ആൽബർട്ട: ആൽബർട്ട അഡ്വാന്റേജ് ഇമിഗ്രേഷൻ പ്രോഗ്രാമിന് (AAIP) 200 അധിക നോമിനേഷൻ സ്ലോട്ടുകൾ കൂടി ഫെഡറൽ സർക്കാർ അനുവദിച്ചു. ഇതോടെ 2026ൽ ആൽബർട്ടക്ക് അനുവദിച്ച ആകെ നോമിനേഷനുകളുടെ എണ്ണം 6,403-ൽ നിന്ന് 6,603 ആയി ഉയർന്നു.
2026 ഓഗസ്റ്റ് 10-ന് ആൽബർട്ട ഗവൺമെന്റിന്റെ ഔദ്യോഗിക AAIP അപ്ഡേറ്റ്സ് പേജിലൂടെയാണ് ഈ വിവരം പുറത്തുവിട്ടത്. പ്രാദേശിക തൊഴിൽ വിപണിയിലെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും പ്രവിശ്യയുടെ മുൻഗണനാ മേഖലകൾക്ക് കരുത്തേകുന്നതിനുമാണ് ഈ നടപടിയെന്ന് സർക്കാർ വ്യക്തമാക്കി.
അധികമായി ലഭിച്ച സീറ്റുകളുടെ അടിസ്ഥാനത്തിൽ വിവിധ ഇമിഗ്രേഷൻ സ്ട്രീമുകളിലെ വിഹിതത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഇതിൽ ആൽബർട്ട ഓപ്പർച്യൂണിറ്റി സ്ട്രീമിന്റെ (AOS) വിഹിതം 3,425-ൽ നിന്ന് 137 സീറ്റുകൾ കൂടി വർധിപ്പിച്ച് 3,562 ആക്കി. റൂറൽ റിന്യൂവൽ സ്ട്രീമിന് 57 സീറ്റുകൾ അധികമായി ലഭിച്ചതോടെ ആകെ വിഹിതം 1,057 ആയി ഉയർന്നു.
മറ്റ് പ്രധാന സ്ട്രീമുകളിൽ, ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി സ്ട്രീമിന് 6 സീറ്റുകൾ കൂടി നൽകി 156 ആക്കി. ഡെഡിക്കേറ്റഡ് ഹെൽത്ത് കെയർ പാത്ത്വേസിന് 18 സീറ്റുകൾ വർധിപ്പിച്ച് 518 ആക്കി മാറ്റി. ആക്സിലറേറ്റഡ് ടെക് പാത്ത്വേയ്ക്കും പ്രയോറിറ്റി സെക്ടർ ഡ്രോകൾക്കും 19 സീറ്റുകൾ വീതം വർധിച്ച് നിലവിലെ വിഹിതം 619 വീതമായി. അതേസമയം, ലോ എൻഫോഴ്സ്മെന്റ് പാത്ത്വേയുടെ വിഹിതത്തിൽ 26 സീറ്റുകളുടെ കുറവ് വരുത്തി പുതിയ വിഹിതം 12 ആക്കി കുറച്ചു. ഒൻട്രപ്രണർ സ്ട്രീമുകൾക്കുള്ള വിഹിതം 30 സീറ്റുകൾ കുറച്ച് 60 ആയും പുനർനിർണ്ണയിച്ചിട്ടുണ്ട്.
ജൂലൈ 30 വരെയുള്ള കണക്കുകൾ പ്രകാരം, AAIP വഴി ആൽബർട്ട 3,892 നോമിനേഷനുകൾ നൽകിക്കഴിഞ്ഞു. ഇതിൽ ഏറ്റവും കൂടുതൽ നോമിനേഷനുകൾ നൽകിയത് ആൽബർട്ട ഓപ്പർച്യൂണിറ്റി സ്ട്രീമിലൂടെയാണ് .2,085 നോമിനേഷനുകൾ ഇതുവഴി നൽകി. റൂറൽ റിന്യൂവൽ സ്ട്രീം വഴി 613-ഉം, പ്രയോറിറ്റി സെക്ടർ ഡ്രോകൾ വഴി 420-ഉം, ടെക് പാത്ത്വേ വഴി 388-ഉം, ഹെൽത്ത് കെയർ പാത്ത്വേ വഴി 220-ഉം, ടൂറിസം സ്ട്രീം വഴി 129-ഉം, ഒൻട്രപ്രണർ സ്ട്രീമുകൾ വഴി 30-ഉം നോമിനേഷനുകൾ ഇതുവരെ നൽകി. ലോ എൻഫോഴ്സ്മെന്റ് പാത്ത്വേയിൽ 10-ൽ താഴെ നോമിനേഷനുകളാണ് നൽകിയിട്ടുള്ളത്.
