ബി.സി: ബ്രിട്ടീഷ് കൊളംബിയയിലുള്ള (B.C.) ഓകനഗൻ താഴ്‌വരയിൽ പടർന്നുപിടിക്കുന്ന കാട്ടുതീയെത്തുടർന്ന് മേഖലയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച വൈകുന്നേരത്തോടെ ആരംഭിച്ച കാട്ടുതീ മണിക്കൂറുകൾക്കുള്ളിൽ 100 ചതുരശ്ര കിലോമീറ്ററിലധികം വിസ്തൃതിയിലേക്ക് അതിവേഗം പടരുകയായിരുന്നു. ഇതോടെ പ്രദേശത്ത് നിർബന്ധിത ഒഴിപ്പിക്കൽ ഉത്തരവ് പുറപ്പെടുവിക്കുകയും 20,000-ത്തിലധികം ആളുകൾ വീടൊഴിഞ്ഞ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുകയും ചെയ്തു.
തീപിടുത്തത്തിനിടയിൽ ഒരാൾ കൊല്ലപ്പെട്ടോ സംശയത്തിൽ പൊലീസും (RCMP) ബി.സി. കോറോണേഴ്‌സ് സർവീസും സംയുക്തമായി അന്വേഷണം നടത്തുന്നുണ്ട്. സമ്മർലാൻഡിലെ മെഡോ വാലി പ്രദേശത്തുനിന്നും ഒഴിപ്പിച്ച ഒരു വ്യക്തി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഈ അന്വേഷണം. അതിനിടെ, ഫോൾഡർ മേഖലയിൽ തീ പെട്ടെന്ന് വളഞ്ഞതിനെത്തുടർന്ന് കുടുങ്ങിപ്പോയ 50-ലധികം ആളുകളെ ഹെലികോപ്റ്റർ മാർഗ്ഗമാണ് സൈന്യം എയർലിഫ്റ്റ് ചെയ്ത് രക്ഷപ്പെടുത്തിയത്. കാട്ടുതീ ബാധിത പ്രദേശങ്ങളിൽ ഇനിയും ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നറിയാൻ തിരച്ചിലും രക്ഷാപ്രവർത്തനവും ഊർജ്ജിതമായി തുടരുകയാണ്.
സമ്മർലാൻഡിൽ നിന്ന് ഒഴിപ്പിച്ച പതിനായിരത്തോളം ആളുകൾ അയൽനഗരമായ പെന്റിക്റ്റണിലേക്ക് എത്തിയതോടെ അവിടെ വൻ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. പെന്റിക്റ്റണിൽ വാർഷിക ‘പീച്ച് ഫെസ്റ്റ്’ ആഘോഷങ്ങൾ നടന്നു വരികയായിരുന്നതിനാൽ നഗരത്തിലെ സൗകര്യങ്ങൾ പരമാവധി പരിധിയിലായിരുന്നു. എന്നാൽ അടിയന്തര സാഹചര്യം കണക്കിലെടുത്ത് ഫെസ്റ്റിവൽ പരിപാടികൾ പൂർണ്ണമായും റദ്ദാക്കുകയും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുകയും ചെയ്തിട്ടുണ്ട്.
പ്രദേശത്തെ വയോജന മന്ദിരങ്ങളായ സമ്മർലാൻഡ് സീനിയേഴ്സ് വില്ലേജ്, ഡോ. ആൻഡ്രൂ പവലിയൻ എന്നിവടങ്ങളിൽ നിന്നായി 200-ലധികം വയോധികരെയും രോഗികളെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. കൂടാതെ ഇന്റീരിയർ വൈൽഡ് ലൈഫ് റിഹാബിലിറ്റേഷൻ സൊസൈറ്റിയിലുണ്ടായിരുന്ന വന്യജീവികളെയും ഉരഗങ്ങളെയും സുരക്ഷിതമായി ഒഴിപ്പിച്ചിട്ടുണ്ട്.
B.C. declares state of emergency
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





