ന്യൂ ലണ്ടൻ:പ്രിൻസ് എഡ്വേർഡ് ഐലൻഡിലെ ന്യൂ ലണ്ടനിലെ പ്രധാന റോഡുകൾ ചേരുന്ന സ്ഥലത്ത് വാഹനാപകടങ്ങൾ പതിവാകുന്നതായി നാട്ടുകാർ.. അപകടങ്ങൾ കുറയ്ക്കാൻ റൗണ്ട് എബൗട്ടോ നാലുവശത്തും സ്റ്റോപ്പ് സൈനുകളോ സ്ഥാപിക്കണമെന്നാണ് ആവശ്യം. അമിതവേഗത, കാഴ്ച മറയ്ക്കുന്ന മരങ്ങൾ, മുന്നറിയിപ്പ് ബോർഡുകളുടെ കുറവ് എന്നിവയാണ് പ്രധാന പ്രശ്നങ്ങളെന്ന് നാട്ടുകാരനായ ജോൺ ഇർവിങ് പറഞ്ഞു. വേനൽക്കാലത്ത് വിനോദസഞ്ചാരികളുടെ തിരക്ക് കൂടുന്നതോടെ അപകടസാധ്യതയും വർധിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

വർഷങ്ങളായി ഈ കവലയെച്ചൊല്ലി ആശങ്ക നിലനിൽക്കുന്നുണ്ടെന്ന് വ്യക്തമാക്കിയ റസ്റ്റിക്കോ-എമറാൾഡ് എം.എൽ.എ ബ്രാഡ് ട്രൈവേഴ്‌സ്, ടൂറിസം സീസണിൽ അപകടങ്ങൾ കൂടുന്നതായി സമ്മതിച്ചു. റോഡിനെക്കുറിച്ച് വ്യക്തമായി അറിയാവുന്ന പ്രദേശവാസികൾ വേഗപരിധി പാലിക്കണമെന്നും പ്രദേശത്തെക്കുറിച്ച് പരിചയമില്ലാത്ത വിനോദസഞ്ചാരികളുടെ നീക്കങ്ങൾ മുൻകൂട്ടി കണ്ട് ജാഗ്രതയോടെ വാഹനമോടിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
അതേസമയം, പ്രവിശ്യാ ഗതാഗത, ഇൻഫ്രാസ്ട്രക്ചർ, എനർജി വകുപ്പ് ചീഫ് എഞ്ചിനീയർ സ്റ്റീഫൻ യോ ഈ മേഖലയെ അപകടകരമായ കവലയായി നിലവിൽ കണക്കാക്കുന്നില്ലെന്ന് വ്യക്തമാക്കി. രണ്ട് സ്റ്റോപ്പ് സൈനുകൾക്ക് സമീപം മിന്നിമറയുന്ന ചുവപ്പ് ലൈറ്റുകളും ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകുന്ന ബോർഡുകളും നിലവിലുണ്ടെന്നും ഉപറോഡുകളിൽ ഗതാഗതം കുറവായതിനാൽ നാല് വശത്തും സ്റ്റോപ്പ് സൈൻ വെയ്ക്കുന്നത് പ്രായോഗികമല്ലെന്നും അദ്ദേഹം അറിയിച്ചു. റൗണ്ട് എബൗട്ടിന് ആവശ്യമായ സ്ഥലമില്ലെങ്കിലും ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ കനത്ത തിരക്ക് കണക്കിലെടുത്ത് വിഷയം പരിശോധിച്ച് ആവശ്യമെങ്കിൽ ആവശ്യമായ പരിഷ്കാരങ്ങൾ വരുത്തുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു.
Accidents are becoming more frequent at New London Junction; locals want a roundabout or stop sign
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla








