വാഷിങ്ടൺ : അമേരിക്കൻ പൗരത്വവും ഗ്രീൻ കാർഡും ലഭിക്കുന്നതിനായി ആയിരത്തോളം വ്യാജ വിവാഹങ്ങൾ nനടത്തിയ വൻ സംഘത്തെ യുഎസ് നീതിന്യായ വകുപ്പ് കണ്ടെത്തി. പതിറ്റാണ്ടുകളായി തുടർന്നുവന്ന ഈ തട്ടിപ്പുമായി ബന്ധപ്പെട്ട് ആറ് സംഘാടകർ ഉൾപ്പെടെ 11 പേർക്കെതിരെ അധികൃതർ കേസ് രജിസ്റ്റർ ചെയ്തു. പ്രതികളിൽ ഭൂരിഭാഗവും ചൈനീസ് പൗരന്മാരാണെന്ന് മൻഹാട്ടൻ ഫെഡറൽ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.
ഗ്രീൻ കാർഡിനായി ചൈനീസ് പൗരന്മാരിൽ നിന്ന് ഒരു ലക്ഷം ഡോളർ (ഏകദേശം 83 ലക്ഷത്തിലധികം രൂപ) വരെയാണ് തട്ടിപ്പുസംഘം ഈടാക്കിയിരുന്നത്. തുടർന്ന് ഇവരെ അമേരിക്കൻ പൗരന്മാരുമായി വ്യാജമായി വിവാഹം കഴിക്കുകയും ചെയ്യും. ഈ തട്ടിപ്പിന് സമ്മതിക്കുന്ന അമേരിക്കൻ പൗരന്മാർക്ക് 30,000 ഡോളർ വരെയാണ് പ്രതിഫലമായി നൽകിയിരുന്നത്. തുടർന്ന് വധൂവരന്മാർക്ക് ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിൽ സമർപ്പിക്കേണ്ട രേഖകൾ തയ്യാറാക്കി നൽകാനും വ്യാജരേഖ ചമയ്ക്കാനും ഇവർ സഹായിക്കുകയായിരുന്നു.
അമേരിക്കൻ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിവാഹ തട്ടിപ്പ് കേസുകളിലൊന്നാണിതെന്ന് അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ച് വ്യക്തമാക്കി. രാജ്യത്തിന്റെ കുടിയേറ്റ നിയമങ്ങളെ മറികടക്കാൻ ചിലർ എത്രത്തോളം തുനിയുമെന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് ഈ കേസ് തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വ്യാജ രേഖകൾ ചമച്ച് താമസം സാധൂകരിക്കുന്നവരെ കണ്ടെത്താൻ പരിശോധന കർശനമാക്കാനാണ് ഭരണകൂടത്തിന്റെ തീരുമാനം.
രാജ്യത്ത് ജനിക്കുന്ന കുട്ടികൾക്ക് പൗരത്വം ലഭിക്കുന്ന ‘ബർത്ത് ടൂറിസം’ നിയന്ത്രിക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ആഴ്ച എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവെച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഈ പുതിയ കേസും പുറത്തുവരുന്നത്. പൗരത്വ ലക്ഷ്യത്തോടെ മാത്രം എത്തുന്ന വിസ ഉടമകളുടെ വിവരങ്ങൾ പരിശോധിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള നടപടികൾ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ശക്തമാക്കിയിട്ടുണ്ട്.
After ‘birth tourism’, fake marriages also come under fire; US charges 11 people in immigration fraud
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla




