ന്യൂഡൽഹി: വിദേശത്ത് ജോലി തേടി ‘ഡോങ്കി റൂട്ട്’ വഴി മെക്സിക്കോയിലെത്തിയ പഞ്ചാബി യുവാവിന്റെ ദുരിതം വെളിപ്പെടുത്തുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു. 33 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ താൻ നേരിട്ട ക്രൂരമർദ്ദനത്തെക്കുറിച്ചും വഞ്ചനയെക്കുറിച്ചും യുവാവ് പറയുന്നു. മുറിയിലെ കട്ടിലിൽ കിടക്കുന്ന നിലയിലാണ് യുവാവിനെ വീഡിയോയിൽ കാണുന്നത്.
കൈകൂപ്പി അപേക്ഷിക്കുന്ന അദ്ദേഹം, ആരും ഇത്തരം അനധികൃത മാർഗത്തിലൂടെ മെക്സിക്കോയിലെത്തരുതെന്ന് മുന്നറിയിപ്പ് നൽകുന്നു. ഏജന്റുമാരുടെ ശൃംഖലയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചതിന് തന്നെ ക്രൂരമായി മർദ്ദിച്ചെന്നും ഇതുമൂലം നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലായെന്നും യുവാവ് പറയുന്നു. വീഡിയോ പകർത്തുന്ന വ്യക്തിയെ ചൂണ്ടിക്കാട്ടി, തങ്ങളെ മെക്സിക്കോയിലെത്തിച്ചത് ഇയാളാണെന്നും യുവാവ് ആരോപിക്കുന്നു.
സുരക്ഷിതമായി വിദേശത്തെത്തിക്കാമെന്ന് വാഗ്ദാനം ചെയ്യുന്ന ഏജന്റുമാരുടെ വാക്കുകളിൽ വിശ്വസിക്കരുതെന്നും അദ്ദേഹം അഭ്യർഥിക്കുന്നു. താൻ വലിയൊരു അബദ്ധം ചെയ്തെന്നും അതിന്റെ വില ഇതിനകം നൽകിക്കഴിഞ്ഞെന്നും യുവാവ് പറയുന്നു. വീഡിയോയുടെ അവസാനം കൈകൂപ്പി മാപ്പപേക്ഷിക്കുന്നതും കാണാം. ‘ഇന്ത്യൻ സിഖ് യുവാവിനോട് മെക്സിക്കോയിൽ കാണിക്കുന്ന നീചമായ പെരുമാറ്റം’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്.
ഡോങ്കി റൂട്ട് വഴി മെക്സിക്കോയിലെത്തിയ നിരവധി യുവാക്കൾ അവിടെ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും അവരുടെ സുരക്ഷയ്ക്കായി പ്രാർഥിക്കണമെന്നും ആവശ്യപ്പെട്ടുള്ള സോഷ്യൽ മീഡിയ പോസ്റ്റുകളും പ്രചരിക്കുന്നുണ്ട്.
എന്താണ് ഡോങ്കി റൂട്ട്?
അമേരിക്ക പോലുള്ള രാജ്യങ്ങളിലേക്ക് ഒന്നിലധികം ട്രാൻസിറ്റ് രാജ്യങ്ങൾ കടന്ന് അനധികൃതമായി എത്താൻ ഉപയോഗിക്കുന്ന കുടിയേറ്റ ശൃംഖലയെയാണ് പൊതുവെ ‘ഡോങ്കി റൂട്ട്’ എന്ന് വിളിക്കുന്നത്. ഈ യാത്രയ്ക്കായി 20 ലക്ഷം മുതൽ 70 ലക്ഷം രൂപ വരെ ഈടാക്കുന്നതായാണ് റിപ്പോർട്ടുകൾ. പലപ്പോഴും ഗഡുക്കളായാണ് തുക നൽകുന്നത്.
സുരക്ഷിതമായി വിദേശത്തെത്തിക്കാമെന്ന് ഏജന്റുമാർ വാഗ്ദാനം ചെയ്യുമെങ്കിലും യാത്രയിൽ വലിയ അപകടസാധ്യതകളാണുള്ളത്.
ചൂഷണം, അക്രമം, കവർച്ച, തടങ്കൽ, ജീവന് ഭീഷണി തുടങ്ങിയ സാഹചര്യങ്ങൾ കുടിയേറ്റക്കാർക്ക് നേരിടേണ്ടിവരാം. വിദ്യാഭ്യാസപരമായ പരിമിതികൾ, ഭാഷാ തടസ്സങ്ങൾ, സാമ്പത്തിക ബുദ്ധിമുട്ടുകൾ തുടങ്ങിയ കാരണങ്ങളാൽ നിയമപരമായ പഠന, ജോലി വിസകൾ ലഭിക്കാൻ കഴിയാത്ത ചിലരാണ് ഇത്തരം അനധികൃത മാർഗങ്ങൾ തേടുന്നത്. മികച്ച അവസരങ്ങൾ തേടി പഞ്ചാബിൽനിന്ന് നിരവധി യുവാക്കൾ സമീപകാലത്ത് ഈ അപകടകരമായ പാതയിലൂടെ വിദേശത്തേക്ക് പോകുന്നതായും റിപ്പോർട്ടുകളുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





