ഒട്ടാവ : കാനഡയിലെ യു.എസ് അംബാസഡർ പീറ്റ് ഹൂക്‌സ്ട്രയെ രാജ്യത്തുനിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഒപ്പുവെച്ച ഹർജിയിൽ 29,000-ത്തിലധികം ആളുകൾ ഒപ്പുവെച്ചു. കാനഡയുടെ ആഭ്യന്തര രാഷ്ട്രീയത്തിലും നയതന്ത്ര വിഷയങ്ങളിലും അനാവശ്യമായി ഇടപെടുന്നുവെന്നും, കാനഡയെ അമേരിക്കയുടെ ഭാഗമാക്കുമെന്ന തരത്തിലുള്ള ഡോണാൾഡ് ട്രംപ് ഭരണകൂടത്തിന്റെ ഭീഷണികളെ ന്യായീകരിക്കുന്നുവെന്നും ആരോപിച്ചാണ് ഹർജി. കൽഗറിയിൽ നിന്നുള്ള ഒരു വനിത ആരംഭിച്ച ഈ ഓൺലൈൻ ഹർജി ഗ്രീൻ പാർട്ടി നേതാവ് എലിസബത്ത് മേയ് വരുന്ന പാർലമെന്റ് സമ്മേളനത്തിൽ ഹൗസ് ഓഫ് കോമൺസിൽ സമർപ്പിക്കും. ഹൂക്‌സ്ട്രയെ ‘പെർസോണ നോൺ ഗ്രേറ്റ’യായി (സ്വീകാര്യനല്ലാത്ത വ്യക്തി) പ്രഖ്യാപിച്ച് തിരിച്ചയക്കാൻ കനേഡിയൻ സർക്കാർ തയ്യാറാകണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.
അമേരിക്കൻ പ്രസിഡന്റിന്റെ നിലപാടുകൾ വ്യക്തമാക്കുക മാത്രമാണ് താൻ ചെയ്യുന്നതെന്ന വിശദീകരണവുമായി ഹൂക്‌സ്ട്ര രംഗത്തെത്തിയിട്ടുണ്ട്. നേരത്തെ, കാനഡയിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലെ ‘അമേരിക്കൻ വിരുദ്ധ’ നിലപാടുകളെ വിമർശിച്ചും വ്യാപാര തർക്കങ്ങളെ ചൊല്ലിയും ഹൂക്‌സ്ട്ര നടത്തിയ പരാമർശങ്ങൾ വിവാദമായിരുന്നു.
അമേരിക്കൻ ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കുന്നതിനെതിരെയും കാനഡയെ യു.എസിന്റെ 51-ാമത് പ്രവിശ്യയാക്കുന്ന വിഷയത്തിലുമൊക്കെ അദ്ദേഹം നടത്തിയ പരസ്യ പ്രസ്താവനകൾ കാനഡയിൽ വൻ പ്രതിഷേധത്തിന് വഴിതെളിച്ചിരുന്നു. വിഷയത്തിൽ നിലവിൽ പ്രതികരിക്കുന്നില്ലെന്നാണ് ഒട്ടാവയിലെ യു.എസ് എംബസി വ്യക്തമാക്കിയത്.
ഐക്യരാഷ്ട്രസഭയുടെ വിയന്ന കൺവെൻഷൻ നിയമപ്രകാരം ഒരു രാജ്യത്തിന്റെ നയതന്ത്ര പ്രതിനിധിയെ പുറത്താക്കാൻ ‘പെർസോണ നോൺ ഗ്രേറ്റ’ പ്രഖ്യാപനത്തിലൂടെ സർക്കാറുകൾക്ക് സാധിക്കും. മുൻപ് വിദേശ ഇടപെടൽ ആരോപിച്ചുകൊണ്ട് ചൈനയുടെയും ഇന്ത്യയുടെയും നയതന്ത്ര ഉദ്യോഗസ്ഥരെ കാനഡ പുറത്താക്കിയിരുന്നു.
2023-ൽ കനേഡിയൻ എം.പി മൈക്കിൾ ചോങ്ങിന്റെ കുടുംബത്തെ ലക്ഷ്യമിട്ടെന്ന ആരോപണത്തിൽ ചൈനീസ് സഫീർ സാവോ വെയെയും, 2024-ൽ ഹർദീപ് സിങ് നിജ്ജാർ വധക്കേസുമായി ബന്ധപ്പെട്ട ആരോപണങ്ങളെ തുടർന്ന് ആറ് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെയുമാണ് കാനഡ പുറത്താക്കിയത്. എന്നാൽ നിലവിലെ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നേതൃത്വത്തിൽ ഇരു രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് പുതിയ വിവാദം.
‘US ambassador should be expelled’: Petition signed by over 29,000 people in Canada submitted to Parliament
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla




