പാർലമെന്റ് ചേരുമ്പോൾ ഹൗസ് ഓഫ് കോമൺസ് പൊതുസുരക്ഷാ കമ്മിറ്റി വിഷയം മുൻഗണന നൽകി പഠിക്കും. പൊതുസുരക്ഷാ മന്ത്രി ഗാരി ആനന്ദസംഗരി ഉൾപ്പെടെയുള്ളവരെ സാക്ഷികളായി വിളിപ്പിച്ചു വിവരങ്ങൾ ശേഖരിച്ച ശേഷം കമ്മിറ്റി റിപ്പോർട്ടും ശുപാർശകളും പാർലമെന്റിൽ സമർപ്പിക്കും.
ബെൽജിയത്തിലെ മോൺസിലുള്ള നാറ്റോയുടെ ‘ഷേപ്പ്’ (SHAPE) ആസ്ഥാനത്ത് ഇന്റേൺ ആയി പ്രവർത്തിച്ചിരുന്ന ബിവെയ് ഴാങ് എന്ന കനേഡിയൻ സിസ്റ്റംസ് എൻജിനീയറാണ് കേസിൽ പിടിയിലായത്. ക്ലെയർ ഴാങ്, കാറ്റിന ഴാങ് എന്നീ പേരുകളിലും അറിയപ്പെടുന്ന ഇവർ ഒരു മൂന്നാം രാജ്യത്തിന് വേണ്ടി ചാരവൃത്തി നടത്തുകയും കുറ്റകൃത്യ സംഘത്തിൽ പങ്കാളിയാവുകയും ചെയ്തുവെന്നാണ് ആരോപണം. നാറ്റോയിൽ പ്രവേശനം ലഭിക്കുന്നതിന് കനേഡിയൻ ഏജൻസികളായ ആർ.സി.എം.പി (RCMP), സി.എസ്.ഐ.എസ് (CSIS) എന്നിവർ നൽകുന്ന കർശന സുരക്ഷാ ക്ലിയറൻസ് അത്യാവശ്യമാണ്. എന്നാൽ ഇത്രയും ഗൗരവമേറിയ ക്ലിയറൻസ് ലഭിച്ചിട്ടും ആരോപണവിധേയയായ വ്യക്തിക്ക് എങ്ങനെ പ്രവേശനം ലഭിച്ചു എന്നതിൽ പ്രതിപക്ഷം കടുത്ത ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്.
മുമ്പ് കനേഡിയൻ സ്പേസ് ഏജൻസി, സ്റ്റാറ്റിസ്റ്റിക്സ് കാനഡ എന്നീ സർക്കാർ വകുപ്പുകളിലും, വേൾഡ് ട്രേഡ് ഓർഗനൈസേഷൻ, യൂറോപ്യൻ സ്പേസ് ഏജൻസി എന്നിവടങ്ങളിലും ബിവെയ് ഴാങ് ജോലി ചെയ്തിരുന്നു. 2023-ൽ കാനഡ ബോർഡർ സർവീസസ് ഏജൻസിയിലെ ജോലിക്ക് രണ്ട് വ്യത്യസ്ത പേരുകളിൽ അപേക്ഷിച്ച് തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിരുന്നെങ്കിലും ഇവർ സമർപ്പിച്ച ഹർജി 2024-ൽ ഫെഡറൽ കോടതി തള്ളുകയായിരുന്നു. കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്നും കനേഡിയൻ അധികൃതർ തുടക്കം മുതൽ ഇതിൽ ഇടപെടുന്നുണ്ടെന്നും പ്രധാനമന്ത്രി മാർക്ക് കാർണിയും പൊതുസുരക്ഷാ മന്ത്രിയും വ്യക്തമാക്കി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