ഇതുകൂടാതെ, ഫെഡറൽ മുൻകൈയുടെ ഭാഗമായി ഫിസിഷ്യന്മാർക്കും (Practice-ready physicians) ഫ്രാങ്കോഫോൺ അപേക്ഷകർക്കുമായി 65 നോമിനേഷനുകൾ വേറെയും നൽകിയിട്ടുണ്ട്. പുതിയ വിഹിതം കൂടി കണക്കിലെടുക്കുമ്പോൾ, ജൂലൈ അവസാനത്തോടെ ആൽബർട്ടയിൽ ഇനി 2,711 നോമിനേഷൻ ഒഴിവുകളാണ് ബാക്കിയുള്ളത്.
2025-ൽ 6,603 നോമിനേഷൻ അനുവദിച്ചിരുന്നെങ്കിലും, ഫെഡറൽ സർക്കാരിന്റെ അഡ്മിനിസ്ട്രേറ്റീവ് ഇളവുകൾ കാരണം ആൽബർട്ട ആകെ 6,750 നോമിനേഷനുകൾ നൽകിയിരുന്നു. ഈ വർഷവും സമാനമായ ഇളവ് ഉണ്ടാകുമോ എന്ന് വ്യക്തമല്ല. 2026-ൽ ഗ്രാമീണ മേഖലകളിലെ കുടിയേറ്റത്തിനും ആരോഗ്യമേഖല, സാങ്കേതികവിദ്യ, നിർമ്മാണം, ഉൽപ്പാദനം/മാനുഫാക്ചറിംഗ്, ഏവിയേഷൻ, കൃഷി എന്നീ മേഖലകളിലെ തൊഴിലാളികൾക്കുമാണ് പ്രവിശ്യ പ്രധാനമായും മുൻഗണന നൽകുന്നത്. ഈ മേഖലകൾക്ക് പുറമെയുള്ള യോഗ്യരായ അപേക്ഷകരെയും പ്രോഗ്രാമിലേക്ക് പരിഗണിക്കുന്നതാണ്.
ലഭ്യമായ ഒഴിവുകളേക്കാൾ വളരെ കൂടുതലാണ് നോമിനേഷനായി കാത്തിരിക്കുന്നവരുടെ എണ്ണം. ജൂലൈ 30 ലെ കണക്കനുസരിച്ച് 36,948 വർക്കർ എക്സ്പ്രഷൻ ഓഫ് ഇന്ററസ്റ്റ് (WEOI) അപേക്ഷകളാണ് പൂളിലുള്ളത്. ഇതിൽ 62.4 ശതമാനവും ആൽബർട്ട ഓപ്പർച്യൂണിറ്റി സ്ട്രീമിലാണ്. മറ്റ് പ്രധാന സ്ട്രീമുകളിലെ അപേക്ഷകളുടെ എണ്ണം പ്രയോറിറ്റി സെക്ടർ ഡ്രോകളിൽ 4,963, ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി സ്ട്രീമിൽ 3,558, ആക്സിലറേറ്റഡ് ടെക് പാത്ത്വേയിൽ 2,136, റൂറൽ റിന്യൂവൽ സ്ട്രീമിൽ 1,850, ഡെഡിക്കേറ്റഡ് ഹെൽത്ത് കെയർ പാത്ത്വേസിൽ 1,332, ലോ എൻഫോഴ്സ്മെന്റ് പാത്ത്വേയിൽ 53 എന്നിങ്ങനെയാണ്.
Alberta increases immigration quota; here are the new changes.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla









